ലേഖനം: ജീവന്റെ തുടിപ്പ് | ജോസി ജോയി, പനവേലി

സ്വർഗ്ഗസ്ഥനായ ദൈവത്തിന്റെ കരുതൽ ഭൂമിയിൽ ഏറ്റവും പ്രകടമായി അനുഭവപ്പെടുന്നത് ഒരു പെറ്റമ്മയുടെ ഹൃദയത്തിലൂടെയാണ്. ഒരു അമ്മയുടെ ഉള്ളിൽ സന്തോഷത്തിന്റെ പെരുമഴ പെയ്യുന്നത് സ്വന്തം ഗർഭപാത്രത്തിൽ ഒരു ജീവന്റെ ആദ്യ തുടിപ്പ് അനുഭവിക്കുമ്പോഴാണ്. ആ നിമിഷത്തിനു പിന്നിൽ പ്രവർത്തിക്കുന്ന ദൈവസ്നേഹത്തെക്കുറിച്ചും അമ്മയുടെ വാത്സല്യത്തെക്കുറിച്ചും ഓർക്കുമ്പോൾ മനസ്സ് സ്നേഹത്താൽ നിറഞ്ഞുപോകുന്നു.

News Middle Advt Banner

എന്നാൽ, ആധുനിക ലോകത്തിലേക്ക് കണ്ണോടിക്കുമ്പോൾ നമ്മെ ഞെട്ടിക്കുന്ന ചില കാഴ്ചകളും വാർത്തകളും കാണാനാകുന്നു. സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നതും ക്രൂരമായി ജീവനെടുക്കുന്നതുമായ സംഭവങ്ങൾ കേൾക്കുമ്പോൾ മനുഷ്യസ്നേഹമുള്ള ഏവരുടെയും ഹൃദയം വേദനിക്കും. സ്നേഹവും കരുതലും നൽകേണ്ട കൈകൾ തന്നെ കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം സാഹചര്യങ്ങളിൽ മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

‘അമ്മ’ എന്ന രണ്ടക്ഷരം വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും കരുതലിന്റെയും വലിയൊരു പ്രതീകമാണ്. ഒരു അമ്മയുടെ ഉദരത്തിൽ പുതിയൊരു ജീവൻ തുടിച്ചുതുടങ്ങുമ്പോൾ അവിടെ മനുഷ്യന്റെ കഴിവുകൾക്കപ്പുറം സ്രഷ്ടാവായ ദൈവത്തിന്റെ അത്ഭുതകരമായ പ്രവർത്തനമാണ് വെളിപ്പെടുന്നത്. എന്റെ അമ്മയുടെ ഗർഭപാത്രത്തിൽ ഞാനൊരു ചെറിയ തുടിപ്പായിരുന്നപ്പോഴും, ആ ജീവനെ കൃപയോടെ കാത്തുസംരക്ഷിക്കുന്ന ദൈവം സ്വർഗ്ഗത്തിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, അമ്മയാകുക എന്നത് വെറുമൊരു ശാരീരിക മാറ്റമല്ല; ദൈവത്തിന്റെ സൃഷ്ടിപ്രവർത്തനത്തിൽ പങ്കാളിയാകുന്ന അനുഭവം കൂടിയാണ്.

ഒരു കുഞ്ഞ് ഈ വിശാലമായ ലോകത്തെ ആദ്യമായി അറിയുന്നത് സ്വന്തം അമ്മയിലൂടെയാണ്. സ്നേഹവും കരുതലും എന്താണെന്ന് ആ കുഞ്ഞുമനസ്സ് ആദ്യം തിരിച്ചറിയുന്നത് അമ്മയുടെ വാത്സല്യം നിറഞ്ഞ കണ്ണുകളിലൂടെയും കരുതലോടെയുള്ള സ്പർശത്തിലൂടെയുമാണ്. ദൈവസ്നേഹത്തിന്റെ ആഴം കുഞ്ഞ് അനുഭവിച്ചറിയുന്നതും അമ്മ നൽകുന്ന സുരക്ഷിതത്വത്തിലൂടെയാണ്.

