തിരുവനന്തപുരം: ഇന്ത്യയുടെ പ്രഥമ ബഹിരാകാശ ദൗത്യം കഴിഞ്ഞ്, സഞ്ചാരികളെ വഹിച്ചുള്ള ഗഗന്‍യാന്‍ പേടകം അറബിക്കടലില്‍ തിരികെയിറക്കും.
താരതമ്യേന ശാന്തമായതുകൊണ്ടാണ് അറബിക്കടലിനു മുന്‍ഗണന നല്‍കുന്നത്. അടുത്ത വര്‍ഷമാണു ഗഗന്‍യാന്‍ ദൗത്യം. ഗഗന്‍യാനിന്റെ ആളില്ലാ പരീക്ഷണം ഈ വര്‍ഷം ആദ്യ പകുതിയില്‍ നടക്കും. എന്തെങ്കിലും കാരണവശാല്‍ അറബിക്കടലില്‍ ഇറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ ബംഗാള്‍ ഉള്‍ക്കടലിലാകും പേടകം തിരിച്ചിറക്കുക.
ഗഗന്‍യാനിനു വേണ്ടി തിരഞ്ഞെടുക്കപ്പെട്ട നാലു യാത്രികരും റഷ്യയില്‍ 15 മാസം പരിശീലനം പൂര്‍ത്തിയാക്കി. ബെംഗളൂരുവിലെ ആസ്‌ട്രോനോട്ട് ട്രെയിനിങ് ഫെസിലിറ്റിയിലാണ് തുടര്‍ തയ്യാറെടുപ്പുകള്‍. 8,000 കിലോഗ്രാം ഭാരമുള്ള പേടകത്തിനു രണ്ടു ഭാഗങ്ങളുണ്ട്: ക്രൂ മൊഡ്യൂളും സര്‍വീസ് മൊഡ്യൂളും. ക്രൂ മൊഡ്യൂളിന് ഇരട്ടഭിത്തിയാണ്. ഭൗമാന്തരീക്ഷത്തില്‍ പേടകം തിരികെയെത്തുമ്ബോഴുണ്ടാകുന്ന കനത്ത ചൂട് അതിജീവിക്കാന്‍ ലക്ഷ്യമിട്ടാണിത്. ജിഎസ്‌എല്‍വി എംകെ3യുടെ പരിഷ്‌കരിച്ച പതിപ്പായ ഹ്യൂമന്‍ റേറ്റഡ് ലോഞ്ച് വെഹിക്കിളാണ് ദൗത്യത്തിന് ഉപയോഗിക്കുക.
തിരിച്ചിറങ്ങുന്ന പേടകത്തിന്റെ സ്ഥാനം കപ്പലിലുള്ള രക്ഷാദൗത്യസേനയ്ക്കു നിര്‍ണയിക്കാനാവും. രണ്ടു മണിക്കൂറിനകം യാത്രികരെ കപ്പലിലെത്തിക്കാനുള്ള സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തുക. അടിയന്തര സാഹചര്യത്തില്‍ അവര്‍ക്കു 2 ദിവസത്തോളം പേടകത്തില്‍ത്തന്നെ കഴിയാനുമാകും.