ഭാവന: കർത്താവിനും ഉണ്ടായിരുന്നെങ്കിൽ… | ദീന ജെയിംസ് ആഗ്ര
മത്തായിക്കുട്ടിപാസ്റ്ററിന്റെ നീണ്ട നാളത്തെ ആഗ്രഹം അങ്ങനെ സഫലമായി. ആഗ്രഹം എന്നതിലും ജിജ്ഞാസ എന്നുവേണം കരുതാൻ… സഭാശുശ്രൂഷകനായി അനേകവർഷങ്ങൾ സേവനമനുഷ്ഠിച്ചു, ഇന്നിപ്പോ 68മത്തെ വയസ്സിൽ വാർദ്ധക്യത്തിന്റെ അല്പമാറ്റങ്ങളൊക്കെ ശരീരത്തെ ബാധിച്ചതാൽ വിശ്രമജീവിതം നയിക്കുകയാണ് ഭക്തനായ അദ്ദേഹം. കൂട്ടായിട്ട് ദൈവം നൽകിയ ജീവിതസഖി ഓട്ടം പൂർത്തിയാക്കി നിത്യതയുടെ തീരമണഞ്ഞു. മക്കളൊക്കെ ഉപജീവനമാർഗ്ഗം തേടി അങ്ങുമിങ്ങും ചേക്കേറി. തിരുവചനധ്യാനവും പ്രാർത്ഥനയും പിന്നെ സന്തതസഹചാ രികളായ പുസ്തകങ്ങളുമാണ് ഇപ്പോൾ കൂട്ടായുള്ളത്.
ഏറെ നാളുകളായി പാസ്റ്ററിന്റെ മനസ്സിലുണർന്ന വലിയൊരു ചിന്തയാണ് ഇന്ന് സഫലമായതു. മറ്റൊന്നുമല്ല, ഈ സോഷ്യൽ മീഡിയ, വൈറലാകുക, ഫേസ്ബുക്ക് അങ്ങനെ തുടങ്ങി കുറെ പുതിയ വാക്കുകൾ കേൾക്കാൻ തുടങ്ങിയിട്ട് കുറെയായി. എവിടെ നോക്കിയാലും പ്രായഭേദമെന്യേ എല്ലാവരുമിപ്പോൾ ഈ ഫോണിൽ നോക്കിയിരിപ്പാണല്ലോ. ഏറിയ സമയവും എന്തൊക്കെയോ പരതുന്നു, കാണുന്നു, കേൾക്കുന്നു… എല്ലാവരുമിത്ര ഉത്സുകരായി അതിൽ ശ്രദ്ധ കേന്ദ്രികരി ക്കുന്നതിന്റെ പിന്നിലെ രഹസ്യം എന്താണ്? അതറിയാനായിരുന്നു മത്തായിപാസ്റ്ററിന് ആഗ്രഹം.
മൂത്തമകനോടൊരിക്കൽ ഈ ആഗ്രഹം പങ്കുവച്ചപ്പോൾ “അപ്പനീ വയസ്സുകാലത്തു ഇതിന്റെയൊന്നും ആവശ്യമില്ല “എന്ന് പ്രതികരിച്ചു. ഇന്നിപ്പോ കൊച്ചുമകൻ വേനലവധി പ്രമാണിച്ച് അപ്പച്ചനോടൊപ്പം കഴിയാൻ എത്തി. അവനാണ് ആഗ്രഹം സാധിപ്പിച്ചത്. ആരേലും ഫോൺ വിളിച്ചാൽ എടുക്കാൻ അറിയാം എന്നതിൽ കവിഞ്ഞ വലിയ ഗ്രാഹ്യമൊന്നും പാസ്റ്റർക്ക് ഫോണുമായില്ല. കൊച്ചുമോൻ അങ്ങനെ യല്ലല്ലോ…. അപ്പച്ചന്റെ ആഗ്രഹം കേട്ടപാടെ ആദ്യം അപ്പച്ചന് ഒരു ഫേസ്ബുക്ക് അക്കൗണ്ട് തുറന്നു പാസ്റ്റർ മത്തായിക്കുട്ടി എന്നപേരിൽ. പോരാത്തതിന് നല്ലൊരു കിടിലൻ ഫോട്ടോയും കൂടി അപ്‌ലോഡ് ചെയ്തു. പാസ്റ്റർക്ക് അല്പം ആശങ്കയുമുണ്ടായിരുന്നു. അപ്പച്ചൻ പേടിക്കാതെ ഞാനെല്ലാം സെറ്റ് ആക്കിതരാം…. കൊച്ചുമകൻ ആശ്വാസം പകർന്നു.
