ചെറു ചിന്ത: ബലഹീനനെ ബലവാനാക്കുന്ന ദൈവം | ജിബിൻ ജെ. എസ് നാലാഞ്ചിറ

ഏതു കാലത്തിലും മനുഷ്യരെ ഭയപ്പെടുത്തുന്ന ഒരു അവസ്ഥയാണ് അപകർഷതാബോധം ( Inferiority Complex ). എന്നെ കൊണ്ട് ഒന്നിനും കൊള്ളില്ല, എനിക്ക് സൗന്ദര്യം ഇല്ല, എനിക്ക് സംസാരിക്കാൻ അറിയില്ല, ഒരു വേദിയിൽ പ്രസംഗിക്കുവാൻ അറിയില്ല, പാടുവാൻ അറിയില്ല, ആരാധനകൾക്കു നേതൃത്വം കൊടുക്കുവാൻ അറിയില്ല… എന്നിങ്ങനെ വളരെയധികം ഭാരപ്പെടുന്ന ഒത്തിരിപേർ നമുക്കിടയിൽ ഉണ്ട്. പല അവസരങ്ങളും ജീവിതത്തിൽ കടന്നുവരുമ്പോൾ ഈ അപകർഷതാബോധം ഉള്ളിനകത്തു ഉള്ളത് കൊണ്ടാണ് നാം പലപ്പോഴും ഈ അവസരങ്ങളെ വേണ്ട എന്ന് പറഞ്ഞു മാറ്റി നിർത്തുന്നത്. എന്നാൽ ഈ നിഷേധാത്മകമായ രീതിയിൽ ചിന്തിക്കാതെ എല്ലാം ഒരു സംശയാതീതമായ രീതിയിൽ ചിന്തിച്ചുകൊണ്ട് മുമ്പോട്ട് പോയാൽ ഈ അപകർഷതാബോധം ഒക്കെ നമ്മെ വിട്ട് മാറുവാൻ ഇടയായി തീരും.

പുറപ്പാട് പുസ്തകം പഠിക്കുമ്പോൾ അവിടെ മോശ എന്ന ഒരു ഭക്തനായ ആത്മീയ നേതാവിനെ കാണുവാൻ സാധിക്കും. ദൈവത്തിന്റെ സ്വന്തം ജനമായ യിസ്രായേൽ മക്കളെ മിസ്രയീമിൽ നിന്ന് കനാൻ ദേശത്തേക്ക് നയിക്കുവാൻ വേണ്ടി ദൈവം തെരഞ്ഞെടുത്തപ്പോൾ, മോശ ദൈവത്തോട് ഒട്ടനവധി ഒഴിവുകൾ പറയുവാൻ ഇടയായി തീർന്നു. പ്രധാനമായും മോശ ദൈവത്തോട് പറഞ്ഞത് ഇപ്രകാരമാണ് ;
“മോശെ യഹോവയോടു: കർത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ചനാവുള്ളവനും ആകുന്നു എന്നു പറഞ്ഞു.” ( Exodus 4: 10 )
മോശ ആ നേതൃ സ്ഥാനത്തിൽ നിന്ന് ഒഴിയുവാൻ ഒട്ടനവധി കാരണങ്ങൾ നിരത്തുന്നുണ്ട്. എനിക്ക് സംസാരിപ്പാൻ അറിയില്ല, ഞാൻ ഒരു വിക്കാനാണ് എന്നൊക്കെ. പക്ഷെ ദൈവത്തിന്റെ മറുപടി വളരെയധികം പിടിച്ചു നിർത്തുന്നതായിരുന്നു. അദ്ദേഹത്തിന്റെ അപകർഷതാബോധത്തെ മാറ്റി ചിന്തിപ്പിക്കുന്നതായിരുന്നു. അതല്ലേ അവിടെ കാണുന്നത്;
“അതിന്നു യഹോവ അവനോടു: മനുഷ്യന്നു വായ് കൊടുത്തതു ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയതു ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക;
ഞാൻ നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും എന്നു അരുളിച്ചെയ്തു.” ( Exodus 4:11-12 )

പ്രിയരേ പലപ്പോഴും നമ്മുടെയും ജീവിതത്തിലും ഈ അപകർഷതാബോധം നമ്മെ വലിയ നിരാശയിലേക്ക് കൊണ്ടെത്തിക്കുന്നു. ഈ അപകർഷതാബോധം ഉള്ളത് കൊണ്ട് പലരും ഒറ്റപ്പെടുത്തുകയും കളിയാക്കുകയും ചെയ്യുമ്പോൾ ഭാരപ്പെടേണ്ട, ദൈവത്തിൽ ആശ്രയിച്ചാൽ മതി. ഇത്തരത്തിൽ അപകർഷതാബോധം ജീവിതത്തിൽ ആഞ്ഞടിക്കുമ്പോൾ പലരും നമ്മെ വളർത്തുന്നതിന് പകരം തളർത്തുകയാണ് ചെയ്യുന്നത്. എന്നാൽ വിളിയുള്ളവരെ തളർത്തുവാൻ മനുഷ്യർ എന്തൊക്കെ പരിശ്രമിച്ചാലും ആ പരിശ്രമം ഒക്കെ പരാജയമായി മാറും.

പ്രിയരേ, നമ്മുടെ ഇടയിലും ഇത്തരത്തിൽ അപകർഷതാബോധം ഉള്ളിൽ വലിയ വേദയോടെ എല്ലാം ഹൃദയത്തിൽ ഒതുക്കി ജീവിതയാത്ര ചെയ്യുന്ന ഒത്തിരിപേർ ഉണ്ടായേക്കാം. നമ്മുടെ ഭാഗത്തുള്ള ഒരു സഹായം അവരുടെ ജീവിതത്തിൽ വളർച്ചക്ക് കരണമായിത്തീരണം. ഒരിക്കലും നാം കാരണം ഒരു വെക്തി തളർന്നു പോകുവാൻ ഇടയായി തീരരുത്.
ദൈവം അനുകൂലമെങ്കിൽ പ്രതികൂലം ആർ.

ജിബിൻ ജെ.എസ് നാലാഞ്ചിറ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply