സൗദിയിൽ പോലീസ് കസ്റ്റഡിയിൽ ആയിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ വിട്ടയച്ചു

KE NEWS DESK

 

News Middle Advt Banner

ജിദ്ദ: നിരോധിത മരുന്നുകൾ കൈവശം വെച്ചെന്ന കേസിൽ സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്ത വയനാട് അയ്യൻകൊല്ലി സ്വദേശിനി ഫിലോമിനയെ അധികൃതർ വിട്ടയച്ചു. കൈവശമുണ്ടായിരുന്ന മരുന്നുകളെക്കുറിച്ച് ബന്ധപ്പെട്ട അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ വസ്തു ലഹരിമരുന്നല്ലെന്ന് വ്യക്തമായതോടെയാണ് മോചനം. ഫിലോമിനയുടെ മോചനവാർത്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആശ്വാസമായി.

വയനാട് സുൽത്താൻ ബെത്തേരി അയ്യംകൊല്ലി സ്വദേശിയും അംസംബ്ലീസ് ഓഫ് ഗോഡ് സഭംഗവുമായ ഫിലോമിന വാർഷികാവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കുന്നതിനായി സൗദിയിലേക്ക് മടങ്ങുന്നതിനിടെയാണ് ഫിലോമിനയെ കസ്റ്റഡിയിലെടുത്തത്. ഒക്ടോബർ 10ന് ബെംഗളൂരുവിൽനിന്ന് വിമാനമാർഗം ജിദ്ദയിലെത്തിയ ഇവർ അവിടെനിന്ന് കണക്ഷൻ വിമാനത്തിൽ റിയാദിലേക്ക് പോകാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ജിദ്ദ വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ ലഗേജിൽ സൗദിയിൽ നിരോധനമുള്ള മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ തടഞ്ഞുവെച്ചത്. തുടർന്ന് ഇവരെ സൗദി പൊലീസിന്റെ കസ്റ്റഡിയിലേക്ക് മാറ്റുകയായിരുന്നു.

വിമാനത്താവളത്തിൽ തടഞ്ഞുവെച്ചതിനു പിന്നാലെ ഫിലോമിന പിതാവ് രവിക്കും ഭർത്താവ് ജോണിനും ശബ്ദസന്ദേശം അയച്ചിരുന്നു. ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയെന്നും ഫോൺ കൈമാറാൻ ആവശ്യപ്പെട്ടെന്നുമാണ് സന്ദേശത്തിൽ അറിയിച്ചത്. പിന്നീട് ഫിലോമിനയുമായി ബന്ധപ്പെടാൻ കഴിയാതായതോടെ കുടുംബം കടുത്ത ആശങ്കയിലായി. ബന്ധുക്കളും സാമൂഹിക പ്രവർത്തകരും നടത്തിയ അന്വേഷണത്തിലാണ് ഇവർ അധികൃതരുടെ കസ്റ്റഡിയിലാണെന്ന വിവരം ലഭിച്ചത്. തുടർന്ന് മോചനത്തിനായി ആവശ്യമായ ഇടപെടലുകൾ നടത്തുകയായിരുന്നു.

സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയും നാർക്കോട്ടിക്‌സ് കൺട്രോൾ ഡയറക്ടറേറ്റും നടത്തിയ പരിശോധനയിൽ കണ്ടെത്തിയ വസ്തു ലഹരിമരുന്നല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് ഫിലോമിനയെ വിട്ടയച്ചത്. ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും ഇടപെടലുകളും മോചനനടപടികളിൽ സഹായകമായതായി റിപ്പോർട്ടുകളുണ്ട്.

വയനാട് സുൽത്താൻ ബത്തേരിക്ക് സമീപമുള്ള അയ്യൻകൊല്ലി ആനന്ദ് നിവാസിൽ രവി–ശെൽവി ദമ്പതികളുടെ മകളാണ് ഫിലോമിന. കഴിഞ്ഞ മൂന്ന് വർഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തുവരികയാണ്. അവധിക്കായി നാട്ടിലെത്തിയ ശേഷം ജോലിയിൽ പ്രവേശിക്കാൻ മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി നിയമനടപടികളിൽപ്പെട്ടത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading