കൂനൂർ ഹെലികോപ്റ്റർ അപകടത്തിന്റെ കാരണം വെളിപ്പെടുത്തി അന്വേഷണ സംഘം
KE NEWS DESK | NEW DELHI, INDIA
ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേരുടെ മരണത്തിന് ഇടയാക്കിയ എംഐ-17 വി5 ഹെലികോപ്റ്റർ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വിട്ടു.
അപകട സമയത്ത് ഹെലികോപ്ടർ താഴ്ന്നായിരുന്നു പറന്നിരുന്നതെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യാത്രാമധ്യേ പെട്ടെന്ന് ഉണ്ടായ മേഘകൂട്ടത്തിൽ നിന്ന് മാറി സഞ്ചരിക്കുന്നതിനായിരുന്നു ഇത്തരമൊരു തീരുമാനമെടുത്തത്. പ്രദേശത്തുള്ള റെയിൽവേ ട്രാക്കിനെ പിന്തുടർന്നായിരുന്നു ഹെലികോപ്ടർ സഞ്ചരിച്ചിരുന്നത്. സംയുക്ത സൈനിക മേധാവിക്കൊപ്പമുണ്ടായിരുന്ന വിമാന ജീവനക്കാരെല്ലാം തന്നെ മാസ്റ്റർ ഗ്രീൻ വിഭാഗത്തിൽ ഉൾപ്പെട്ടവരും പരിചയ സമ്ബന്നരും ഭൂപ്രകൃതിയെ കുറിച്ച് അറിയാവുന്നവരുമായിരുന്നു. അതുകൊണ്ടു തന്നെയാണ് ഹെലികോപ്ടർ മേഘക്കൂട്ടത്തിൽ പെട്ടപ്പോൾ വിമാനം നിലത്തിറക്കാതെ താഴ്ന്ന് പറക്കാൻ തീരുമാനിച്ചത്. എന്നാൽ ഇങ്ങനെ ചെയ്തപ്പോൾ കിഴുക്കാംതൂക്കായ മലനിരകളിലെ പാറയിൽ ഇടിച്ച് അപകടം ഉണ്ടാകുകയായിരുന്നു. അപകടത്തിന് മുമ്ബ് ഹെലികോപ്ടറിൽ നിന്ന് സന്ദേശങ്ങളൊന്നും അടുത്തുള്ള സ്റ്റേഷനിലേക്ക് ലഭിച്ചിട്ടില്ലെന്ന് അന്വേഷണറിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ എർഫോഴ്സിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നേവി ഹെലികോപ്ടർ പൈലറ്റും ഒരു ആർമി ഉദ്യോഗസ്ഥനും ഉൾപ്പെട്ട അന്വേഷണ സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണസംഘം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന് ഇന്ന് നൽകി. പ്രതിരോധമന്ത്രിക്ക് പുറമെ മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർക്കും അപകടം സംബന്ധിച്ചുള്ള അന്വേഷണ വിവരങ്ങൾ ഇവർ കൈമാറും.