മാനന്തവാടിയിൽ തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ഒൻപതുപേർ മരിച്ചു
മാനന്തവാടിയിൽ തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ഒൻപതുപേർ മരിച്ചു. തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം വയനാട്ടിലെ തോട്ടം തൊഴിലാളികൾ ആണ്. മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ഡ്രൈവറെ കൂടാതെ 12 പേരാണു ജീപ്പിലുണ്ടായിരുന്നത്.
മരിച്ചവരിൽ റാണി, ശാന്തി, ചിന്നമ്മ, ലീല എന്നിവരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. വാളാട് നിന്ന് തലപ്പുഴയിലേക്ക് തോട്ടം തൊഴിലാളികളുമായി പോവുകയായിരുന്ന ജീപ്പാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. 12 യാത്രക്കാരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാർ കയറുകെട്ടിയാണ് താഴേക്കിറങ്ങിയത്. അപകടത്തിൽപെട്ട പലരും സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്ന് നാട്ടുകാർ പറഞ്ഞു. പരുക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.