മണിപ്പൂർ: പ്രതിഷേധ സമാധാന റാലിയില്‍ ആയിരങ്ങൾ അണിനിരന്നു
തിരുവല്ല: മണിപ്പൂര്‍ കലാപത്തില്‍ പ്രതിഷേധിച്ച് എടത്വ, തലവടി, നെടുമ്പ്രം, മുട്ടാര്‍ എന്നീ പ്രദേശങ്ങളിലെ ക്രൈസ്തവ സഭകളുടെയും സാമൂഹിക സാംസ്‌കാരിക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സമാധാന റാലിയിലും സമ്മേളനത്തിനുമായി ആയിരങ്ങൾ അണിനിരന്നത്.
വിവിധ ക്രൈസ്തവ സഭകളിലെ നൂറുകണക്കിന് വൈദികര്‍, പാസ്റ്റര്‍മാര്‍, കന്യാസ്ത്രികള്‍ കൂടാതെ ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും റാലിയില്‍ അണിനിരന്നു. സമാപന സമ്മേളനം എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ സംയുക്ത സമിതി ചെയര്‍മാന്‍ റവ. ഡോ. വിജി വര്‍ഗ്ഗീസ് ഈപ്പന്‍ അധ്യക്ഷത വഹിച്ചു. സിഎസ്ഐ മുന്‍ മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ ഉമ്മന്‍, ഐ പി സി മുൻ ജനറൽ പ്രസിഡന്റും പവര്‍ വിഷന്‍ ചെയര്‍മാനുമായ പാസ്റ്റർ കെ.സി. ജോണ്‍, പുരോഗമന കലാ സാഹിത്യ സംഘത്തിലെ സി. അശോകന്‍, മുട്ടാര്‍ സെന്റ് ജോര്‍ജ്ജ് ഇടവക വികാരി ഫാ. സിറില്‍ ചേപ്പില, ജനറല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ബാബു തലവടി, ഫാ. ജോണ്‍ ചാക്കോ, റവ. റെജി തോമസ് ചാക്കോ, പ്രോഗ്രാം കണ്‍വീനര്‍ പ്രകാശ് പനവേലി, തലവടി ഗ്രാമപഞ്ചായത്ത് അംഗം സാറാക്കുട്ടി ഫിലിപ്പോസ്, ഫാ. ജോണ്‍ പടിപ്പുര, സിസ്റ്റര്‍ ടെസ്സി ആറ്റുമാലില്‍, സന്തോഷ് ഈപ്പന്‍, തോമസുകുട്ടി ചാലുങ്കല്‍, അഡ്വ. ബിജു സി. ആന്റണി, ഏബ്രഹാം ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ മൂന്നു മാസങ്ങളായി മണിപ്പൂരില്‍ പീഡിപ്പിക്കപെടുന്ന സഹോദരങ്ങള്‍, വീടുകള്‍, ദൈവാലയങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ തകര്‍ക്കപ്പെടുകയും അനേകം ജീവനുകള്‍ ഹനിക്കപ്പെടുകയും മനുഷ്യാവകാശം ലംഘിക്കപ്പെടുകയും മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന രീതിയില്‍ സ്ത്രികള്‍ കുട്ടമായി ബലാല്‍സംഗത്തിനു ഇരയാക്കപ്പെടുകയും ചെയ്യുന്ന മനുഷ്യത്വ രഹിതമായ പ്രവണതകള്‍ക്കെതിരെ ഭരണകൂട മനസാക്ഷി കണ്ണുതുറക്കുവാനും നീതിപീഠം ശക്തമായി ഇടപെടുവാനും വേണ്ടി എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പായിരുന്നു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.