മണിപ്പുരിൽ വീണ്ടും സംഘർഷം; ഇംഫാലിൽ വീടുകളും ക്രിസ്ത്യൻ പള്ളിയും കത്തിച്ചു

ഇംഫാൽ: രണ്ടാഴ്ചയിലേറെ നീണ്ട ശാന്തതയ്ക്കു ശേഷം മണിപ്പുരിൽ വീണ്ടും സംഘർഷം. തലസ്ഥാനമായ ഇംഫാലിൽ മെയ്തെയ് വിഭാഗവും കുകി ഗോത്ര വിഭാഗവും ഏറ്റുമുട്ടിയതോടെ സ്ഥിതി നിയന്ത്രിക്കാൻ സൈന്യവും അർധസേനയും റൂട്ട് മാർച്ച് നടത്തി. വൈകിട്ടു 4 വരെയായിരുന്ന കർഫ്യൂ ഇളവ് ഉച്ചയ്ക്ക് ഒന്നുവരെയായി കുറച്ചു. സംസ്ഥാനമാകെ ഈ മാസമാദ്യം പ്രഖ്യാപിച്ച മൊബൈൽ– ഇന്റർനെറ്റ് വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി.

ഇംഫാലിലെ ന്യൂ ചെക്കോണിൽ കുകി വിഭാഗത്തിന്റെ ഏതാനും വീടുകളും ക്രിസ്ത്യൻ പള്ളിയും അഗ്നിക്കിരയാക്കി. മെയ്തെയ് വിഭാഗത്തിനൊപ്പം വിവിധ ഗോത്ര വിഭാഗങ്ങളും ഇതര സംസ്ഥാനക്കാരും തിങ്ങിപ്പാർക്കുന്ന സ്ഥലമാണിത്. ഇവിടെയുള്ള ചില കടകൾ അടച്ചിടണമെന്നാവശ്യപ്പെട്ട് കുകി വിഭാഗക്കാർ ഉച്ചയ്ക്കെത്തിയതോടെയായിരുന്നു സംഘർഷത്തിന്റെ തുടക്കം. ഇതിനുപിന്നാലെയാണ് ഉപേക്ഷിക്കപ്പെട്ട വീടുകളും പള്ളിയും മറുവിഭാഗം കത്തിച്ചത്. സംഘർഷത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കുകി വിഭാഗത്തിൽനിന്നുള്ള മുൻ എംഎൽഎ തങ്സാലം ഹാവോകിപ് ഉൾപ്പെടെ ഏതാനും പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മെയ്തെയ് വിഭാഗം ന്യൂനപക്ഷമായ മേഖലകളിൽ കൂടുതൽ സൈനികരെ വിന്യസിച്ചു.

ഇംഫാലിൽ മെയ്തെയ് വിഭാഗം ശനിയാഴ്ച വൻ പ്രകടനം നടത്തിയതോടെ സംഘർഷാന്തരീക്ഷം രൂപപ്പെട്ടിരുന്നു. കുകി ഉൾപ്പെടെയുള്ള വിഭാഗങ്ങൾ കടന്നുകയറിയവരാണെന്നും അവരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രകടനം. ഗോത്ര മേഖലകളെ പ്രത്യേക സംസ്ഥാനമോ കേന്ദ്ര ഭരണപ്രദേശമോ ആക്കുകയോ മിസോറമിനോടു ചേർക്കുകയോ വേണമെന്നാണ് കുകികളുടെ ആവശ്യം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു. ആവശ്യമെങ്കിൽ കൂടുതൽ സൈന്യത്തെ അയയ്ക്കുമെന്നു കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply