ലേഖനം: ഗുണമേന്മയുള്ള ഗുണം | ജെസ്സി അനീഷ്, സൗദിഅറേബ്യ
ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം.(ഫിലിപ്പിയർ 2:4)
ഈ വചനഭാഗത്തിൽ കൂടെ പൗലോസ് അർത്ഥമാക്കുന്നത് നാം സ്വാർത്ഥത ഉള്ളവരാകരുത് എന്നത്രേ..മറ്റൊരർത്ഥത്തിൽ പ്രിയമക്കൾ എന്ന പോലെ കർത്താവിനെ അനുകരിക്കുന്ന, അവന്റെ അനുയായികൾ എന്നഭിമാനിക്കുന്ന നമ്മിൽ ക്രിസ്തുവിലുള്ള ഗുണഗണങ്ങൾ എല്ലായ്പ്പോഴും പ്രതിഫലിച്ചു കാണേണ്ടതുണ്ട്.
ഉദാഹരണമായി നോക്കിയാൽ…നാമെല്ലാവരും നമുക്കായി എന്തെങ്കിലും വാങ്ങുമ്പോൾ ഗുണമേന്മയുള്ള സാധനങ്ങൾ വാങ്ങാൻ ശ്രദ്ധിക്കുന്നവരാണ്. അതേ പോലെ നാം മറ്റുള്ളവർക്ക് എന്തെങ്കിലും സാധനം വാങ്ങി കൊടുക്കുമ്പോഴും അത് ഗുണമേന്മയുള്ളതോ എന്ന് നോക്കാൻ നാം ശ്രദ്ധിക്കണം. അങ്ങനെ ചെയ്യുന്നവരെങ്കിൽ നമ്മിൽ ഉള്ളത് ഗുണമേന്മയുള്ള ഗുണമാണ്. ഇവിടെ ആമുഖമായി നൽകിയ ഫിലിപ്പിയലേഖനത്തിലെ ആ വചനത്തിന്റെ തൊട്ട് താഴെയുള്ള വാക്യത്തിൽ പറയുന്നു, ക്രിസ്തുവേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ എന്ന്, യേശുവിൽ ഉണ്ടായിരുന്ന ഭാവം നമുക്ക് അറിയാം, ചിന്തകളിൽ ഉണ്ടായ ചില മനോഭാവം പോലും തിരിച്ചറിഞ്ഞു തന്റെ മനോഭാവം വ്യക്തമാക്കിയതിന് ഉദാഹരണമാണ് ശീമോൻ എന്ന പരീശന്റെ വീട്ടിൽ ചെന്ന സ്ത്രീയെ കുറിച്ചുള്ള അവന്റെ ചിന്തയെ മനസ്സിലാക്കി യേശു ഉചിതമായ രീതിയിൽ മറുപടി കൊടുക്കയും സ്ത്രീയെ ബഹുമാനിക്കുകയും ചെയ്തത്.. മറ്റുള്ളവർക്ക് ദോഷം വരുന്ന ഒരു കാര്യവും ദൈവമക്കളായ നാം ചെയ്‍വാൻ പാടില്ല. പൗലോസ് ഗലാത്യലേഖനത്തിൽ പറയുന്നത് ഇപ്രകാരമാണ്.. സഹോദരന്മാരേ, ഒരു മനുഷ്യൻ വല്ല തെറ്റിലും അകപ്പെട്ടുപോയെങ്കിൽ ആത്മികരായ നിങ്ങൾ അങ്ങനെയുള്ളവനെ സൗമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ എന്നത്രേ, തെറ്റുകളെ സൗമ്യതയുടെ ആത്മാവിൽ ആ വ്യക്തിയോട് നേരിട്ടു പറഞ്ഞു ബോധ്യപ്പെടുത്തി യഥാസ്ഥാസ്ഥാനപ്പെടുത്തുവാനാണ് ദൈവാത്മാവ് നമ്മെ പഠിപ്പിക്കുന്നത്. തണുപ്പിക്കുന്നവന് തണുപ്പ് കിട്ടും എന്ന് ശലോമോൻ നമ്മെ ഓർമിപ്പിക്കുന്നു. ആ വിധത്തിൽ സഹോദരങ്ങൾക്ക് ഗുണം ചെയ്യുന്നവരായി തീരുവാൻ നമുക്ക് സാധിക്കട്ടെ.
മറ്റൊരു ഗുണമേന്മ ആണ് ക്ഷമിക്കുവാനുള്ള കൃപ. ദോഷം വിട്ടകന്നു ഗുണം ചെയ്ക, സമാധാനം അന്വേഷിച്ചു പിന്തുടരുക. എന്ന് സങ്കീർത്തനക്കാരൻ പറയുന്നു. അപ്പോൾ ദോഷം വിട്ടകലുന്നതും ഒരു ഗുണമാണ്. പലപ്പോഴും മറ്റുള്ളവർ നമ്മോട് ക്ഷമിക്കുവാൻ നാം ആഗ്രഹിക്കുന്നു. എന്നാൽ അതേ പോലെ തിരിച്ചു ക്ഷമിക്കുവാൻ നാം വിമുഖത കാണിക്കുന്നു.
കൂട്ടുസഹോദരന് ദോഷം ചെയ്ത ശേഷം ക്ഷമിക്കാൻ ആവശ്യപ്പെടുന്നു.എന്നാൽ ദോഷം ചെയ്യുന്നത് തെറ്റാണെന്നുള്ള ബോധം നമ്മിലുമുണ്ടായാൽ ക്ഷമ ചോദിപ്പിക്കാനോ, ക്ഷമ പറയിപ്പിക്കുവാനോ ഉദ്യമിക്കേണ്ടതായി വരുന്നില്ല.ദോഷം ചെയ്യുന്നതും ക്ഷമിക്കാൻ കഴിയാത്തതും ഒരേ പോലെ പാപം ആയിരിക്കെ, അറിഞ്ഞു കൊണ്ട് ഉപദ്രവിച്ച ശേഷം ഉപദ്രവം ഏറ്റയാൾ അതങ്ങ് ക്ഷമിക്കുവാൻ ആഗ്രഹിക്കുന്നത് അധർമ്മം അല്ലേ..? ചിന്തിക്കുക !
1 യോഹന്നാൻ 3:4-ൽ പാപം ചെയ്യുന്നവൻ എല്ലാം അധർമ്മവും ചെയ്യുന്നു; പാപം അധർമ്മം തന്നേ. എന്ന് നാം വായിക്കുന്നു. തീത്തൊസ് 2:14 -ൽ അവൻ നമ്മെ സകല അധർമ്മത്തിൽനിന്നും വീണ്ടെടുത്തു സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന്നു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു എന്ന് നാം തിരുവെഴുത്തിൽ വായിക്കുന്നു. അധർമ്മപ്രവൃത്തികളെ വിട്ടൊഴിഞ്ഞു സൽപ്രവൃത്തികളിൽ ശുഷ്‌കാന്തി ഉള്ള ഒരു ജനമായി തീരുവാൻ നമുക്ക് വേണ്ടി തന്നെത്താൻ കൊടുത്ത യേശുവിന്റെ കാൽചുവടുകളെ പിൻപ്പറ്റാം .സ്വന്ത ഗുണം മാത്രമല്ല, മറ്റുള്ളവന്റെ ഗുണം കൂടെ നോക്കുന്നവരായി ക്രിസ്തുയേശുവിന്റെ ഭാവം ഉള്ളവരായി തീരുവാൻ ദൈവം ഇടയാക്കട്ടെ.
ജെസ്സി അനീഷ്
സൗദിഅറേബ്യ




- Advertisement -