കൈകളിൽ ചങ്ങലകൾ..
ആമത്തിൽ ഇട്ടു പൂട്ടി അനക്കുവാൻ കഴിയാത്ത പാദങ്ങൾ..
അടികൊണ്ട് ശരീരത്തിൽ മുറിവുകൾ..
നാവിലുയരുന്ന പാട്ടും സ്തുതിയും പ്രാർത്ഥനകളും..
പൗലോസേ, നിങ്ങളുടെ കൈകൾ ചങ്ങലകൾ കൊണ്ട് ബന്ധിച്ചിരിക്കുകയല്ലേ??
കാലുകൾ ആമത്തിൽ ഇട്ട് പൂട്ടിയിരിക്കുകയല്ലേ??
കുറേ അടികൾ ഏറ്റില്ലെ??
ശരീരത്തിലെ മുറിവുകളിൽ നിന്നും ചോരകൾ പൊടിയുന്നില്ലേ??
ചുറ്റുമുള്ളവർ നിങ്ങൾ ചെയ്ത തെറ്റ് എന്താണെന്ന് അറിയാൻ അടുത്ത് വന്നില്ലേ??
അവരിൽ ചിലർ കുറ്റപ്പെടുത്തുന്നില്ലേ??
എന്നിട്ടും…
എങ്ങനെയാണ് നിങ്ങൾക്ക് പാടുവാൻ കഴിയുന്നത്??
എങ്ങനെയാണ് ദൈവത്തെ സ്തുതിക്കുവാൻ കഴിയുന്നത്??
കാരാഗ്രഹത്തിലും പക്വതയോടെ, പരാതി പറച്ചിലും നിലവിളികളുമില്ലാതെയുള്ള പ്രാർത്ഥനയും പാട്ടുകളുമായിരിക്കാം കൂടെയുള്ള തടവുകാരുടെ ശ്രദ്ധ നിങ്ങളിലേക്ക് ആകർഷിച്ചത്??
എങ്ങനെയാണ് നിങ്ങൾക്കിതൊക്കെ സാധിക്കുന്നത്???
ഞങ്ങളുടെ കൈകളിൽ ചങ്ങലകളില്ല,
ദേഹത്തു മുറിവുകളില്ല,
കാൽ ആമത്തിൽ ഇട്ട് പൂട്ടീട്ടില്ല.
പക്ഷെ, ഞങ്ങളുടെ ഹൃദയം മുറിഞ്ഞാൽ ഞങ്ങളുടെ വായിൽ പാട്ടുകൾ നിറയാറില്ല.
ഞങ്ങളുടെ ശരീരം തളർന്നാൽ ഞങ്ങൾക്ക് ആരാധിക്കാൻ കഴിയാറില്ല.
ഞങ്ങളുടെ പ്രാർത്ഥനകളിൽ പരാതികൾ മാത്രമേ നിറയാറുള്ളൂ. ഞങ്ങളുടെ വേദനകൾ നിലവിളികളായി മാത്രമേ പുറത്തേക്ക് പ്രവഹിക്കുന്നുള്ളൂ..
പൗലോസേ, നിങ്ങൾ ഞങ്ങൾക്ക് ഒരു അത്ഭുതം തന്നെയാണ്. എന്റെ ചോദ്യങ്ങൾ കേട്ടിരുന്നുവെങ്കിൽ ഒരു പക്ഷെ നിങ്ങളുടെ നാവുയരുന്നത് യേശുവിനെ വർണിക്കാൻ ആയിരിക്കും. യേശുവിനെ വെറുത്ത്, യേശുവിനെ സ്നേഹിക്കുന്നവരെ ഉപദ്രവിച്ചു നടന്ന തനിക്ക് വേണ്ടി യേശു ക്രൂശിൽ സഹിച്ച വേദനകൾ ഓർക്കുമ്പോൾ ഈ വേദനകളുടെ നടുവിലും എങ്ങനെയാ അല്ലെ പാടാതിരിക്കുവാൻ കഴിയുന്നത്!!
“ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട് എങ്കിലും ധൈര്യപ്പെടുവിൻ” എന്ന് ഉറപ്പ് നൽകിയ യേശുവിന്റെ വാക്കുകളെ ഓരോ നിമിഷവും മുറുകെ പിടിക്കുകയാണല്ലേ!!!
“അതുകൊണ്ടു ഞാൻ ക്രിസ്തുവിന്നു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാൻ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു” (2 കൊരിന്ത്യർ 12:10) എന്ന് ധൈര്യത്തോടെ സഭയ്ക്ക് മുൻപിൽ പ്രസ്താവിക്കുകയും പ്രവർത്തിയിലൂടെ സഭയ്ക്ക് മുൻപിൽ മാതൃക കാണിക്കുകയും ചെയ്ത നിങ്ങൾക്ക് മുൻപിൽ ഞങ്ങൾ തല കുനിക്കുന്നു.
കാരണം, ഞങ്ങളുടെ പ്രസംഗങ്ങൾ പലതും പ്രാവർത്തികമാക്കാൻ ഞങ്ങൾക്ക് കഴിയാറില്ല.
കഷ്ടങ്ങളുടെയും പ്രതികൂലങ്ങളുടെയും നടുവിലും നിങ്ങളിൽ കണ്ട ധൈര്യവും സന്തോഷവും ഞങ്ങളിൽ പ്രചോദനമേകുന്നു. പ്രതികൂലങ്ങളിലും ദൈവത്തെ സ്നേഹിക്കുവാനും സ്തുതിക്കുവാനും ഞങ്ങൾ പ്രാപ്തരാകേണ്ടതിന് പ്രാർത്ഥിക്കുന്നു.
വേദനിക്കുമ്പോഴും പാടുവാൻ ഞങ്ങൾക്ക് കഴിയട്ടെ..
ഹൃദയം നുറുങ്ങുമ്പോഴും സ്തുതിക്കുവാൻ ഞങ്ങൾക്ക് സാധിക്കട്ടെ..
കുറ്റപ്പെടുത്തലുകൾക്ക് നടുവിലും പകയും വിദ്വേഷവുമില്ലാതെ പ്രാർത്ഥിക്കുവാൻ ഞങ്ങൾക്ക് കഴിയട്ടെ..