ഭാവന : അന്നമ്മ കൊച്ചമ്മയും ഓൺലൈൻ കൂട്ടായ്മയും | പ്രിജു ജോസഫ്

രണ്ട് മൂന്ന് ദിവസം ആയി തകർത്തു പെയ്യുന്ന മഴ. മൂന്ന് ദിവസം ആയി കൊച്ചമ്മ പുറത്ത് ഇറങ്ങിയിട്ട്. കൊച്ചമ്മ അടുക്കളഭാഗത്തെ ജനാലാവാതിൽകൂടി പുറത്തേക്ക് നോക്കി. കർക്കിടകത്തിൽ ഇട്ട കപ്പയുടെ നാമ്പു മുകളിൽ നില്ക്കുന്നത് കണ്ടു. വെള്ളം ഒന്ന് വലിഞ്ഞെന്ന് മനസിലായി. മുൻവശത്തെ കതക് തുറന്ന് പുറത്തേക്ക് കണ്ണോടിച്ചു. താഴത്തെ വീടുകളിലും, പറമ്പിലും വെള്ളം കയറി. ഭാഗ്യം കുറച്ചു പൊക്കത്തിരിക്കുന്ന എന്റെ വീട്ടിൽ മാത്രം വെള്ളം കയറിയില്ല.
അയൽക്കാർ കേൾക്കെ കൊച്ചമ്മ ഇങ്ങനെ വിളിച്ചു പറഞ്ഞു “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല”.
ഈ വാക്യം പറഞ്ഞുകഴിഞ്ഞു നോക്കിയതും കൊച്ചമ്മ ഞെട്ടി പോയി.
വീടിന്റെ വടക്കേമൂല ഇടിഞ്ഞു താണിരിക്കുന്നു.വീടിന്റെ അടിസ്ഥാനങ്ങൾ ഇളകി വീട് മറിഞ്ഞു പോയാൽ എന്ത് ചെയ്യും. നീതിമാനായ ദൈവത്തെ വിളിച്ചു കൊച്ചമ്മ അകത്തു കയറിപോയി.

ഈ ആപത്തു സമയത്ത് ഒന്ന് പ്രാർത്ഥിക്കാനായി
ജോൺസൺ പാസ്റ്റർ നടത്തുന്ന ഓൺലൈൻ കൂട്ടായ്മയുടെ ലിങ്കിൽ കയറി ക്ലിക്ക് ചെയ്തു നോക്കി. പക്ഷെ അതിൽ ഒന്നും വരുന്നില്ല. പലവട്ടം ക്ലിക്ക് ചെയ്തിട്ടും ആ ഓൺലൈൻ കൂട്ടായ്‌മയുടെ ലിങ്ക് പാഴും ശൂന്യമായി തന്നെ നിന്ന്. എപ്പോഴു പ്രവർത്തിച്ചു കൊണ്ടിരുന്ന ഓൺലൈൻ കൂട്ടായ്മ കാണാതായതോടെ കൊച്ചമ്മക്ക് അങ്കലാപ്പ് ആയി.എന്നാ പിന്നെ കൂട്ട് സഹോദരങ്ങളും, ഓൺലൈൻ കൂട്ടായ്മയുടെ സ്ഥിരം അംഗങ്ങളായ ബേബിച്ചന്റെയും, സൂസമ്മയുടെയും അടുത്ത് പോകാൻ കൊച്ചമ്മ തീരുമാനിച്ചു. കിട്ടിയ നേരിയത് വാരിചുറ്റി ചാറ്റൽ മഴയത്തു കുടയും ചൂടി അങ്ങോട്ട്‌ കുതിച്ചു.പോയ വഴിക്ക് സഭയിലെ യുവജനസഖ്യത്തിന്റെ സെക്രട്ടറി ഫേബമോൾ മഴ നനഞ്ഞു നിൽക്കുന്നു. എന്താ മഴ നനയുന്നെന്ന് കൊച്ചമ്മ ചോദിച്ചു. നല്ല മഴ, നല്ല കാറ്റ്, നല്ല കോട മഞ്ഞ്, പൊളി വൈബ് ഇന്റഗ്രാം റീൽസിന് വീഡിയോ എടുക്കുവാണെന്നു ഉത്തരം പറഞ്ഞു.
കൊച്ചമ്മക്ക് ഒന്നും മനസിലായില്ല.മഴ നനഞ്ഞാൽ പനിപിടിക്കും വീട്ടിൽ കയറി പോകാൻ പറഞ്ഞു കൊച്ചമ്മ നടന്നു നീങ്ങി.
അവരുടെ വീടിന്റെ കുറച്ചു അടുത്ത് എത്തിയപ്പഴേക്കും ബേബിച്ചന്റെ സങ്കീർത്തനം വായന കേൾക്കാം.കുറച്ചു കൂടി അടുത്ത് വന്ന് ശ്രദ്ധിച്ചപ്പോൾ സങ്കീർത്തനം വായനയുടെ ഈണത്തിൽ അരികൊമ്പന്റെയു, ചക്കകൊമ്പന്റെയും വാർത്ത വായന.സ്വാതന്ത്ര്യം ഉള്ള വീട് ആയത് കൊണ്ട് ഉള്ളിലേക്ക് കയറി ചെന്ന് കുടയുടെ പാത്തി വെച്ച് ബേബിച്ചന്റെ പുറകിൽ തട്ടിയിട്ട് ചോദിച്ചു ബൈബിൾ തന്നെ ആണോ ബേബിച്ചാ വായിക്കുന്നത്. സ്ഥലകാല ബോധം വീണ ബേബിച്ചൻ പറഞ്ഞു കൊച്ചമ്മേ രാവിലെ ബൈബിൾ വായിക്കാൻ മൊബൈൽ എടുത്തതാ. അപ്പോളാണ് വാർത്തയുടെ നോട്ടിഫിക്കേഷൻ വന്നത്, കൈ അറിയാതെ നോട്ടിഫിക്കേഷനിൽ മുട്ടി ഞാൻ വാർത്തയിലോട്ട് അങ്ങ് പോയി.