ലോകം മുഴുവൻ ഒരു കുഞ്ഞിനെ തള്ളിക്കളഞ്ഞാലും അവനെ ചേർത്തുപിടിക്കാൻ തയ്യാറാകുന്ന ഹൃദയമാണ് മാതൃത്വത്തിന്റേത്. ഒരു അമ്മയ്ക്ക് എത്ര മക്കളുണ്ടായാലും ഓരോ കുഞ്ഞും അവൾക്ക് സ്വന്തം കണ്ണിലെ കൃഷ്ണമണിപോലെയാണ്. ഓരോരുത്തരോടുമുള്ള സ്നേഹവും കരുതലും വ്യത്യസ്തമായ രീതികളിൽ പ്രകടമാകാമെങ്കിലും, അവളുടെ ഹൃദയത്തിൽ ഓരോ കുഞ്ഞിനും സവിശേഷമായ സ്ഥാനമുണ്ട്. മറ്റുള്ളവർ കുറ്റപ്പെടുത്തിയാലും പ്രതിസന്ധികൾ നേരിട്ടാലും തന്റെ കുഞ്ഞിന് താങ്ങായി നിൽക്കാൻ അമ്മയുടെ ഹൃദയം ആഗ്രഹിക്കുന്നു.

മാതൃസ്നേഹത്തിന്റെ മഹത്വം ഞാൻ നേരിട്ട് തിരിച്ചറിഞ്ഞത് സ്വന്തം വീട്ടിൽനിന്നാണ്. അർബുദത്തിന്റെ കഠിനമായ വേദനകളാൽ രോഗശയ്യയിലായിരുന്ന എന്റെ വല്യമ്മച്ചിയെ അമ്മ ആത്മാർഥതയോടെയും സ്നേഹത്തോടെയും പരിചരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. സ്വന്തം അമ്മയെ ഒരു കുഞ്ഞിനെപ്പോലെ കരുതിയ അമ്മയുടെ പ്രവൃത്തികളിൽ ഞാൻ ദർശിച്ചത് ദൈവകൃപയുടെ മനോഹരമായ പ്രതിഫലനമായിരുന്നു.

ഒരു തലമുറയിൽനിന്ന് അടുത്ത തലമുറയിലേക്ക് ഒഴുകുന്ന ഈ വാത്സല്യം എന്നെ ആഴത്തിൽ ചിന്തിപ്പിച്ചു. മാതൃത്വം സ്വന്തം മക്കളോടുള്ള സ്നേഹത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്നും രോഗത്തിലും വാർധക്യത്തിലും പ്രിയപ്പെട്ടവരെ കരുതുന്നതിലൂടെ അതിന്റെ മഹത്വം കൂടുതൽ വെളിപ്പെടുന്നുവെന്നും ആ അനുഭവം എന്നെ പഠിപ്പിച്ചു.

ഭൂമിയിലെ ഒരു പെറ്റമ്മയുടെ സ്നേഹവും കരുതലും സ്വർഗ്ഗസ്ഥനായ പിതാവായ ദൈവത്തിന്റെ സ്നേഹത്തിന്റെ നേർക്കാഴ്ചയാണ്. അമ്മയുടെ ഹൃദയത്തിൽനിന്ന് അനുഭവിച്ചറിയുന്ന വാത്സല്യം, ഏതു പ്രതിസന്ധിയിലും നമ്മെ കൈവിടാത്ത ദൈവത്തിന്റെ സ്നേഹത്തെ ഓർമിപ്പിക്കുന്നു.

ജീവന്റെ ആദ്യ തുടിപ്പിൽനിന്ന് ജീവിതത്തിന്റെ അവസാന നാളുകൾവരെ സ്നേഹവും കരുതലും പകരുന്ന മാതൃത്വം ദൈവം മനുഷ്യന് നൽകിയ അമൂല്യമായ അനുഗ്രഹമാണ്. ആ സ്നേഹത്തിലൂടെ നമുക്ക് അനുഭവിച്ചറിയാൻ കഴിയുന്നത് ഒരിക്കലും അവസാനിക്കാത്ത ദൈവിക കരുതലിന്റെ ആഴമാണ്.

ജോസി ജോയി, പനവേലി

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading