ചെറു ചിന്ത: ശുഭവചനത്താൽ നിറയേണ്ട ഹൃദയം | ജോസ് പ്രകാശ്

”എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു….”
(സങ്കീർത്തനങ്ങൾ 45:1).

ശുഭചിന്തകളാൽ നിറയുന്ന ഹൃദയത്തിൽ നിന്നു മാത്രമേ ശുഭവചനത്തിന്റെ കവിഞ്ഞൊഴുക്ക് സംഭവിക്കയുള്ളു. കാരണം ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാൻ കഴിയില്ലെന്നും “ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നാണ് വായ് സംസാരിക്കുന്നതു” എന്നും യേശു നാഥൻ മൊഴിഞ്ഞിട്ടുണ്ട് (മത്തായി 12:34).

ഹൃദയത്തിൽ എന്തു നിറഞ്ഞിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഫലം പുറത്തേക്ക് പുറപ്പെട്ടു വരുന്നത്.
വായിൽ നിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽ നിന്നു വരുന്നു; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.
എങ്ങനെയെന്നാൽ ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു
(മത്തായി 15:18-19).

മനുഷ്യനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു; അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽ നിന്നു തന്നേ നിരവധി അശുദ്ധ കാര്യങ്ങൾ പുറപ്പെടുന്നു.
ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നും യേശു നാഥൻ പറഞ്ഞിട്ടുണ്ട്
(മർക്കൊസ് 7:20-23).

നല്ലമനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടൻ ദോഷമായതിൽ നിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്താവിക്കുന്നതു (ലൂക്കോസ് 6:45).
സകല ഹൃദയങ്ങളെയും അറിയുന്ന സർവ്വേശ്വരനെയാണ് നാം സേവിക്കുന്നത്. ആകയാൽ അകമെ ശുദ്ധമായെങ്കിലേ പുറമെ അത് പ്രതിഫലിക്കയുള്ളു.

ആദിമ വിശ്വാസികൾ ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കി ഉല്ലാസത്തോടെ ഭക്ഷണം കഴിച്ച് ദൈവത്തെ സ്തുതിച്ച് സകല ജനത്തിന്റെയും കൃപ അനുഭവിക്കുക മാത്രമല്ല ചെയ്തത്. പ്രത്യുത അവർ തങ്ങളുടെ ഹൃദയത്തെ പരമാർത്ഥത കൊണ്ട് നിറച്ചു (പ്രവൃത്തികൾ 2:46, 4:32).

തങ്ങൾക്കുള്ളതു ഒന്നും സ്വന്തം എന്നു പറയാതെ; വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു. എങ്കിലും, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും അനന്യാസിന്റെ ഹൃദയത്തെ സാത്താൻ കൈവശമാക്കിയതു കൃപായുഗത്തിലെ സഭയ്ക്കുള്ള മുന്നറിയിപ്പാണ്
(പ്രവൃത്തികൾ 5:3).

നമ്മുടെ പൂർവ്വ പിതാക്കന്മാർ ദൈവത്തിനു കീഴ്പെടുവാൻ മനസ്സില്ലാതെ ദൈവത്തെ തള്ളിക്കളഞ്ഞു ഹൃദയം കൊണ്ടു മിസ്രയീമിലേക്കു പിന്തിരിഞ്ഞതിലെ പ്രഥമകാരണവും, അശുഭകാര്യങ്ങളാൽ നിറഞ്ഞ ഹൃദയത്തിൽ ശുഭകരമായി പ്രവർത്തിപ്പാൻ അവരെ അഭ്യസിപ്പിച്ച യിസ്രായേലിന്റെ പരിശുദ്ധനും വീണ്ടെടുപ്പുകാരനുമായ ദൈവത്തിനു പ്രഥമ സ്ഥാനം നൽകാത്തതായിരുന്നു (പ്രവൃത്തികൾ 7:39).

സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നമ്മുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കണമെങ്കിൽ ശുഭവചനത്താൽ നമ്മുടെ ഹൃദയത്തെ നിരന്തരം നിറക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ആകയാൽ യുഗാന്ത്യത്തിൽ ജീവിക്കുന്ന നമുക്ക് ദീർഘക്ഷമയോടെ നമ്മുടെ ഹൃദയങ്ങളെ സ്ഥിരമാക്കാം; കർത്താവിന്റെ പ്രത്യക്ഷത സമീപിച്ചിരിക്കുന്നു.

ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും എന്ന ഗുരുമൊഴിയെ ഗൗരവമായി അംഗീകരിക്കാം. ദൈവത്തിന്റെ ഇഷ്ടമോ നമ്മുടെ ശുദ്ധീകരണം ആകുന്നു എന്നതും മറക്കാതിരിക്കുക. ആകയാൽ ദുർന്നടപ്പു വിട്ടൊഴിഞ്ഞു എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിക്കാം. ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല.

ക്രിസ്തുവിൽ,
ജോസ് പ്രകാശ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply