ചര്‍ച്ച് ആക്ട് ബില്‍ തള്ളിക്കളയണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
അങ്കമാലി: സംസ്ഥാനത്തു ക്രൈസ്തവ സഭകള്‍ക്കു നിയന്ത്രണം കൊണ്ടു വരുന്നതിനുള്ള വ്യവസ്ഥകളോടെ തയാറാക്കിയിരിക്കുന്ന ചര്‍ച്ച് ആക്ടിന്റെ കരട് ബില്‍ തള്ളിക്കളയാന്‍ സര്‍ക്കാര്‍ തയാറാവണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയ്ക്ക് അങ്കമാലിയില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ ദേവാലയത്തിനും നൂറ്റാണ്ടുകളായി അവരുടേതായ സ്ഥാവര, ജംഗമ വസ്തുക്കളുണ്ട്. അതിന്റെ നിയന്ത്രണം സഭാസംവിധാനങ്ങള്‍ക്കാണ്. ആ നിയന്ത്രണം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് ആരാണ് അധികാരം നല്‍കാന്‍ പോകുന്നതെന്നു ചെന്നിത്തല ചോദിച്ചു.
ചര്‍ച്ച് ആക്ടിന്റെ കരട് ബില്‍ സംബന്ധിച്ചു സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. ഈ ബില്‍ നിയമമാക്കാനുള്ള ഏതു നീക്കത്തെയും യു.ഡി.എഫ് പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും. ശബരിമലയില്‍ ഹിന്ദുക്കള്‍ക്കു നേരെയുള്ള അക്രമമാണു നടത്തുന്നതെങ്കില്‍, ചര്‍ച്ച് ബില്ലിന്റെ പേരില്‍ ക്രൈസ്തവവിഭാഗത്തിനു നേരെ കടന്നാക്രമണത്തിനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. വിശ്വാസങ്ങള്‍ക്കു നേരേ കടന്നാക്രമണം നടത്തുന്ന ഇടതുപക്ഷ സര്‍ക്കാര്‍ തങ്ങളുടെ നയം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.