കൊച്ചമ്മ വന്ന കാര്യം വിശദീകരിച്ചു പറഞ്ഞു.ഇതെല്ലാം കേട്ട ബേബിച്ചായനും ഓൺലൈൻ കൂട്ടായമയുടെ ലിങ്കിൽ കയറി പരിശോധിച്ചു. നേരാണ് ഒന്നും കാണാനില്ല. ആ സമയം ആണ് പാൽക്കാരൻ ജോമോൻ അതു വഴി വന്നത്. ജോമോൻ അവരോട് ചോദിച്ചു: “നിങ്ങൾ അറിഞ്ഞോ വല്ലോം. ദേ ഫേസ്ബുക്കും, വാട്സപ്പോക്കെ ഒന്ന് നോക്കിക്കേ എവിടെയൊക്കെയോ ആരൊക്കെയോ കാണാനില്ലന്ന് പറയുന്നു, കർത്താവ് വന്നെന്ന് തോന്നുന്നു”. ബേബിച്ചായൻ തന്റെ ഭാര്യ സൂസമ്മയെ ആ സമയം തിരഞ്ഞു. സൂസമ്മയെ കാണാനില്ല, എല്ലാവർക്കും പേടിയായി.

അവസാനം സഭയിലെ പാസ്റ്ററെ വിളിക്കാൻ തീരുമാനിച്ചു.അങ്ങേ തലക്കൽ പാസ്റ്ററുടെ ശബ്ദം കേട്ട് കൊച്ചമ്മ ദൈവത്തെ മഹത്വപ്പെടുത്തി.
കാര്യങ്ങൾ കേട്ട പാസ്റ്റർ അവരുടെ അടുത്തെത്തി.നാളുകൾ ആയി ഓൺലൈൻ കൂട്ടായ്മ മാത്രം കൂടിയിരുന്ന അവരെ കണ്ടപ്പോൾ പാസ്റ്റർക്ക് വിഷമവും, സഹതാപവും തോന്നി.പാസ്റ്റർ അവരോട് പറഞ്ഞു: “പ്രിയ സഹോദരങ്ങളെ, നമ്മുടെ കർത്താവ് ഇതുവരെ വന്നിട്ടില്ല. ഈ കാലഘട്ടത്തിൽ അനേകം വ്യാജ വാർത്തകൾ നമ്മൾ കാണും കേൾക്കും. അതൊന്നും ആയിരിക്കല്ലേ നമ്മളെ വഴി നടത്തുന്നത്, നമ്മളെ വഴി നടത്തേണ്ടത് ദൈവ വചനം ആയിരിക്കണം. ആ സമയം കാണാനില്ലായിരുന്ന സൂസമാമ്മ കയറി വന്നു. എവിടെ പോയതാണ്ണന്നു ബേബിച്ചായൻ തിരക്കി.രാവിലെ തൊട്ട് ഓൺലൈൻകൂട്ടായ്മ കാണാതിരുന്നപ്പോൾ മൊബൈലിൽ കണ്ട ഒരു കൂട്ടായ്മക്ക് പോയതാണെന്നും
അവിടെ ചെന്നപ്പോൾ ഏതോ കുരുത്തകേട്ട പിള്ളേരുടെ വാട്സ്ആപ്പ് കൂട്ടായ്മ ആയിരുന്നെന്നും പിന്നെ തിരിച്ചു പോന്നെന്നും ഉത്തരം പറഞ്ഞു.

