കവിത: ജീവന്റെ ഉറവ | മെറിൻ രഞ്ജിത്ത്
ഈണമില്ലാത്തതാം രാഗമോടൊത്തതാം

നാദമില്ലാത്തതാം വീണയാം ജീവിതം
ശബ്ദമില്ലാതൊഴുകുന്നതാമരുവിപോൽ
നിശ്ചലതുല്യമാമെന്നുടെ ജീവിതം
നിത്യതയിൻ വാഗ്ദത്തം കാതിൽ പതിച്ചതും
ജീവജലത്തിനായ് ദാഹിച്ചെന്നാത്മാവും.
ഹൃദയം നുറുങ്ങിയ വേളയിൽ കേട്ടതാം
ജീവന്റെ ഉറവയിലാശ്രയം തേടി ഞാൻ
കണ്ടെത്തി ഞാനൊടുവിൽ വറ്റാത്തതാമുറവ
ജീവന്റെ നായകൻ നൽകീടും നീരതും
വേണ്ടെനിക്കിനിയിന്നീ ലോകത്തിൻ മോഹവും
താതന്റെ സന്നിധിയിനിയെന്റെ ആശ്രയം
വചനമാം ചൈതന്യം തെളിഞ്ഞെന്റെ പാതയിൽ
താതൻ പകർന്നുതന്നുറവയെൻ നിത്യത
എന്തിനുവേണ്ടിയോ ദാഹിച്ചെൻ മാനസം
നേടിയേ ഞാനെന്റെ വാഗ്ദത്തമാം കനാൻ
മെറിൻ രഞ്ജിത്ത്

- Advertisement -


Comments are closed.