ഐ.പി.സി. കർണ്ണാടക വാർഷിക കൺവൻഷനുകൾക്ക് ഇന്ന് തുടക്കം
കർണ്ണാടക ഐ.പി.സിയുടെ ചരിത്രത്തിൽ ആദ്യമായി വാർഷിക കൺവൻഷൻ മൂന്നു സോണുകളിൽ.
ജോസ് വലിയകാലായിൽ
ബെംഗളൂരു. ഐ.പി.സി. കർണ്ണാടക സംസ്ഥാന വാർഷിക കൺവൻഷൻ റായ്ച്ചൂരിൽ (നോർത്തേൺ സോൺ) ഇന്ന് (09.01.2020) ആരംഭിക്കും. കർണ്ണാടക ഐ.പി.സിയുടെ ഈ വർഷത്തെ വാർഷിക കൺവൻഷൻ മൂന്നു സോണുകളിലായി നടത്തപ്പെടും. വടക്കൻ കർണ്ണാടകയിലെ റായ്ച്ചൂർ പണ്ഡിത സിദ്ധരാമ ജമ്പലദിന്നി ജില്ലാ രംഗമന്ദിരത്തിൽ ഇന്നു മുതൽ ആരംഭിക്കുന്ന കൺവൻഷൻ ഐ.പി.സി. കർണ്ണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.എസ്. ജോസഫ് ഉദ്ഘാടനം ചെയ്യും.
തദ്ദേശീയരായ വിശ്വാസികളുടെയും ശുശ്രൂഷകരുടെയും കൂടുതൽ പങ്കാളിത്വവും സൗകര്യവും കണക്കിലെടുത്താണ് വാർഷിക കൺവൻഷൻ മൂന്നു സോണുകളിലായി നടത്തുവാൻ ഐ.പി.സി. കർണ്ണാടക നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. നാളിതുവരെയും ബാംഗ്ലൂരിൽ നടത്തി വന്നിരുന്ന കൺവൻഷനിൽ കർണ്ണാടകയുടെ 30 ജില്ലകളിൽനിന്നുമായി ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുത്തിരുന്നത് ദിവസങ്ങൾ യാത്ര ചെയ്താണ്. ഈ വർഷം വിശ്വാസികളും ശുശ്രൂഷകരും അതാതു സോണുകളിൽ കൺവൻഷന് എത്തിച്ചേരും. കൂടാതെ പ്രാദേശീയരായ ജനങ്ങളിലേക്ക് സുവിശേഷം എത്തിക്കുവാൻ ഇതിലൂടെ സാധിക്കുമെന്ന് സംഘാടകർ പ്രത്യാശിക്കുന്നു.
ഇന്ന് ആരംഭിക്കുന്ന റായ്ച്ചൂർ (നോർത്തേൺ സോൺ) കൺവൻഷനിൽ പാസ്റ്റർ കെ.എസ്. ജോസഫ് (ഐ.പി.സി. കർണ്ണാടക സ്റ്റേറ്റ് പ്രസിഡണ്ട്), പാസ്റ്റർ സാം ജോജ്ജ് (ഐ.പി.സി. ജനറൽ സെക്രട്ടറി), പാസ്റ്റർ വർഗീസ് ഫിലിപ്പ് (ഐ.പി.സി. കർണ്ണാടക സ്റ്റേറ്റ് സെക്രട്ടറി), പാസ്റ്റർ ജോസ് മാത്യു (ഐ.പി.സി. കർണ്ണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റ്), പാസ്റ്റർ റ്റി.ഡി. തോമസ് (ഐ.പി.സി. കർണ്ണാടക സ്റ്റേറ്റ് മുൻ പ്രസിഡന്റ്), പാസ്റ്റർ ജി.പി. തോമസ് (ഹൈദരബാദ്) എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. കൺവൻഷൻ ക്വയർ ഗാനങ്ങളാലപിക്കും. നോർത്തേൺ സോണിലെ 13 സെന്ററുകളിലെ വിശ്വാസികളും ശുശ്രൂഷന്മാരും യോഗങ്ങളിൽ പങ്കെടുക്കും.
പകൽ യോഗങ്ങളിൽ ബൈബിൾ സ്റ്റഡി, സോദരി സമാജം വാർഷികം, സണ്ടേസ്കൂൾ വാർഷികം, മിഷൻ ചലഞ്ച്, അനുഭവസാക്ഷ്യങ്ങൾ എന്നിവ നടത്തപ്പെടും. 9 ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടെ റായ്ച്ചൂർ സോൺ വാർഷിക കൺവൻഷൻ സമാപിക്കും.
ഷിമോഗ (സെൻട്രൽ സോൺ), ബാംഗ്ലൂർ (സൗത്ത് സോൺ) എന്നിവയാണ് വാർഷിക കൺവൻഷൻ മറ്റ് സ്ഥലങ്ങൾ. ഫെബ്രുവരി 7 മുതൽ 9 വരെ ഷിമോഗയിലും, 13 മുതൽ 16 വരെ ബാംഗ്ലൂരിലും വാർഷിക കൺവൻഷനുകൾ നടത്തപ്പെടും.
പാസ്റ്റർ കെ.എസ്. ജോസഫ് ജനറൽ കൺവീനറായും പാസ്റ്റർ വിൽസൻ തോമസ് റായ്ച്ചൂർ സോണൽ കൺവീനറായും പാസ്റ്റർ പി.പി. ജോസഫ് ഷിമോഗ സോണൽ കൺവീനറായും പാസ്റ്റർ ഷാജി ബേബി ബാംഗ്ലൂർ സോണൽ കൺവീനറായും നേതൃത്വം വഹിക്കുന്ന വിവിധ കമ്മറ്റികൾ കൺവൻഷനുകളുടെ അനുഗ്രഹത്തിനായി പ്രവർത്തിച്ചുവരുന്നതായി ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസ്സോസിയേഷന് അനുവദിച്ച പത്രസമ്മേളനത്തിൽ കർണ്ണാടക ഐ.പി.സി. ഭരണകർത്താക്കളായ പാസ്റ്റർ കെ.എസ്. ജോസഫ് (പ്രസിഡന്റ്), പാസ്റ്റർ ജോസ് മാത്യു (വൈസ് പ്രസിഡന്റ്), പാസ്റ്റർ വർഗീസ് ഫിലിപ്പ് (സെക്രട്ടറി), ജോയ് പാപ്പച്ചൻ (ജോ.സെക്രട്ടറി), പി.ഓ. സാമുവേൽ (ട്രഷറാർ) എന്നിവർ അറിയിച്ചു.