മണിപ്പുരിൽ ആരാധനാലയങ്ങളും വീടുകളും പുനർനിർമിക്കാൻ നടപടി വേണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: മണിപ്പുരിൽ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് ധനസഹായം നൽകുന്നതിനും വീടുകളും ആരാധനാലയങ്ങളും പുനർനിർമിച്ച് നൽകുന്നതിനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.
കുക്കി വിഭാഗക്കാർ നേരിടുന്ന ക്രൂരതകൾ വിവരിച്ച മണിപ്പുർ ട്രൈബൽ ഫോറം അഭിഭാഷകൻ കോളിൻ ഗോണ്‍സാൽവസിന്റെ വാദങ്ങൾ കേട്ട കോടതി മണിപ്പുരിൽ വിദ്വേഷ പ്രസംഗം നിയന്ത്രിക്കുന്നതിനും സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ബന്ധപ്പെട്ട എല്ലാ കക്ഷികളും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.
കുക്കി ഗോത്ര വിഭാഗക്കാർക്ക് സൈനിക സംരക്ഷണം നൽകണമെന്ന മണിപ്പൂർ ട്രൈബൽ ഫോറത്തിന്റെ ആവശ്യത്തിൽ, ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ സൈന്യത്തിന് യഥേഷ്ടം പ്രവർത്തിക്കുന്നതിന് അധികാരം നൽകുന്ന ഉത്തരവുകൾ കോടതിക്ക് പുറപ്പെടുവിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കഴിഞ്ഞ 72 വർഷമായി ഇന്ത്യൻ സൈന്യത്തിന് അത്തരം നിർദേശങ്ങൾ നൽകിയിട്ടില്ലെന്നും സൈന്യത്തിന്മേലുള്ള സിവിലിയൻ നിയന്ത്രണമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ മുഖമുദ്രയെന്നും ചൂണ്ടിക്കാട്ടി.