ചെറുചിന്ത: ഒരു ടീനേജ്കാരന്റെ വിലാപം
ബിജു പി. സാമുവൽ,ബംഗാൾ
ജീവിതം വഴിമുട്ടി നിൽക്കുകയാണോ?. തുറക്കുമെന്ന് പ്രതീക്ഷിച്ച വഴികളെല്ലാം അടഞ്ഞുവോ?. വീട്ടുകാരും സുഹൃത്തുക്കളും ഒക്കെ കൈവെടിഞ്ഞുവോ?. മാതാപിതാക്കളുടെ കരുതലിന്റെ പരിധി ഒക്കെ അവസാനിച്ചുവോ?. ഇനി ആശ ഇല്ലെന്നാണോ ചിന്ത?.
ധ്യാനഭാഗം: ഉല്പത്തി 21:1-20.
വർഷങ്ങൾ ആശ്രയമായിരുന്ന വീടിന്റെ വാതിൽ അവരുടെ മുമ്പിൽ അടഞ്ഞു. പോകാനിറങ്ങിയപ്പോൾ അബ്രാഹാം കുറെ ഭക്ഷണവും ഒരു തോൽകുടം നിറയെ വെള്ളവും ഹാഗാറിന്റെ തോളിൽ വെച്ച് കൊടുത്തു. അവളോടൊപ്പം മകനും ഉണ്ട്. എത്രനേരം ജീവിക്കാനുള്ള അപ്പവും വെള്ളവും കാണുമത്?.
ഇനി ഏങ്ങോട്ട് പോകും?. ആരെയാണ് ഒന്ന് ആശ്രയിക്കുക?. വഴിയൊന്നും കാണുന്നില്ല. ഏതായാലും നടക്കാം. അങ്ങനെ അവൾ മകനുമായി ബേർ-ശേബ മരുഭൂമിയിൽ ഉഴന്നു നടന്നു.
ഭക്ഷണം ആദ്യമേ തീർന്നു കാണും. അൽപസമയത്തിനകം വെള്ളവും. മാനുഷിക കരുതലിന്റെ പരിധി അവസാനിച്ചു. ശൂന്യത മാത്രമാണ് മുമ്പിലുള്ളത്. കൂടെയുള്ള മകന്റെ ഭാവി എന്താകും?. ജന്മം നൽകിയ പിതാവ് കൈയൊഴിഞ്ഞെങ്കിൽ ഇനി, മറ്റാരാണ് കരുതാൻ ഉള്ളത്?.
ഒരു കാര്യം ചെയ്യാം. മകനെ അടുത്ത് കണ്ട ഒരു കുറ്റിച്ചെടിയുടെ കീഴിലാക്കി. കുഞ്ഞ് മരിക്കും എന്ന് അവൾക്ക് ഏതാണ്ട് ഉറപ്പായി. അവൾ വലിയ വായിൽ നിലവിളിക്കാൻ ആരംഭിച്ചു. മരണം തടുക്കാൻ ആവില്ലല്ലോ. പക്ഷേ ഒരു മകന്റെ മരണം കണ്ടുകൊണ്ട് എങ്ങനെയാണ് ഒരു അമ്മയ്ക്ക് അടുത്ത് നിൽക്കാൻ കഴിയുന്നത്?. അവൾ ഒരല്പം ദൂരെ മാറി നിന്നു.
കുറ്റിച്ചെടിയുടെ കീഴിൽ കിടന്ന് ആ മകനും കരയുവാൻ ആരംഭിച്ചു. അപ്പന്റെ കരുതൽ ആദ്യമേ നിലച്ചു, ഇപ്പോൾ അമ്മയുടെയും . ജീവിതം തന്നെ വഴിമുട്ടി. കരയാനല്ലാതെ മറ്റൊന്നിനും കഴിയുന്നില്ല.
