കോഴഞ്ചേരി: മാരാമണ്‍ കണ്‍വന്‍ഷന്റെ 127-ാമത് മഹായോഗം ഫെബ്രുവരി 13 ഞായറാഴ്ച മുതല്‍ 20 ഞായറാഴ്ച വരെ മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കിയ പന്തലില്‍ നടക്കും.
ഫെബ്രുവരി 13-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്താ അദ്ധ്യക്ഷത വഹിക്കും.
മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവാ, ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവാ, ബിഷപ്പ് ദിലോരാജ് ആര്‍. കനകസാബെ- ശ്രീലങ്ക (ആംഗ്ലിക്കന്‍ ബിഷപ്പ്, കൊളംബോ), റവ.ഡോ.ജോണ്‍ സാമുവേല്‍ പൊന്നുസാമി-ചെന്നൈ (ഗുരുകുല്‍ സെമിനാരി അദ്ധ്യാപകന്‍), റവ.അസിര്‍ എബനേസര്‍- (നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി), മാര്‍ ഔഗേന്‍ കുര്യാക്കോസ് മെത്രാപ്പൊലീത്താ, ബിഷപ്പ് മലയില്‍ സാബു കോശി ചെറിയാന്‍, കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്താ എന്നിവര്‍ ഈ വര്‍ഷത്തെ മുഖ്യ പ്രസംഗകരാണ്.
കോവിഡ്-19 മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശപ്രകാരം ഫെബ്രുവരി മൂന്നാം വാരം നിലവിലിരിക്കുന്ന കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്. ഓരോയോഗത്തിലും പങ്കെടുക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണം വളരെ പരിമിതമാകയാല്‍ ലൈവ് ടെലികാസ്റ്റിംഗ് പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.
തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10.00 നും, വൈകിട്ട് 05.00 നും നടക്കുന്ന പൊതുയോഗങ്ങള്‍ക്കു പുറമെ രാവിലെ 7.30 മുതല്‍ 8.30 വരെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി സംയുക്ത ബൈബിള്‍ ക്ലാസ്സുകളും നടക്കും. കുട്ടികള്‍ക്കായുള്ള ബൈബിള്‍ ക്ലാസുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 7.30 ഓണ്‍ലൈനായി നടത്തും. 17-ാം തീയതി ബുധനാഴ്ച രാവിലെ 10.00 ന് എക്യുമെനിക്കല്‍ സമ്മേളനത്തില്‍ വിവിധ സഭകളുടെ മേലദ്ധ്യക്ഷന്മാര്‍ പങ്കെടുക്കും.
യുവജനങ്ങള്‍ക്കായുള്ള യുവവേദി യോഗങ്ങള്‍ വ്യാഴം മുതല്‍ ശനി വരെ 3.30 ന് ക്രമീകരിച്ചിട്ടുണ്ട്. കണ്‍വന്‍ഷനുവേണ്ടി പ്രത്യേക ഗായകസംഘത്തിന്റെ പരിശീലനം നടന്നുവരുന്നു.
പൂര്‍ണ്ണസമയ സുവിശേഷവേലയ്ക്കായി സമര്‍പ്പിച്ചിട്ടുള്ള 12 വയസിന് മുകളില്‍ പ്രായമുള്ളവരുടെ പ്രതിഷ്ഠാശുശ്രൂഷ കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ ശനിയാഴ്ച രാവിലെ 7.30 ന് നടക്കും.

- Advertisement -
