മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം: സുപ്രീംകോടതി കേസെടുത്തു
ന്യൂഡൽഹി: മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ സുപ്രിംകോടതി സ്വമേധയാ കേസെടുത്തു. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാനും കോടതി കേന്ദ്ര സര്‍ക്കാരിനും മണിപ്പൂര്‍ സര്‍ക്കാരിനും നിർദേശം നൽകി.
സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. രണ്ട് സ്ത്രീകളും കൂട്ടബലാത്സംഗത്തിനിരകളായതായി ഒരു ഗോത്രസംഘടന പറഞ്ഞു. മെയ് നാലിന്, ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള കാങ്പോക്പി ജില്ലയിൽ നടന്ന സംഭവമാണിതെന്ന് ഐടിഎൽഎഫ് പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് നിഷ്‌ക്രിയത്വത്തെയും പ്രതിപക്ഷം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ അക്രമ സംഭവങ്ങളിലും സർക്കാരിന്റെ നിഷ്ക്രിയത്വത്തിലും പ്രതിപക്ഷം ശക്തമായി അപലപിച്ചു. മണിപ്പൂരിലെ വംശീയ കലാപത്തിൽ പ്രധാനമന്ത്രിയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വിറ്റർ പോസ്റ്റിൽ കൂടി കുറ്റപ്പെടുത്തി.