ജീവനു വേണ്ടിയുള്ള , ജീവിതത്തിനു വേണ്ടിയുള്ള അവന്റെ നിലവിളി ദൈവം കേട്ടു. അവന്റെ പ്രാർത്ഥന വാക്കുകളൊന്നും ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല. അവന്റെ ഞരക്കവും നെടുവീർപ്പും വിലാപവും ഒക്കെ ആകാം, എന്തായാലും അത് സ്വർഗ്ഗത്തിൽ എത്തി.
ഉടനെ ദൈവം ഒരു ദൂതനെ അയച്ചു , ഹാഗാറിനോട് സംസാരിക്കുവാൻ. അവനെപ്പറ്റിയുള്ള ദൈവ പദ്ധതികൾ ദൂതൻ അവൾക്ക് വെളിപ്പെടുത്തി. ദൈവം അവളുടെ കണ്ണു തുറക്കുകയും ചെയ്തു. അവളൊരു നീരുറവ കണ്ടു. ആ നീരുറവിൽ നിന്നും തോൽകുടം നിറച്ചു വെള്ളം കൊണ്ടു വന്ന് ബാലന് കുടിക്കാൻ അവൾ കൊടുത്തു. അവൻ വളർന്നു. ആ ബാലനെയും ദൈവം വലിയൊരു ജനത ആക്കി മാറ്റി.
കുറ്റിച്ചെടിയുടെ കീഴിൽ കിടന്ന് നിലവിളിച്ചപ്പോൾ ആ ബാലൻ ഒരു കൊച്ചു കുഞ്ഞൊന്നും അല്ലായിരുന്നു. അബ്രാഹാമിന് 86 വയസ്സുള്ളപ്പോൾ ഹാഗാറിലൂടെ ജനിച്ച യിശ്മായേൽ ആണ് ആ മകൻ. സാറായിലൂടെ യിസ്ഹാക്ക് ജനിക്കുമ്പോൾ അബ്രഹാമിന് വയസ് 100. അപ്പോൾ യിശ്മായേലിന് പ്രായം 14 വയസ്സ്. യിസ്ഹാക്ക് വളർന്ന് മുലകുടി മാറിയ ശേഷമാണ് യിശ്മായേലിനെ ഹാഗാറിനൊപ്പം വീട്ടിൽ നിന്ന് പുറത്താക്കുന്നത്. 16 വയസ്സെങ്കിലും പ്രായമുള്ള ഒരു ടീനേജർ ആണ് അന്ന് യിശ്മായേൽ.
അവന്റെ നിലവിളിയാണ് ദൈവം കേട്ടത് , അവൻ കിടന്ന ഇടത്തു നിന്നുള്ള നിലവിളി. കുടിക്കാനുള്ള വെള്ളം പോലും ദൈവത്തിൽ നിന്നും കണ്ണീരൊഴുക്കി വാങ്ങിയവനാണ് അവൻ.
ജീവിതം വഴിമുട്ടി നിൽക്കുകയാണോ?. തുറക്കുമെന്ന് പ്രതീക്ഷിച്ച വഴികളെല്ലാം അടഞ്ഞുവോ?. വീട്ടുകാരും സുഹൃത്തുക്കളും ഒക്കെ കൈവെടിഞ്ഞുവോ?. മാതാപിതാക്കളുടെ കരുതലിന്റെ പരിധി ഒക്കെ അവസാനിച്ചുവോ?. ഇനി ആശ ഇല്ലെന്നാണോ ചിന്ത?. ദൈവത്തോട് നിലവിളിക്കുക. അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം കൊടുക്കുന്നവൻ അല്ലേ?.
അവൻ കൈവിടില്ല.
ആശങ്കകൾ എല്ലാം അകറ്റുക. ദൈവത്തിൽ മാത്രം ആശ്രയിക്കുക.
ബിജു പി. സാമുവൽ,
ഒയാസിസ് മിനിസ്ട്രീസ്, ബംഗാൾ
Mob: 08016306857