ജി 20: മതവിദ്വേഷം, അസഹിഷ്ണുത, വിവേചനം എന്നിവയ്ക്കെതിരേ ലോകനേതാക്കളുടെ മുന്നറിയിപ്പ്
ന്യൂഡൽഹി: വ്യക്തികൾക്കും മതചിഹ്നങ്ങൾക്കും മതഗ്രന്ഥങ്ങൾക്കുമെതിരേയുള്ള അക്രമങ്ങൾക്ക് എതിരേ ജി 20 രാഷ്ട്രത്തലവന്മാരുടെ സംയുക്ത പ്രഖ്യാപനം.
മത-വിശ്വാസസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം സമാധാനപരമായി യോഗം ചേരാനും സംഘടന രൂപീകരിക്കാനുമുള്ള അവകാശം എന്നിവ സംരക്ഷിക്കണമെന്നും ലോകത്തിലെ ഏറ്റവും കരുത്തരായ രാജ്യങ്ങളുടെ ഭരണത്തലവന്മാർ അംഗീകരിച്ച ജി 20 ഉച്ചകോടിയുടെ ന്യൂഡൽഹി പ്രഖ്യാപനം ഓർമിപ്പിച്ചു.
മതചിഹ്നങ്ങളും വിശുദ്ധ ഗ്രന്ഥങ്ങളും അടക്കമുള്ള മതങ്ങളുടെ പ്രതീകങ്ങൾക്കു നേരേയും വ്യക്തികൾക്കുനേരേയുമുള്ള എല്ലാ വിദ്വേഷ പ്രവർത്തനങ്ങളെയും ലോകരാഷ്ട്രനേതാക്കൾ ശക്തമായി അപലപിച്ചു.
മതപരവും സാംസ്കാരികവുമായ വൈവിധ്യവും സഹിഷ്ണുതയും പരസ്പര ചർച്ചകളും പ്രോത്സാഹിപ്പിക്കണമെന്ന ഐക്യരാഷ്ട്ര പൊതുസഭയുടെ പ്രമേയം ചൂണ്ടിക്കാട്ടിയാണ് സംയുക്ത പ്രമേയത്തിലെ 78-ാം ഖണ്ഡികയിൽ മതവിദ്വേഷ അക്രമങ്ങളെ കർശനമായി അപലപിച്ചത്. 34 പേജുള്ള ന്യൂഡൽഹി പ്രഖ്യാപനം 83 ഖണ്ഡികകളായാണു തിരിച്ചിരിക്കുന്നത്.
മതസ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും, അഭിപ്രായ സ്വാതന്ത്ര്യവും യോഗം ചേരാനും സംഘടന രൂപീകരിക്കാനുമുള്ള അവകാശവുമെല്ലാം പരസ്പരബന്ധിതവും പരസ്പര ആശ്രിതവും പരസ്പരം ശക്തിപ്പെടുത്തുന്നതുമാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
എല്ലാ വിധത്തിലുമുള്ള അസഹിഷ്ണുതകൾക്കും മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിലുള്ള വിവേചനങ്ങൾക്കുമെതിരേയുള്ള പോരാട്ടത്തിൽ ഇവ വളരെ പ്രധാനപ്പെട്ടവയാണെന്നും അംഗരാഷ്ട്രങ്ങളെ ലോകനേതാക്കൾ ഓർമപ്പെടുത്തി.
പാക്കിസ്ഥാനിലെ പഞ്ചാബിൽ കഴിഞ്ഞ മാസം ക്രൈസ്തവ ദേവാലയങ്ങളും ബൈബിളും കത്തിച്ചതും, മണിപ്പുരിൽ 250ലേറെ ക്രൈസ്തവ ദേവാലയങ്ങളും വിശുദ്ധ ഗ്രന്ഥവും ബലിവസ്തുക്കളും കത്തിച്ചതും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മതന്യൂനപക്ഷങ്ങൾക്കു നേരേ നടക്കുന്ന അക്രമങ്ങളും വലിയ വാർത്തയായി.
കഴിഞ്ഞ ജൂണിൽ സ്വീഡനിൽ ഖുറാൻ കത്തിച്ച സംഭവവും തുടർന്ന് ബൈബിൾ കത്തിക്കാൻ സ്വീഡനിലെ പോലീസ് അനുമതി നൽകിയതും വൻ വിവാദമായിരുന്നു. കേരളത്തിലെ കാസർഗോട്ട് കഴിഞ്ഞ ജനുവരിയിൽ ബൈബിൾ കത്തിക്കുന്ന വീഡിയോ ഒരാൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതും മതവിദ്വേഷം വ്യാപകമാകുന്നതിന്റെ സൂചനയായിരുന്നു.
ആഗോളതലത്തിൽ രോഷം ഉയർത്തിയതുകൂടി കണക്കിലെടുത്താണ് ജി 20 ഉച്ചകോടിയിൽ മതവിദ്വേഷത്തിലൂന്നിയ അക്രമങ്ങളെ ശക്തമായി അപലപിച്ചത്.




- Advertisement -