എഡിറ്റോറിയല്‍: മുല്ലപ്പെരിയാർ വീണ്ടും ചര്‍ച്ചയാകുമ്പോള്‍… | ബിനു വടക്കുംചേരി

 

2011 വര്‍ഷാവസാനം മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ ഭീഷണികള്‍ ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധങ്ങളും അത് ഏറ്റെടുത്ത് സാമുഹ്യമാധ്യമങ്ങളില്‍ ഒട്ടനവധി ചർച്ചകള്‍ നടന്നെങ്കിലും കേരള ജനതയുടെ ആശങ്കകള്‍ക്ക് ഒരു പരിഹാരമായില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം മുല്ലപ്പെരിയാർ വീണ്ടും ചര്‍ച്ചയാകുകയാണ്.
1890 കളിൽ സാധാരണക്കാരനു കുടിവെള്ളം എത്തിക്കാൻ മദ്ധ്യതിരുവിതാംകൂർ രാജാവ് കാട്ടിയ മഹാമനസ്സിന്റെ തിരിച്ചടിയാണ് കേരളത്തെ ഇന്ന് ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന മുല്ലപ്പെരിയാർ പ്രശ്നം. 810 ഏക്കർ സ്ഥലം മഹാരാജാവിന്റെ കാലത്ത് കരമൊഴിവായി ക്രമീകരിച്ചുകൊടുത്തപ്പോൾ 2450 Cubic metre വെള്ളം പച്ചമണ്ണിൻ ചുണ്ണാമ്പ് ഇടിച്ചുകൂട്ടിയ ആ പ്രത്യേക സംവിധാനത്തിൻ നിർത്തുവാനുള്ള അനുവാദമാണ് നല്കിയത്.
യാതൊരുവിധ സാങ്കേതികത്ത്വവുമില്ലാതെ നിർമ്മിച്ച ഈ അണക്കെട്ട് തലയ്ക്കുമുകളിൽ ആശങ്കയുമായി നിൽക്കുകയാണ്.

സംഭവിച്ചത് മറ്റൊന്നുമല്ല 1994 സെപ്റ്റംബറിൽ മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രത്യാഘാതം ബംശപാളികൾ വഴി കടന്നുവന്ന്, ആലപ്പുഴ തീരംവരെ എത്തി. അതിനുശേഷം അതിന്റെ വംശ പ്രത്യേകതകൾ മുല്ലപ്പെരിയാർ ഡാമിന്റെ 17 കി.മി അകലെ വരെ എത്തുകയും ഇന്ന് ഈ പ്രദേശം ഭൂകമ്പപ്രഭാവ കേന്ദ്രമായ് ശാസ്ത്രലോകം പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിനിടയിൽ ഡാമിൽ ഭീകരവിള്ളലുകൾ വീണിരിക്കുന്നു എന്ന വാർത്ത കേരളത്തെ അസ്വസ്‌ഥപ്പെടുത്തുമ്പോൾ നിരവധി ഘനയടിവെള്ളം, അതിലൂടെ ഉയർന്നു കൊണ്ടിരിക്കുകയാണ്. അത് ചോർച്ചയെ വ്യാപകമാക്കുകയാണ്. ഇങ്ങനെ ശോചനീയമായ അവസ്ഥയിൽ അണക്കെട്ടിനെകുറിച്ചുള്ള ആശങ്കകൾ നിലനിൽക്കെ തുടർ ഭൂചലനങ്ങളുടെ പരമ്പരയും, സംഭരണശേഷിയിലെ അളവിനേക്കാളും വെള്ളത്തിന്റെ വർദ്ധനവും ജനങ്ങളുടെ
ആശങ്ക ഇരട്ടിയാക്കുകയാണ്. കേരളവും – തമിഴ്നാടും ഒത്തുതീർപ്പാകുന്നതിനുമുമ്പ് തകരില്ലെന്നുള്ളതിന് ആർക്കാണു ഉറപ്പ്.? 30 ലക്ഷത്തിൽ പരം ജനങ്ങൾ ഡാം തകര്‍ച്ചയില്‍ തുടച്ചുനീക്കപ്പെട്ടാൽ ചരിത്രം മാപ്പ് തരില്ല. ഒരിക്കലും..!

തുടരെത്തുടരെയുള്ള പ്രളയത്തെയും, മഹാമാരികളെയും കഷ്ട്ടിച്ചു അതിജീവിച്ച കേരളത്തിനു മറ്റൊരു തകര്‍ച്ച ചിന്തിക്കുവാന്‍ കഴിയുന്നതല്ല. ഇനി മുല്ലപ്പെരിയാർ ഡാമിന്റെ മേഖലയിൽ ഒരു ഭൂകമ്പമുണ്ടായാൽ, ഡാം പൊട്ടിതകർന്ന് വെള്ളം കുത്തനെ കുതിച്ച് താഴേക്കിറങ്ങിയാൽ. ഇടുക്കി ചെറുതോണി യിലെ അണക്കെട്ടിനു ഇതിനെ വഹിക്കാൻ കഴിയാതെ വന്നാൽ … അതുകൂടി തകർന്ന് ജല ബോംബ്‌ സംഹാരതാണ്ഡവമാടിയാല്‍ കേരളത്തിലെ നാലു ജില്ലകളിലെ ദശലക്ഷം ജനങ്ങൾ ലോകത്തോട് വിടപറയുന്ന പ്രളയ കെടുതിയായിരിക്കുമത്
എന്നതിൽ സംശയമില്ല.

പുതിയതായി ഒരു ഡാം പണിയുക എന്ന ആശയത്തിനു മുന്നില്‍ വെല്ലുവുളികള്‍ ഏറെയാണ്.
പരിസ്ഥിതി ആഘാത നിർണ്ണയം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമ്പോള്‍ ഭൂകമ്പ സാധ്യതയുള്ള മേഖലയില്‍
പുതിയൊരു ഡാമിന് അനുമതി ലഭിക്കുക എന്നത് ശ്രമകരമാണ്, അഥവാ ലഭിച്ചാല്‍ തന്നെ ഡാം നിര്‍മ്മാണം കേരളത്തിനു പകരം തമിഴ്നാടിന്‍റെ നേതൃത്വത്തില്‍ ആണെങ്കില്‍ ആശങ്കകള്‍ അകലുവാന്‍ എത്ര നാള്‍ കാത്തിരിക്കണം എന്നത് വലിയൊരു ചോദ്യമായി അവശേഷിക്കും.
പ്രാകൃത സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ലോകത്തിലെ പത്ത് ഡാമുകളില്‍ ഒന്നാണ് മുല്ലപെരിയാര്‍ ഡാം. അതുകൊണ്ടുതന്നെ പുതിയൊരു ഡാം എന്ന കേരളത്തിന്‍റെ ആവശ്യം പൂര്‍ണമായും അംഗികരിക്കുവാന്‍ അധികാരികള്‍ക്ക് ഉത്തരവാദിത്തം ഉണ്ട്.
അടിയന്തിരമായി അണക്കെട്ടിലെ വെള്ളത്തിന്റെ അളവുകുറച്ച് , ലൈഫ് ജാക്കറ്റുകൾ വിതരണം ചെയ്തും, പരിസര നിവാസികളെ പുനരധിവസിപ്പിച്ച് എത്രയും പെട്ടെന്ന് ഡാം പണി പൂർത്തീകരിക്കുവാൻ ജനപ്രതിനിധികളും, മന്ത്രിമാരും ഒരുമിച്ചേ മതിയാക്കു, അല്ലെങ്കിൽ ചരിത്രത്തിൽ ഏറ്റവും വലിയ ദുരന്തത്തിനു സാക്ഷികളാകേണ്ടിവരും.

മഹാമാരിയും, പ്രളയവും തൽഫലമായുണ്ടായ കെടുതികളും നല്‍കുന്ന ആശങ്കകള്‍ക്കപ്പുറം ആശ നല്‍കുന്ന ദൈവസന്നിധിയില്‍ അഭയം പ്രാപിക്കാം, കഷ്ടകാലത്ത് വിളിച്ചപേക്ഷിക്കുന്ന ഏവര്‍ക്കും ഏറ്റവും അടുത്ത തുണ ആയിരിക്കുന്ന സര്‍വ്വശക്തനായ ദൈവം നമ്മെ എല്ലാവരെയും സംരക്ഷിക്കട്ടെ!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply