എഡിറ്റോറിയല്‍: പ്രതീക്ഷയോടെ ഉണരാം | സ്റ്റാന്‍ലി അടപ്പനാംകണ്ടത്തില്‍

2020 എന്ന വര്‍ഷം വളരെ ഉണര്‍വോടും പ്രതീക്ഷയോടും കൂടിയാണ് നാം സ്വാഗതം ചെയ്തത്. പുരോഗതിയില്‍ നിന്ന് പുരോഗതിയിലേക്കും ഉയര്‍ച്ചയില്‍ നിന്ന് ഉയര്‍ച്ചയിലേക്കും സമൃദ്ധിയില്‍ നിന്നും സമൃദ്ധിയിലേക്കുമുളള നമ്മുടെ പ്രയാണം തുടരുമെന്ന് നാം വിശ്വസിച്ചു. ട്വന്‍റി 20 എന്ന ഓമനപ്പേരില്‍ വിളിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പേ വമ്പന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. പേരിലെ പ്രത്യേകത നന്നായി ആസ്വദിച്ചു പ്രതീക്ഷയോടെ പ്രവേശിച്ചവര്‍ക്ക് ട്വന്‍റി ട്വന്‍റി നല്‍കിയതു ആനന്ദവും ഉണര്‍വുമല്ല, മറിച്ചു ആശങ്കകളും ദുഖങ്ങളും അനിശ്ചിതത്വങ്ങളും മാത്രം. വില്ലന്‍ മറ്റാരുമല്ല, കൊറോണയെന്ന ഒരു വൈറസ്. കൊവിഡ്-19 വൈറസിനെ കുറിച്ചുള്ള പഠനങ്ങളും പ്രതിരോധവുമെല്ലാം ലോകമെങ്ങും തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ലോകം മുഴുവന്‍ രോഗികളുടെ എണ്ണം 36460000ല്‍ പരവും മരണം 1062000വും കടന്ന് കുതിക്കുമ്പോള്‍ കോവിഡ് മനുഷ്യനെ മാറ്റി എന്നുവേണം നമുക്ക് പറയുവാന്‍. ഇന്നലെകളില്‍ ദുരന്തങ്ങളെ ഒന്നിച്ച് കീഴടക്കിയ നാം കോവിഡിനെ നേരിട്ടത് ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആയിരുന്നു. സാമൂഹിക അകലം മൂലം രോഗത്തെ അകറ്റാന്‍ നാം ശ്രമിച്ചു. കോവിഡ് വ്യാപിക്കുന്നതനുസരിച്ച് ഈ അകലവും കൂടിവന്നു. ഭക്ഷണം കഴിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും ജോലി ചെയ്യുമ്പോഴും അകലം പാലിച്ചു. ആഘോഷങ്ങളും ആഘോഷങ്ങളിലെ ആര്‍ഭാടങ്ങളും കുറഞ്ഞു. ജീവിതം ലളിതം ആകണമെന്ന് ആഗ്രഹിച്ചാലും പ്രാവര്‍ത്തികമാക്കുവാന്‍ ബുദ്ധിമുട്ടിയ പലരും ലളിതമായി കാര്യങ്ങള്‍ ചെയ്യുക എന്നത് പരിശീലിച്ചു കഴിഞ്ഞു. നാം തയ്യാറാക്കിവച്ചിരിക്കുന്ന മാസ്റ്റര്‍ പ്ലാനുകള്‍ വെറും നിസ്സാരമെന്നു കൊറോണ നമ്മെ പഠിപ്പിച്ചു.
ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടാന്‍ ഉള്ളതാണ് എന്ന് വിശ്വസിക്കുകയും അത് സംരക്ഷിക്കപ്പെടേണ്ടതിനു എന്തു ത്യാഗവും, വേണ്ടിവന്നാല്‍ എന്ത് അതിക്രമവും ചെയ്യുവാന്‍ തയ്യാറാക്കുന്ന ഒരു ജനവിഭാഗമായി മാറുന്ന യാത്രക്കിടയിലാണ് മനുഷ്യജീവന്‍ നിലനിര്‍ത്തേണ്ടതിനു ആചാരാനുഷ്ടാനങ്ങള്‍ ഉപേക്ഷിക്കുവാന്‍ മനുഷ്യന്‍ ഒരുമിച്ചു തയ്യാറാകും വിധത്തില്‍ ഒരു കാലഘട്ടം ഇപ്പോള്‍ വന്നുചേര്‍ന്നത്.
