രാജ്യവ്യാപകമായി നഴ്സുമാർ ഇന്ന് കരിദിനം ആചരിക്കുന്നു

ആലപ്പുഴ: ചേര്‍ത്തല കെ.വി.എം ആശുപത്രിക്ക് മുന്നില്‍ സമരം ചെയ്യുന്ന നേഴ്സുമാര്‍ക്ക് നേരെ ലാത്തിചാര്‍ജ്. ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ നാല് നേഴ്സുമാരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ടും തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുമാണ് കെ.വി.എം ആശുപത്രിയില്‍ നേഴ്സുമാര്‍ സമരം ചെയ്യുന്നത്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ വ്യാഴാഴ്ച നേഴ്സുമാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും.

അഞ്ചു മാസത്തിലധികമായി കെവിഎം ആശുപത്രിയില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം നടത്തിവരികയായിരുന്നു. ആശുപത്രി മാനേജ്മെന്റ് നഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതിരിക്കുകയും സമരം ചെയ്യുന്നവര്‍ക്കെതിരെ കുപ്രചരണങ്ങള്‍ നടത്തുകയും ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് സമരം തുടര്‍ന്നത്. ജൂലൈ മാസത്തില്‍ വേതനവര്‍ധന ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തെ നഴ്സുമാര്‍ ദിവസങ്ങളോളം സമരം ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം മന്ത്രിതലത്തില്‍ നടന്ന ചര്‍ച്ചയില്‍ സമരക്കാരുമായി യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് ആശുപത്രി മാനേജ്മെന്‍റ് അറിയിച്ചിരുന്നു. ആശുപത്രിക്ക് മുന്നില്‍ ഉപരോധ സമരം അനുവദിക്കില്ലെന്നും മാനേജ്മെന്റ് സമരക്കാരെ അറിയിച്ചിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് ചേര്‍ത്തല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ എത്തിയ പോലീസ് സമരക്കാരോട് ഉപരോധം അവസാനിപ്പിച്ച്‌ പിരിഞ്ഞ് പോവണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സമരക്കാര്‍ പിരിഞ്ഞു പോവാന്‍ തയ്യാറായില്ല. ഇതോടെ സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയായിരുന്നു.

തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ നഴ്സുമാര്‍ റിലേ സത്യാഗ്രഹവും നടത്തിയിരുന്നു. അന്ന് മറ്റ് മാനേജ്മെന്റുകള്‍ നഴ്സുമാരുടെ വേതനംവര്‍ധനവ് നടപ്പിലാക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും കെവിഎം ആശുപത്രി മാനേജ്മെന്റ് നഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിരുന്നില്ല.

പോലീസ് നടത്തിയ ലാത്തിച്ചാർജ് മാനേജ്മെന്റ്ന്റെ കയ്യിൽനിന്നും പണം വാങ്ങി ചെയ്തത് ആണ് എന്നാണ് സമരം ചെയ്യുന്ന നഴ്സുമാരുടെ ഭാഷ്യം. നഴ്‌സുമാർക്കും ഹോസ്പിറ്റൽ മാനേജ്മെന്റിനും രണ്ടു നീതി എങ്ങനെ എന്ന് അവർ ചോദിക്കുന്നു.
ഇത്രയും നാൾ ആയിട്ടും സർക്കാർ ഈ കാര്യത്തിൽ മൗനം പാലിക്കുന്നത് ഹോസ്പിറ്റൽ മാനേജ്മെന്റും സർക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ പ്രതിഫലനം ആയി കണക്കാക്കപ്പെടുന്നു.

വാർത്ത, UNA പ്രസിഡന്റ്‌ ശ്രീ. ജാസ്മിൻ ഷായുമായി സംസാരിച്ചു ക്രൈസ്തവ എഴുത്തുപുരക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ്.
ഫോട്ടോയ്ക്ക് കടപ്പാട്: ന്യൂസ്‌ 18

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply