കോവിഡ് 19 ഭീതി; ഡല്‍ഹിയിലെ പ്രൈമറി സ്‌കൂളുകള്‍ ഈ മാസം 31വരെ അടച്ചിടും
ന്യൂഡല്‍ഹി: കോവിഡി 19 രാജ്യത്ത് 30 ഓളം പേര്‍ക്ക് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ വിദ്യാലയങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനം. മുന്‍ കരുതല്‍ എന്ന നിലയില്‍ ഈ മാസം 31വരെ ഡല്‍ഹിയിലെ പ്രൈമറി സ്‌കൂളുകള്‍ അടച്ചിടുമെന്ന് വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.
കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ബയോമെട്രിക് ഹാജര്‍ സംവിധാനം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ വകുപ്പ് മേധാവികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നിവരോട് ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും സര്‍ക്കാര്‍ കത്ത് അയച്ചു.
ഇന്ന് ജയ്പൂരില്‍ ഒരാള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇന്ന് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 30 ആയി.
ഇതില്‍ ഇതില്‍ 16 പേര്‍ ഇറ്റലിയില്‍ നിന്നുള്ള ടൂറിസ്റ്റുകളാണ്. കോവിഡ് രോഗികള്‍ക്കായി ആഗ്രയില്‍ പുതിയതായി ഒരു കേന്ദ്രം ആരംഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ രാജ്യസഭയില്‍ പറഞ്ഞു.
അതിനിടെ വൈറസ് രാജ്യത്തും പടരുന്ന സാഹചര്യത്തില്‍ ഇത്തവണ ഹോളി ആഘോഷത്തിനില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ അറിയിച്ചിരുന്നു.
അതിനിടെ കോവിഡ് ബാധയെ തുടര്‍ന്ന് ലോകത്ത് 60 രാജ്യങ്ങളിലായി 3000ത്തിലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒരു ലക്ഷത്തോളം പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.