ചെറു ചിന്ത: തിക്കും തിരക്കും | ജോസ്ഫിൻ രാജ്
ഇപ്പോൾ വലിയ തിരക്കാണ്. രാവിലെ എട്ടു മണിക്ക് പ്രഭാതഭക്ഷണം കഴിച്ചെന്നു വരുത്തി ഓഫിസിലേക്കു ഓടിയിട്ട് വൈകുന്നേരം അഞ്ചു മണിവരെയും തിരക്കോടു തിരക്കാണ്. നിന്ന് തിരിയാൻ സമയമില്ല. ഞാൻ കയറുന്ന ബസും തിരക്കാണ്. ഒന്നിരിക്കാൻ സ്ഥലമില്ല. വികലാംഗ – വർധിക്യ റിസർവേഷൻ ഒന്നും ഫലപ്രദമല്ല പോലും. നിരത്തുകളിൽ ഇതുവരെയില്ലാത്ത തിരക്ക്. ഒരു ഹർത്താലോ ലോക്ക് ഡൌൺ വന്നാലോ ഇതിനു ശമനം കിട്ടുമായിരിക്കും. എല്ലാവർക്കും അവരുടെ സ്ഥാനങ്ങളിൽ എത്തണമെന്ന തിരക്ക്.
ഈ തിരക്കിനിടയിൽ ഒന്ന് എന്നെ ശ്രദ്ധിക്കുവാൻ അല്ലെങ്കിൽ കരുതുവാൻ ആരുമില്ല എന്ന തോന്നൽ തിരതല്ലുന്നുണ്ട്. എന്റെ ആവശ്യം ആരറിയുന്നുണ്ട്? അവന്റെ വസ്ത്രത്തിന്റെ അഗ്രം സ്പർശിച്ചപ്പോഴും ശിഷ്യർ പറഞ്ഞതും ഇതാണ് – “ഇവിടെയിതാ തിക്കും തിരക്കും”. ശിഷ്യർ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നറിയില്ല തങ്ങളും ഒരു വലിയ തിരക്കിൽ നിന്നും തിരഞ്ഞെടുക്കപെട്ടവരാണെന്നു.
തിക്കും തിരക്കിനുമിടയിൽ “എന്റെ ദാവീദ് പുത്രാ” എന്നുള്ള നിലവിളി തിരക്കുള്ള പലരുടെയും തിരക്കുകളെ ഡിസ്റ്റർബ് ചെയ്യുന്നണ്‌ടായിരുന്നു. അവരുടെ വാക്കുകളും ശിഷ്യർക്ക് സമാനം ആയിരുന്നു. “മിണ്ടാതിരിക്കു … ഈ തിരക്കിനിടയിൽ നിന്റെ നിലവിളി ആരും കേൾക്കയില്ല. തിരക്കൊന്നൊഴിയട്ടെ.”
ഈ തിരക്കിനിടയിൽ കുള്ളനായ ഞാൻ എങ്ങനെ ക്രിസ്തുവിനെ കണ്ടുമുട്ടും. തിക്കും തിരക്കുള്ളവർക്കിടയിൽ അത്തിമരമേ രക്ഷയുള്ളൂ. അത്തിമരത്തെ വിട്ടു താഴേക്ക് ഇറങ്ങിയപ്പോൾ തിരക്കിനിടയിലും ഒരു ദിവസം മാറ്റിവെക്കുന്ന ക്രിസ്തുവിനെ തനിക്കു ഒരിക്കലും മറക്കാനാവില്ല. ആ അനുഭവം പുതിയതായിരുന്നു.
തിരക്കിനിടയിലും നമ്മുടെ ശബ്ദം കേട്ട് നിൽക്കുവാൻ, എന്നെ മനഃപൂർവം തൊട്ടതു ആരെന്നു തിരക്കുവാൻ ക്രിസ്തുവിനു മാത്രമേ കഴിയു. ക്രിസ്തുവിനു തിരക്കില്ല. എല്ലാത്തിനും സമയമുണ്ട്. തനിക്കു പോകണമെന്ന് തിരക്ക് കൂട്ടുമെങ്ങിലും, തന്നോടൊപ്പം ഒരുനാൾ താങ്ങുവാൻ, അത്താഴം പങ്കിടുവാൻ തനിക്കു കഴിയും. നാം ഒന്ന് അതിനുവേണ്ടി തിരക്ക് കൂട്ടി നോക്കിയേ…അവൻ നമ്മോടൊപ്പം വസിച്ചു അപ്പം വാഴ്ത്തി നുറുക്കി നൽകും. നമ്മുടെ ഹൃദയം കത്തും, കണ്ണുകൾ
തുറക്കും.
ഒരു തിരക്കുമില്ലാതെ ഈ തിരക്കൊന്നുമില്ലാത്ത ലോക്ക് ഡോൺ കാലത്തിൽ നിർത്തുന്നു.
ജോസ്ഫിൻ രാജ്