“തന്റെ സഹോദരനെയും കുഞ്ഞിനേയും മരണത്തിലേക്ക് തള്ളിവിട്ടവരോട് ക്ഷമിക്കുന്നു” എന്നുള്ള വൈദികന്റെ പോസ്റ്റ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു
രാജകുമാരി: മുംബൈയില്‍ സ്വന്തം മാതാവും ആണ്‍സുഹൃത്തും ചേര്‍ന്നു ക്രൂരമായി കൊലപ്പെടുത്തിയ രണ്ടര വയസുകാരി ജൊവാനയുടെ ഓര്‍മ്മകളില്‍ നിറഞ്ഞു നവമാധ്യമങ്ങള്‍. വീട്ടുകാര്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും പൊട്ടിച്ചിരികളും കുസൃതികളും കൊണ്ട് മറ്റുള്ളവരുടെ ഹൃദയം കവര്‍ന്നിരിന്ന ജോവാന എന്ന കുഞ്ഞ് ബാലികക്കു നാട് ഇന്ന്‍ കണ്ണീരോടെ യാത്രമൊഴിയേകി. ഇതിനിടെ കഴിഞ്ഞ ദിവസം പുത്തടി ഫാംഹൗസില്‍ കൊല്ലപ്പെട്ട കുഞ്ഞ് ജൊവാനയുടെ പിതാവ് മുല്ലൂര്‍ റിജോഷിന്റെ- സഹോദരനായ വൈദികന്‍ എഴുതിയ കുറിപ്പ് നവമാധ്യമങ്ങളില്‍ കണ്ണീരോര്‍മ്മയുമായി പ്രചരിക്കുകയാണ്.
“തന്റെ പ്രിയപ്പെട്ട സഹോദരനെയും ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച കുഞ്ഞിനെയും കൊലപ്പെടുത്തിയ റിജോഷിന്റെ ഭാര്യ ലിജിയോട് ക്ഷമിക്കുന്നുവെന്ന്” പറഞ്ഞാണ് പോസ്റ്റ്. കൊലപാതകം നടത്തിയ ‘അങ്കിളി’നും വേണ്ടി പ്രാർത്ഥിക്കണമേ എന്ന ഹൃദയ വേദനയോടെയാണ് വൈദികന്റെ കുറിപ്പ് അവസാനിക്കുന്നത്. നൂറുകണക്കിനാളുകളാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. സ്വന്തം സഹോദരനെയും സഹോദര പുത്രിയെയും കൊലപ്പെടുത്തിയിട്ടും ഹൃദയം തുറന്ന്‍ ക്ഷമിക്കുവാന്‍ കഴിയുന്ന വൈദികന് മുന്നില്‍ തലകുനിക്കുന്നുവെന്നു പലരും കമന്റുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.