അരമണിക്കൂർ വേണ്ടി വന്നില്ല അപ്പച്ചൻ നോക്കിക്കേ, ഫ്രണ്ട് റിക്വസ്റ്റ് നൂറു കഴിഞ്ഞു.. വിജയശ്രീലാളിതനായി അവൻ നിന്നു. എന്നതാടാ, ഈ ഫ്രണ്ട് റിക്വസ്റ്റ് എന്നൊക്കെ പറഞ്ഞാൽ? അപ്പച്ചൻ തിരിച്ചു ചോദിച്ചു. ഫേസ്ബുക്കിനെ പറ്റിയുള്ള എല്ലാ വിവരങ്ങളും അവൻ അപ്പച്ചനെ പറഞ്ഞു മനസ്സിലാക്കി. സംഗതി കൊള്ളാമല്ലോടാ, പാസ്റ്റർ തന്റെ പഴയ കാല സുഹൃത്തുക്കളെ പലരെയും കണ്ടെത്തി. ശുശ്രൂഷിച്ചിരുന്ന സഭകളിലെ ഒട്ടുമുക്കാൽപേരെയും ഫേസ്ബുക്ക് വഴി വീണ്ടും കണ്ടു. ഫ്രണ്ട് റിക്വസ്റ്റ്കൾ നിരന്തരം വന്നുകൊണ്ടേയിരുന്നു. ചിലരൊക്കെ ഫോൺ വിളിച്ചു ചോദിച്ചു, പാസ്റ്റർ ഫേസ്ബുക്കിലും എത്തിയല്ലോ എന്ന്. ഏതായാലും ആഗ്രഹം സാധിച്ച സന്തോഷത്തിൽ അപ്പച്ചനും എന്തോ വലിയ കാര്യം അപ്പച്ചന് നേടിക്കൊടുത്ത അഭിമാനത്തോടെ കൊച്ചുമകനും നിർവൃതിയടഞ്ഞു.
ഇപ്പോൾ പാസ്റ്റർക്ക് ഉപയോഗിക്കുന്ന വിധങ്ങൾ ഏറെക്കുറെ പിടികിട്ടി. ഇടയ്ക്കൊക്കെ അതിനോടൊപ്പം ചിലവഴിക്കാൻ തുടങ്ങി. ഇടയ്ക്ക് കൊച്ചുമകൻ തമാശരൂപേണ അപ്പച്ചോ, പോക്കത്ര ശരിയല്ല ദൈവവുമായുള്ള ബന്ധം കുറഞ്ഞു ഫോണുമായുള്ള ബന്ധം കൂടിയെന്ന് തോന്നുന്നല്ലോ എന്ന്.
നല്ലത് എന്ന് തോന്നിയെങ്കിലും അടുത്തറിഞ്ഞു കഴിഞ്ഞപ്പോഴാണ് പാസ്റ്ററിനു ഇതിനുള്ളിലും ദൈവമക്കൾ എന്നഭിമാനിക്കുന്നവർ കാട്ടികൂട്ടുന്ന വേലത്തരങ്ങളുടെ കിടപ്പുവശം മനസ്സിലായത്. എന്തൊക്കെയാ ദൈവമേ?… വിശുദ്ധിയുടെ മൂടുപടം ധരിച്ചിരുന്ന പലരെയും കണ്ടു, വിമർശകർക്ക് യാതൊരു പഞ്ഞവുമില്ലല്ലോ ഇവിടെ…വിമർശനങ്ങൾ കമന്റ് രൂപേണ പോസ്റ്റ് ചെയ്യുന്നവർ, ആരേയും എന്തിനും ഏതിനും കുറ്റങ്ങൾ കണ്ടെത്തി പരസ്യമായി അവഹേളിക്കുന്നവർ, വ്യാജവർത്തമാനം പരത്തരുത് എന്ന ദൈവകല്പന അതേപടി ലംഘിക്കുന്നവർ…. ഹാ കഷ്ടം…പാസ്റ്റർ സ്വയം പറഞ്ഞു. വീട്ടുകാര്യവും സഭാകാര്യവുമൊക്കെ ചർച്ച ചെയ്യാനുള്ള പൊതുവേദിയായി മാറ്റി യിരിക്കുന്നു. എന്ത് സന്തോഷമാണിക്കൂട്ടർക്ക് കിട്ടുന്നത്? ദൈവനാമം ദുഷിക്കപ്പെടുവാൻ സ്വയം വഴിയൊരുക്കുവല്ലേ? മനുഷ്യൻ വിവേകഹീനനായി മാറിയാൽ പിന്നെന്ത് ചെയ്യും?
ആകെ വിഷണ്ണനായിരുന്ന പാസ്റ്ററിനോട് കൊച്ചുമകൻ പറഞ്ഞു ഇതാ അപ്പച്ചാ ഇപ്പോഴത്തെ ലോകം… ന്യൂ ജനറേഷൻ…
“മോനേ, ഇതൊന്നുമല്ല ലോകം, മറ്റുള്ളവരുടെ കുറ്റങ്ങളും പ്രസ്താവിച്ചു അന്യോന്യം കമന്റ് ഇട്ടും സന്തോഷം കണ്ടെത്തുന്നതല്ല. ആരേലുമിടുന്ന പോസ്റ്റിന് ആമേൻ അടിച്ചത്കൊണ്ട് വിശുദ്ധരായും ആത്മീകാരായയും ലോകം കണ്ടേക്കാം…. സ്വർഗരാജ്യം അവകാശമാകുകയില്ല.”
കർത്താവെ, ഒരു ഫേസ്ബുക്ക് അങ്ങേക്കും ക്കും ഉണ്ടായിരുന്നെങ്കിൽ അങ്ങ്
ഒരിക്കലെടുത്ത ചാട്ടവാർ ഇവന്മാർക്കൊക്കെവേണ്ടി വീണ്ടും പ്രയോഗിച്ചേനെ….
“എടാ മോനേ, ഏതായാലും എന്റെ ഈ ഫേസ് ബുക്ക് നീയങ്ങ് ഡിലീറ്റ് ചെയ്തേരെ, ഇതൊന്നും കാണുകയും കേൾക്കുകയും വേണ്ടല്ലോ. ഞാനിതൊക്കെ കാണുമ്പോൾ അറിയാതെ പ്രതികരിച്ചുപോകും…. ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടി ച്ചു,അവരോ അനേക സൂത്രങ്ങളെ അന്വേഷിച്ചു വരുന്നു എന്ന് സഭാപ്രസംഗി പറഞ്ഞത് എത്ര സത്യം!
നിരവധി പ്രയോജനങ്ങൾ ഉണ്ട് ഇതൊക്കെ വഴി, ദുരുപയോഗം ചെയ്യുകയും മറ്റുള്ളവർക്ക് ദോഷത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നത് എത്ര ശോചനീയമാണ്. ആരാ ഇവരെ ബോധവാന്മാരാക്കുക… ആ..സ്വയം ബോധവാന്മാരായാൽ നന്ന്…”
അങ്ങനെ മത്തായി പാസ്റ്ററിന്റെയുള്ളിൽ കത്തികൊണ്ടിരുന്ന ജിജ്ഞാസയുടെ തീയും കെട്ടടങ്ങി….
– ദീന ജെയിംസ് ആഗ്ര