ഇതെല്ലാം കേട്ട പാസ്റ്റർക്ക് ദേഷ്യവും, വിഷമവും വന്നു. സകല നിയത്രണവും
എടുത്ത് അവരോട് ആ നഗ്ന സത്യം പറഞ്ഞു. എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ നിങ്ങൾ ഇതുവരെ കൂടിയിരുന്ന ഓൺലൈൻ കൂട്ടായ്മ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉപയോഗിച്ച് ആരോ നടത്തിയതാണെന്നും, നിങ്ങൾക്ക് പരിചയം ഉള്ള ജോൺസൺ പാസ്റ്ററെ കൃത്രിമമായി സൃഷ്ടിച്ചതാണന്നും, ഇതിന്റെ പുറകിൽ പ്രവർത്തിച്ച ആളുകൾ പോലീസ് കസ്റ്റഡിയിൽ ആണെന്നും, അങ്ങനെ ഉള്ള എല്ലാം ഓൺലൈൻ കൂട്ടായ്മയുടെ ലിങ്കുകൾ പോലീസ് നിരോധിച്ചന്നും പറഞ്ഞു. ഇത് കേട്ട കൊച്ചമ്മക്ക് ഇത്രയും നാൾ കൊടുത്തിരുന്ന ദശാംശത്തിന്റെയും, സ്തോത്രകാഴ്ചയുടെയും പൈസയോർത്തു കണ്ണിൽ ഇരുട്ട് കയറി, തല കറങ്ങി, ബിപി കൂടി, കൊച്ചമ്മയെ കസേരയിൽ ഇരുത്തി ബിപി യുടെ ഗുളികയും വെള്ളവും കൊടുത്തു നോർമൽ ആയപ്പോൾ പാസ്റ്റർ വീണ്ടും തുടർന്നു.
“പ്രിയപെട്ടവരെ,ഈ കാലഘട്ടത്തിലും, വരാനിരിക്കുന്ന കാലഘട്ടത്തിലും സംഭവിക്കുന്ന വലിയൊരു ദുരന്തം ആയിരിക്കും പ്രായഭേദംമെന്യേ ആളുകൾ ഓൺലൈൻ കൂട്ടായ്മകളുടെ അടിമകൾ ആകുക. ഒരു പക്ഷെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സംവിധാനം ഉപയോഗിച്ചു നടത്തുന്ന ചർച്ചുകൾ കേരളത്തിലും വന്നേക്കാം. സഭാശുശ്രൂഷകന്മാർ വിവാഹത്തിനും, ശവ അടക്കത്തിനും ഇങ്ങനെ ചുരുക്കം ചില
സന്ദർഭങ്ങളിൽ കാണുന്ന ആളുകൾ ആയി മാറും. സഭയിൽ ഒഴിഞ്ഞു കിടക്കുന്ന കസേരകളുടെ എണ്ണം കൂടും,വരുന്ന തലമുറകൾക്ക് സഹോദര സ്നേഹം നഷ്ടപ്പെടും, പ്രതിസന്ധിഘട്ടങ്ങളിൽ കിട്ടുന്ന പ്രാർത്ഥന കൈത്താങ്ങലുകൾ ഇല്ലാതാകും, ഒന്നിച്ചുള്ള ആരാധനയിൽ കിട്ടുന്ന ആത്മീയ സന്തോഷം ഇല്ലാതാകും, ഏകാന്തതയുടെ തടവറയിലേക്ക് എന്നന്നേക്കുമായി തലമുറകൾ നീങ്ങും. ഇങ്ങനെ ഉണ്ടാകാതിരിക്കാൻ സൂക്ഷിക്കണം” എന്നു അവരെ പാസ്റ്റർ ബുദ്ധി ഉപദേശിച്ചു.അവർ പുതിയ ഒരു തീരുമാനത്തിലെത്തി. പാസ്റ്റർ സഭയിൽ മടങ്ങി ചെന്ന് സഹോദരങ്ങളെയും മേസ്തിരിയെയും കൂട്ടി കൊച്ചമ്മയുടെ വീടിന്റെ ഇടിഞ്ഞ മൂല ശെരിയാക്കി കൊടുത്തു. യഥാർത്ഥ കൂട്ടയ്മയുടെ മഹത്വം തിരിച്ചറിഞ്ഞ കൊച്ചമ്മ ദൈവത്തെ മഹത്വപ്പെടുത്തി.

പ്രിജു ജോസഫ്, സീതത്തോട്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply