ന്യൂനപക്ഷ വിദ്യാർഥി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: മദർ തെരേസ സ്കോളർഷിപ്പ്, പ്രഫ.ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ്, സി.എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ്, സിഎ, സിഎംഎ, സി.എസ്. സ്കോളർഷിപ്പ്, സിവിൽ സർവീസ് സ്കീം, എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പ്, സ്വകാര്യ ഐടിഐകളിൽ വിവിധ കോഴ്സുകൾക്ക് പഠിക്കുന്നവർക്കുള്ള ഫീ റീ ഇംപേഴ്സ്മെന്റ് സ്കീം എന്നിവയുടെ അപേക്ഷയാണ് ക്ഷണിച്ചത്.
രാജ്യത്തെ ന്യൂനപക്ഷങ്ങൾ ആയ ക്രിസ്ത്യൻ, മുസ്ലിം, സിഖ്, ബുദ്ധ, ജൈനർ, പാഴ്സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. ബിപിഎൽ വിഭാഗക്കാർക്ക് പ്രഥമ പരിഗണന ബിപിഎൽ വിഭാഗക്കാരുടെ അഭാവത്തിൽ എപിഎൽ വിഭാഗക്കാരിൽ എട്ടു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെയും സ്കോളർഷിപ്പിനായി പരിഗണിക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വെബ്സൈറ്റിൽ വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും ഉത്തരവിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ തിരുവനന്തപുരം വികാസ് ഭവനിലെ ന്യൂനപക്ഷ ക്ഷേമവകുപ്പുമായോ ജില്ലാ കളക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്ലുകളുമായോ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാം.
• മദർ തെരേസ സ്കോളർഷിപ്പ്
കേരളത്തിലെ ഗവണ്മെന്റ് നഴ്സിംഗ് കോജുകളിൽ നഴ്സിംഗ് ഡിപ്ലോമ, പാരാ മെഡിക്കൽ ഡിപ്ലോമ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ 45ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയവരായിരിക്കണം. ഇതിൽ 50 ശതമാനംസ്കോളർഷിപ്പ് പെണ്‍കുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. പ്രതിവർഷം 15000 രൂപയാണ സ്കോളർഷിപ്പ് തുക.
• പ്രഫ.ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ്
എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയവർക്കും, ബിരുദത്തിന് 80ശതമാനം മാർക്ക്, ബിരുദാനന്തര ബിരുദത്തിന് 75 ശതമാനം മാർക്ക് നേടി വിജയിച്ചവർക്കും അപേക്ഷിക്കാം. എസ്എസ്എൽസി, പ്ലസ് ടു വിഎച്ച്എസ്ഇ വിഭാഗത്തിന് 10,000 രൂപയും ബിരുദ, ബിരുദാനന്തര ബിരുദം എന്നിവയിൽ 15000 രൂപയും സ്കോളർഷിപ്പ് തുകയായി ലഭിക്കും.
• സി.എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ്
ബിരുദം, ബിരുദാന്തരബിരുദം, പ്രഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് സി. എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഹോസ്റ്റൽ സ്റ്റെെപ്പന്റ്, പ്രതിവർഷ സ്കോളർഷിപ്പ് ഇവയിൽ ഒന്നിന് അപേക്ഷിക്കാം. ബിരുദം 5000 രൂപ, ബിരുദാനന്തര ബിരുദം 6000 രൂപ, പ്രഫഷണൽ കോഴ്സുകൾ 7000 രൂപ, ഹോസ്റ്റൽ സ്റ്റൈപ്പന്റ് 13000 രൂപ എന്നിങ്ങനെയാണ് സ്കോളർഷിപ്പ് തുക.
• സിഎ, സിഎംഎ, സിഎസ് സ്കോളർഷിപ്പ്
സിഎ, സിഎംഎ, സിഎസ് കോഴ്സുകളിൽ ഫൈനൽ, ഇന്റർ മീഡിയറ്റ് യോഗ്യത നേടുന്നതിനായി പരിശീലന കോഴ്സുകളിൽ പങ്കെടുക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പ്രതിവർഷം 15000 രൂപ സ്കോളർഷിപ്പ് തുകയായി ലഭിക്കും.
• സിവിൽ സർവീസ് സ്കീം
സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ ഉദ്യോഗാർഥികൾക്ക് കോഴ്സ് ഫീ, ഹോസ്റ്റൽ ഫീസ് റീ ഇംപേഴ്സ്മെന്റ് നൽകുന്ന സ്കോളർഷിപ്പ് പദ്ധതിയാണിത്. കോഴ്സ് ഫീസ് ഇനത്തിൽ പ്രതിവർഷം 20,000 രൂപയും, ഹോസ്റ്റൽ ഫീസായി 10,000 രൂപയും സ്കോളർഷിപ്പ് തുകയായി ലഭിക്കും.
• എ.പി.ജെ അബ്ദുൽ കലാം സ്കോളർഷിപ്പ്
സർക്കാർ,എയ്ഡഡ്,സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ ത്രിവത്സര ഡിപ്ലോമ കോഴ്സിന് പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 30ശതമാനം സ്കോളർഷിപ്പ് പെണ്‍കുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. പ്രതിവർഷം 6000 രൂപ സ്കോളർഷിപ്പ് തുകയായി ലഭിക്കും.
• സ്വകാര്യ ഐടിഐകളിൽ വിവിധ കോഴ്സുകൾക്ക് പഠിക്കുന്നവർക്കുള്ള ഫീസ് റീ ഇംപേഴ്സ്മെന്റ് സ്കീം
പ്രൈവറ്റ് ഐടിഐ കളിൽ ഒരു വർഷം, രണ്ടു വർഷം കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഇതിൽ 10ശതമാനം സ്കോളർഷിപ്പ് പെണ്‍കുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. ഒരു വർഷ കോഴിസിന് 10,000 രൂപയും രണ്ടുവർഷ കോഴ്സിന് 20,000 രൂപയും എന്ന തോതിൽ ഫീസ് റീ ഇംപേഴ്സ്മെന്റ് ആയാണ് സ്കോളർഷിപ്പ് നൽകുന്നത്.