കുടുംബ ബന്ധങ്ങളിലെ ഊഷ്മളതയും സ്വകാര്യതയും നഷ്ടപ്പെട്ട കാലത്ത്, കോവിഡ് നമുക്ക് അല്പമെങ്കിലും ഒന്നിച്ചുള്ള കുടുംബ നിമിഷങ്ങളെ തിരികെ നല്‍കുന്നുണ്ട്. അല്പ വിഭവങ്ങളില്‍ സംതൃപ്തി കണ്ടെത്തുവാന്‍ സാധിച്ചത് ഈ കാലം നല്‍കുന്ന നല്ല പാഠങ്ങളില്‍ ഒന്ന് തന്നെ.
സമ്പത്തിനു വേണ്ടിയുള്ള പരക്കംപാച്ചിലിനിടയില്‍ അത് മാത്രമല്ല ജീവിതസൗഭാഗ്യമെന്നും, നമുക്ക് നമ്മളോട് മാത്രമല്ല, സമൂഹത്തിനോടും പ്രകൃതിയോടും കൂടി കടപ്പാടുണ്ടാകണമെന്നു ബോധ്യപ്പെടുത്തിയ കാലം കൂടി ആണ് ഇത്.
എല്ലാറ്റിനും മുകളില്‍ ശാസ്ത്രം ആണ് എന്നുള്ള അഹംഭാവവും എന്നാല്‍ ശാസ്ത്രത്തിന്‍റെ നിസ്സഹായതയും മുഖാ മുഖം കണ്ട നിമിഷങ്ങള്‍ ഈ കാലത്തിന്‍റെ പ്രത്യേകത തന്നെ ആണ്.
അവിടെ ദൈവശ്രയവും ദൈവഭക്തിയും വളര്‍ന്നു കാപട്യമില്ലാതെയും മറ്റുള്ളവരെ കാണിക്കാനല്ലാതെയും അതിഭാഷണമില്ലാതെയും ഇടനിലക്കാരെ കൂടാതെയും തയ്യാറാക്കപ്പെട്ട സമയ ക്രമം ഇല്ലാതെയും പ്രകടനങ്ങള്‍ നടത്താതെയും അഭിനയം കൂടാതെയും നമ്മെ കാണുന്ന കര്‍ത്താവ് നമ്മുടെ യാചന കേള്‍ക്കുമെന്ന വിശ്വാസത്തോടെ നാം ഇരിക്കുന്നിടത്ത് ഇറങ്ങി വരുമെന്നും തിരു പ്രവര്‍ത്തി അവിടെ വെളിപ്പെടുത്തുമെന്നും ആ സാന്നിധ്യം ഏറ്റവും ശ്രേഷ്ഠമെന്ന ഉറപ്പോടും അത് വേറെ ആയിരം ദിവസത്തേക്കാള്‍ ഉത്തമം എന്ന ബോധ്യത്തോടും കൂടെ പ്രാര്‍ത്ഥനാ മുറിയില്‍ നമ്മുടെ ദൈവത്തോട് അടുക്കുവാന്‍ ലഭിച്ച അവസരങ്ങള്‍. അത് ആത്മീയതയില്‍ വളരുവാന്‍ കൊറോണ നമ്മെ സഹായിച്ചില്ലേ…
കുടുംബത്തിനും, കുഞ്ഞുങ്ങള്‍ക്കും, പ്രാര്‍ത്ഥനകള്‍ക്കും, സമയം ഇല്ലാതെ ഉള്ള പരക്കം പാച്ചിലുകള്‍ക്ക് ഈ കാലം നമുക്ക് പാഠം ആകട്ടെ.
ആയതിനാല്‍ നമ്മുടെ രക്ഷകന്‍റെ ആഗമന നാളുകള്‍ അടുത്തു എന്നുറച്ച് നമുക്ക് ഉണരാം, ഒരുങ്ങാം.
മാറാനാഥാ.
സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ.
ജോയിന്റ് സെക്രട്ടറി ക്രൈസ്തവ എഴുത്തുപുര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply