ന്യൂനമര്‍ദം ശക്തിപ്പെടുന്നു; കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു; വൈകിട്ടോടെ കൂടുതൽ ഡാമുകൾ തുറന്നു വിടുന്നു

ആലുവ: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചതിനെ തുടര്‍ന്ന് അടിയന്തിര സാഹചര്യങ്ങള്‍ നേരിടാനുള്ള തയാറെടുപ്പുകള്‍ ആലുവ താലൂക്കില്‍ പൂര്‍ത്തിയായി. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നല്‍കിക്കഴിഞ്ഞതായി തഹസില്‍ദാര്‍ അറിയിച്ചു.

താലൂക്കുതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. 24 മണിക്കൂര്‍ സേവനമാണ് ഇവിടെയുള്ളത്. നിലവില്‍ രണ്ടു ജീവനക്കാര്‍ രാത്രി കാല സേവനത്തിനുണ്ട്. വേണ്ടിവന്നാല്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കും. താലൂക്ക് പരിധിയിലെ മുഴുവന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കും നാലിനു രാത്രി തന്നെ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്നലെ രാവിലെ എട്ടിനു ഓഫീസിലെത്താനുമുള്ള നിര്‍ദ്ദേശങ്ങളാണ് കൈമാറിയത്. ക്യാമ്ബുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ സ്ഥാപന മേധാവികളെ കണ്ട് അറിയിപ്പുകള്‍ നല്‍കാനും നിര്‍ദ്ദേശം നല്‍കി. താലൂക്കിലെ കണ്‍ട്രോള്‍ റൂം നമ്ബര്‍ 0484 2624052.

അതേസമയം കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ന്യൂനമര്‍ദ മുന്നറിയിപ്പും, അതിതീവ്ര മഴയുടെ മുന്നറിയിപ്പും കണക്കിലെടുത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്നു.

മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച്‌ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ജലവിഭവ വകുപ്പും, കെ.എസ്.ഇ.ബി യും ഡാമുകളിലേക്ക് എത്തുന്ന ജലവും, നിലവിലെ സ്ഥിതിയും, ഡാമിലെ ദീര്‍ഘകാല ജല അളവുകളും, മഴയുടെ പ്രവചനവും പരിഗണിച്ച്‌ ഒരു നിയന്ത്രണ ചട്ടക്കൂട് തയ്യാറാക്കി സര്‍ക്കാരിന്റെ പരിഗണനയ്ക്ക് നല്‍കാന്‍ നിര്‍ദേശിച്ചു.

ഡാമുകള്‍ നിയന്ത്രിക്കുന്ന എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ നിരന്തരം ജില്ലാ കലക്ടറുമാരുമായി സമ്ബര്‍ക്കം പുലര്‍ത്തുകയും മുന്‍കൂട്ടി ജില്ലാ കലക്ടര്‍മാരെ അറിയിച്ച്‌ അനുമതി വാങ്ങിയതിന് ശേഷം മാത്രമേ ഡാമുകളുടെ ഷട്ടറുകള്‍ തുറക്കാന്‍ പാടുള്ളു. തമിഴ് നാടിന്റെ നിയന്ത്രണത്തില്‍ ഉള്ള എല്ലാ ഡാമുകളും പരമാവധി സംഭരണ ശേഷിക്കടുത്താണ് എന്നതിനാല്‍, ഇവ മുന്‍കൂട്ടി തുറന്ന് വിടുവാന്‍ ആവശ്യമായ നിര്‍ദേശം നല്‍കണം എന്ന് കേന്ദ്ര ജല കമ്മീഷനോട് ആവശ്യപ്പെടും.

കേരള ഷോളയാര്‍ അണകെട്ടിലെ ജലനിരപ്പ് പ്രവചിക്കപ്പെട്ട മഴ കൂടി കണക്കില്‍ എടുത്ത് ആവശ്യത്തിന് കുറച്ച്‌ നിര്‍ത്തുവാന്‍ ഉള്ള നടപടി സ്വീകരിക്കുവാന്‍ കെ.എസ്.ഇ.ബി യോട് നിര്‍ദേശിച്ചു.

അണക്കെട്ടുകള്‍ തുറക്കുന്നത്, വേലിയേറ്റ, വേലിയിറക്ക സാഹചര്യവും കൂടി പരിഗണിച്ച്‌ വേണം എന്ന് നിര്‍ദേശിച്ചു. കെ.എസ്.ഇ.ബിയുടെയും, ജല വിഭവ വകുപ്പിന്റെയും എല്ലാ ഡാം സൈറ്റിലും ഉപഗ്രഹ ഫോണുകള്‍ നല്‍കുവാന്‍ നിര്‍ദേശിച്ചു. ഇതിനായി വെള്ളിയാഴ്ച തന്നെ നടപടി സ്വീകരിക്കണം..

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കാര്യാലയത്തിലെ ഉപഗ്രഹ ഫോണ്‍, കക്കി ആനത്തോട് ഡാം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് താല്‍കാലികമായി, 10-10-2018 വരെ നല്‍കി.

സംസ്ഥാന അതോറിറ്റിയുടെ നിര്‍ദേശം അനുസരിച്ച്‌ തീരരക്ഷാ സേനാ കപ്പലുകളും, ഡോണിയര്‍ വിമാനങ്ങളും കേരളത്തിന്റെ തീരത്തോട് അടുത്തുള്ള അറബിക്കടല്‍ മേഖലയില്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് മൈക്കിലൂടെയും റേഡിയോ വഴിയും 01-10-2018 മുതല്‍ നല്‍കി വരുന്നുണ്ട്.

ഇടുക്കി ജില്ലയില്‍ ഒക്ടോബര്‍ ആറുവരെ, ഓറഞ്ച് അലേര്‍ട്ടും, ഏഴിനു റെഡ് അലേര്‍ട്ടും, എട്ടിന് ഓറഞ്ചു അലേര്‍ട്ടും, തൃശൂരില്‍ 6-10-2018ന് ഓറഞ്ചു അലേര്‍ട്ടും, ഏഴിനു റെഡ് അലേര്‍ട്ടും, പാലക്കാട് 6-10-2018ന് ഓറഞ്ചു അലേര്‍ട്ടും, ഏഴിന് റെഡ് അലേര്‍ട്ടും, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ വെള്ളിയാഴ്ച മുതല്‍ എട്ടുവരെ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply