നൂതന ബൈബിൾ റേഡിയോ സംരംഭവുമായി റാഫാ റേഡിയോ
ചുരുങ്ങിയ കാലയളവുകൊണ്ട് ലോകമെമ്പാടുമുള്ള മലയാളി ക്രൈസ്തവ സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട സംഗീത റേഡിയോ ആയി മാറിയ റാഫാ റേഡിയോ സംഗീതത്തിന് പുറമെ ക്രിസ്തുവിന്റെ വചനം ഭൂമിയുടെ അറ്റത്തോളും എത്തിക്കുക എന്ന ദർശനത്തോടെ രണ്ട് ഭാഷകളിൽ റാഫാ ബൈബിൾ റേഡിയോകൾ ആരംഭിക്കുന്നു. ബൈബിള്‍ പരിഭാഷ മിനിസ്ട്രിയായ ബിബ്ലിക്ക (Biblica), ഓഡിയോ ബൈബിൾ മിനിസ്ട്രിയായ ഫെയിത്ത് കംസ് ബൈ ഹിയറിംങ് (Faith Comes By Hearing) എന്നീ ആഗോള മിഷൻ സംഘടനകളുമായി കൈകോർത്തു കൊണ്ടാണ് റാഫാ ബൈബിൾ റേഡിയോ (Rafa Bible Radio) പ്രവർത്തിക്കുന്നത്.
മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് ആദ്യ ഘട്ടത്തിൽ റാഫാ ബൈബിൾ റേഡിയോ ആരംഭിക്കുന്നത്. ഇംഗ്ലീഷിൽ NIV (New International Version), മലയാളത്തിൽ നൂതന പരിഭാഷയായ മലയാളം സമകാലിക വിവർത്തനം (Malayalam Contemporary Version) എന്നീ ബൈബിൾ പരിഭാഷകൾ റാഫാ ബൈബിൾ റേഡിയോയിലൂടെ 24×7 ശ്രവിക്കാവുന്നതാണ്.
അച്ചടിഭാഷയിൽ നിന്നും വിഭിന്നമായി ലളിതമായ സംസാരഭാഷയിൽ ദൈവവചനം ശ്രവിക്കുവാനാണ് ഇപ്പോൾ റാഫാ ബൈബിൾ റേഡിയോയിലൂടെ അവസരമൊരുക്കുന്നത്. ഏതൊരു കൊച്ചുകുട്ടിക്കും ഒരു നാടകം കേൾക്കുന്നപോലെ ബൈബിൾ അധ്യായങ്ങൾ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടുകൂടി (dramatised audio) ലളിതമായ ശ്രവ്യമാധുര്യത്തോടെ കേൾക്കുവാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.