പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ അനേക വർഷങ്ങൾ കൊണ്ടുള്ള സ്വപ്നത്തിൻ സാക്ഷാത്ക്കാരം അടൂരിനടുത്തുള്ള പറന്തലിൽ നിറവേറി.
വർഷങ്ങളായി ഏ.ജി. സമൂഹം ആഗ്രഹിച്ച പദ്ധതിക്ക് ഇക്കഴിഞ്ഞ നാലാം തീയതി ആരംഭം കുറിച്ചു. കൺവൺഷൻ നഗറിനു വേണ്ടി മൊത്തത്തിൽ കരാർ എഴുതിയ 5 ഏക്കറിൽ, മൂന്ന് ഏക്കർ ഏഴ് സെന്റ് വസ്തു അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിന്റെ പേരിൽ എക്സിക്യൂട്ടീവ് കമ്മറ്റി പ്രമാണം എഴുതി റജിസ്ട്രർ ചെയ്‌തു. ശേഷിക്കുന്ന രണ്ട് ഏക്കർ ഏഴു സെന്റ് ഈ വർഷം ഡിസംബറിൽ പ്രമാണം എഴുതിപ്പിക്കുവാൻ ആണ് പദ്ധതി എന്നു ഡിസ്ട്രിക്ട് സെക്രട്ടറി ടി.വി. പൗലോസ് എഴുത്തുപുരയെ അറിയിച്ചു.
രണ്ടു കോടി നാൽപ്പതു ലക്ഷം രൂപയോളം വാങ്ങിയ വസ്തുവിന് ചിലവായി. ബാക്കിയുള്ള വസ്തുവിന് 55 ലക്ഷം രൂപ മുൻകൂർ കൊടുത്തു കരാർ എഴുതിപ്പിച്ചിരിക്കുന്നു. രണ്ട് കോടി രൂപയിൽ കൂടുതൽ ഇനിയും ആവശ്യം ഉണ്ട്. പത്തു പേരുടെ ഉടമസ്ഥതയിലുള്ള വസ്തുക്കൾ ആണ് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിന്റെ പേരിൽ പൊതുസ്വത്തായി ആധാരം എഴുതിപ്പിക്കുന്നത്. ഈ സംരംഭത്തിന് മുൻ കൈ എടുത്ത് പ്രവർത്തിക്കുന്ന ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. പി. എസ്. ഫിലിപ്പും എക്സിക്യൂട്ടീവ് കമ്മറ്റിയും വരുന്ന ജനറൽ കൺവൺഷൻ അടൂരിനടുത്തുള്ള പറന്തലിൽ നടത്തുവാൻ വേണ്ടി പ്രവർത്തനങ്ങൾ ആരംഭിച്ചു. തുടർന്നുള്ള പദ്ധതികളുടെ ക്രമീകരണം സുഗമമായി തീരുവാൻ സമൂഹത്തിന്റെ പ്രാർത്ഥനയും സഹായവും എക്സിക്യൂട്ടീവ് കമ്മറ്റി ക്ഷണിക്കുന്നു.
മുൻ സൂപ്രണ്ടായിരുന്ന റവ. ടി. ജെ. സാമൂവലിന്റെ നേതൃത്വത്തിൽ ആയിരുന്നു പുനലൂരിന്റെ ഹൃദയ ഭാഗത്ത് വർഷങ്ങൾക്കു മുമ്പ് ഇപ്പോൾ ഉള്ള സ്ഥലം സ്വന്തമായി വാങ്ങുവാൻ ഇടയായത്.