എഡിറ്റോറിയൽ: സാക്ഷരതയുള്ള സമൂഹത്തെ വാർത്തെടുക്കാം | ജെ. പി. വെണ്ണിക്കുളം
സെപ്റ്റംബർ 8 അന്തർദേശീയ സാക്ഷരതാ ദിനമാണ്. 1966 ഒക്ടോബർ 26 നാണ് ആദ്യമായി ഇങ്ങനെയൊരു ദിനത്തിന്റെ പ്രഖ്യാപനം യുനെസ്കോ നടത്തുന്നത്. 1967ൽ ആദ്യമായി സാക്ഷരതാ ദിനം ആചരിക്കുകയും ചെയ്തു. ഈ വർഷത്തെ ചിന്താവിഷയം ‘Transforming Literacy Learning Spaces’ എന്നതാണ്.
എഴുതാനും വായിക്കാനും ശ്രദ്ധിക്കാനും സംസാരിക്കാനുമൊക്കയുള്ള കഴിവിനെ സാക്ഷരത എന്നു വിളിക്കാം. എന്നാൽ യുനെസ്കോയുടെ നിർവചനം അനുസരിച്ച് “അച്ചടിച്ചതോ എഴുതപ്പെട്ടതോ” ആയ ഭാഷ സന്ദർഭോചിതമായി മനസ്സിലാക്കാനും ബോദ്ധ്യമാകാനും സൃഷ്ടിക്കാനും വിനിമയം ചെയ്യാനും ഗണിക്കാനും ഉപയോഗിക്കാനുമുള്ള കഴിവിനെയാണ് സാക്ഷരത എന്നു പറയുന്നത്. ഏതൊരു വ്യക്തിയുടെയും ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനും അറിവും ശേഷിയും വർദ്ധിപ്പിക്കാനും പൂർണ്ണമായി സമൂഹത്തിന്റെ ഭാഗഭാക്കാകുവാനും ഉതകുന്ന അവഗാഹം നേടുന്നതിനുള്ള നിരന്തര പഠനങ്ങൾ ഉൾക്കൊള്ളുന്നതാണ് സാക്ഷരത.
ലോകത്തിൽ 78 കോടിയിൽപരം സാക്ഷരരല്ലാത്ത ആളുകൾ ഉണ്ടെന്നാണ് യുനെസ്കോയുടെ കണക്കുകൾ പറയുന്നത്. ആധുനിക കാലത്ത് വിദ്യാഭ്യാസം കൊണ്ട് ഉന്മൂലനം ചെയ്യാവുന്ന ഒരു സാമൂഹിക പ്രശ്നമാണ് നിരക്ഷരത. സാക്ഷരത പഠനത്തിന്റെ ഒരു തുടർച്ചയാണ്. ഇത് വ്യക്തികളെ തങ്ങളുടെ ലക്ഷ്യങ്ങൾ നേടാനും അറിവും സാദ്ധ്യതകളും വികസിപ്പിക്കാനും അതിലുപരി പൊതുസമൂഹത്തിലും ഇടപെടാനും സഹായിക്കുന്നു. സാക്ഷരതയുടെ സാധ്യതകൾ മങ്ങിപ്പോയ പലരുണ്ട്. എല്ലാവർക്കും എല്ലായിടത്തും ഓൺലൈൻ പഠന സൗകര്യങ്ങൾ ലഭ്യമല്ലല്ലോ. ഓൺലൈൻ പഠനം വഴി വലിയ സാമ്പത്തിക ചിലവുകൾ ഉണ്ടാകുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മേഖലകളിൽ ഈ അസൗകര്യം നന്നേ പ്രകടമാണ്. സ്വന്തമായി ഒരു ഫോൺ വാങ്ങാൻ കഴിവില്ലാത്ത എത്രയോ ആളുകളുണ്ട്. ഇവിടെയാണ് 5ജിയും 6ജിയും ഒക്കെ വരാൻ പോകുന്നതെന്ന് ഓർക്കണം! എല്ലാവർക്കും സാക്ഷരത ലഭിക്കണം. അതിൽ സ്ത്രീ പുരുഷ വേർതിരിവുകൾ പാടില്ല.
അസ്വസ്ഥതയിൽ നിന്നും പ്രത്യാശയിലേക്കുള്ള പാലമാണ് സാക്ഷരത എന്നാണ് കോഫി അന്നാൻ പറഞ്ഞത്. ലോകത്തെ മാറ്റിമറിക്കാൻ കഴിവുള്ള ശക്തമായ ആയുധമാണ് വിദ്യാഭ്യാസം എന്നു നെൽസൻ മണ്ടേല അഭിപ്രായപ്പെട്ടിട്ടുണ്ട്. സാക്ഷര സമൂഹത്തെ വാർത്തെടുക്കാനുള്ള ഉത്തരവാദിത്തം നമുക്കുമുണ്ട്. കേരള സർക്കാരിന്റെ സാക്ഷരതാ മിഷൻ പോലെയുള്ള പ്രവർത്തനങ്ങൾ ധാരാളം പ്രവർത്തന സാധ്യതകൾ നൽകുന്നുണ്ട്. ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്ററസി സയന്റിഫിക് & ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് 1956 അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് കേരളസര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ 1998 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ് സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി. പഠിക്കുന്നതിന് പ്രായം ഒരു വിഷയമേയല്ല. അതുകൊണ്ടു എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കണം. അതിനുള്ള വഴികൾ ഉണ്ടാകണം. അതിലൂടെ നല്ല മനുഷ്യരെ വാർത്തെടുക്കാൻ കഴിയണം. ഈ ലക്ഷ്യത്തോടെയാകണം നമ്മുടെ പ്രവർത്തനങ്ങൾ.