കരുനാഗപ്പള്ളിയിൽ സുവിശേഷവിരോധികളുടെ ആക്രമണം: ഏജി നേതൃത്വം അപലപിച്ചു

KE NEWS DESK

കരുനാഗപ്പള്ളി:അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജിയെയും ആരാധന സ്ഥലത്ത് കയറി സുവിശേഷ വിരോധികളായ എട്ടോളം പ്രവർത്തകർ മുഖം മൂടി ധരിച്ചു ഭീകരമായി ആക്രമിച്ച് പരുക്ക് ഏൽപ്പിച്ചു. 2023 ജനുവരി 15 ഞായറാഴ്ച രാവിലെ സഭയുടെ ആരാധനയ്ക്കുശേഷമാണ് സംഭവം നടന്നത്. രാവിലെ 11 മണിക്കു ആരാധന അവസാനിച്ച് സഭാംഗങ്ങൾ കുറച്ചു പേർ മടങ്ങി പോയിരുന്നു. മറ്റു ചിലർ താല്ക്കാലിക സഭാഹാൾ സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിൻ്റെ ഗേറ്റിൽ നില്ക്കുകയായിരുന്നു. ഹാളിനുള്ളിലെ ക്രമീകരണങ്ങൾ പാസ്റ്ററും ഭാര്യയും ചെയ്തു വരവെയാണ് ആക്രമിസംഘം ഹാളിലേക്കു ഇരച്ചു കയറി നിരന്തരം മർദ്ദിച്ചത്.

രണ്ടു പേരെയും നിരവധി തവണ മർദ്ദിച്ച് നിലത്തിടുകയും, നിലത്തിട്ടും അക്രമം തുടരുകയും ചെയ്തു. യാതൊരുവിധ പ്രകോപനവും ഉണ്ടാവാതെ ഇത്തരത്തിൽ ഏകപക്ഷീയ ആക്രമണമുണ്ടായതിൻ്റെ കാരണമെന്താണെന്നു ഞങ്ങൾക്കിപ്പോഴും മനസ്സിലാകുന്നുമില്ല.
രണ്ടു പേരും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ദൈവത്തിൽ വിശ്വസിക്കാനും ആരാധിക്കാനും ഭരണഘടനാനുസൃതം അവകാശമുണ്ടായിട്ടും അതിനനുവധിക്കുകയില്ലെന്ന തരത്തിൽ സാമൂഹ്യ വിരുദ്ധർ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ അപലപനീയമാണ്. ഞായറാഴ്ച്ച ക്രൈസ്തവർ വിശുദ്ധ ദിവസമായി ഉപവാസത്തോടും പ്രാർത്ഥനയോടും കഴിയുന്ന ദിവസമാണ്. പാസ്റ്റർ റെജിയും ഭാര്യയും അവരുടെ വിശ്വാസങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുക മാത്രമാണ് ചെയ്തതു എന്നിട്ടും പട്ടാപ്പകൽ അതിക്രൂരമായി മർദ്ദിച്ചിരിക്കുന്നു. ജീവനു തന്നെ ഭീഷണി ഉയർത്തുന്നു. സമാധാനത്തോടെ ജീവിക്കാനുള്ള അവകാശവും നിഷേധിക്കുന്നു.ഇത് അത്യന്തം ഹീനവും ക്രൂരവുമാണ്. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഈ ക്രൂരപ്രവൃത്തികളെ ശക്തമായി അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു.

ഭാരതത്തിൻ്റെ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളോടു കൂടി ജീവിക്കുവാൻ കഴിയുന്ന സാഹചര്യം ലഭ്യമാക്കി നീതി ഉറപ്പാക്കണമെന്നും ഗവൺമെൻറിനോടു സഭ ആവശ്യപ്പെടുന്നു. വിശ്വാസമാചരിക്കാനും ആരാധിക്കാനുമുള്ള അവകാശത്തിനു സംരക്ഷണം സർക്കാർ ഉറപ്പാക്കണമെന്നും. അക്രമികളെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവന്നു ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ വേണ്ട മുൻകരുതലുകളും സർക്കാർ സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നു.

സഭയുടെ സംസ്ഥാന കൗൺസിൽ മീറ്റിംഗിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ അദ്ധ്യക്ഷത വഹിച്ചു. സഭാ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. അസിസ്റ്റൻറ് സൂപ്രണ്ട് ഡോ.ഐസക് വി.മാത്യു, ട്രഷറാർ പാസ്റ്റർ പി.കെ.ജോസ്, മെമ്പർ പാസ്റ്റർ പി.ബേബി എന്നിവർ പ്രസംഗിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply