ലേഖനം: നാവ് – വാക്കുകളിലെ ജീവനും മരണവും | നീനു ആൻ സണ്ണി, അബുദാബി
മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അവയവങ്ങളിൽ ഒന്നാണ് നാവ്. എന്നാൽ, നമ്മുടെ ജീവിതത്തിന്റെ ഗതി തിരിച്ചുവിടാനും ബന്ധങ്ങളെ തകർക്കാനും അല്ലെങ്കിൽ കെട്ടിപ്പടുക്കാനും ഈ ചെറിയ അവയവത്തിന് വലിയ കഴിവുണ്ട്. നമ്മൾ പറയുന്ന ഓരോ വാക്കിനും ആത്മീയ ലോകത്തിലും ഭൗതിക ലോകത്തിലും വലിയ സ്വാധീനമുണ്ട് എന്ന് ബൈബിൾ നമ്മെ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു:

“മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ പ്രിയപ്പെടുന്നവർ അതിന്റെ ഫലം തിന്നും.” (സദൃശവാക്യങ്ങൾ 18:21)
1. നാവിന്റെ അപരിമിതമായ ശക്തി (യാക്കോബിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തൽ)
പുതിയ നിയമത്തിൽ നാവിന്റെ നിയന്ത്രണത്തെക്കുറിച്ച് ഏറ്റവും ആഴത്തിൽ സംസാരിക്കുന്നത് അപ്പോസ്തലനായ യാക്കോബാണ്. യാക്കോബ് 3-ാം അധ്യായത്തിൽ നാവിന്റെ ശക്തിയെയും അതിന്റെ വലിയ അപകടങ്ങളെയും വളരെ പ്രായോഗികമായ ലളിതമായ മൂന്ന് ഉപമകളിലൂടെ അദ്ദേഹം വിശദീകരിക്കുന്നു:
കുതിരയുടെ ചെറിയ കടിഞ്ഞാൺ: ടൺ കണക്കിന് ഭാരമുള്ളതും ശക്തിയേറിയതുമായ ഒരു കുതിരയെ മുഴുവൻ നിയന്ത്രിക്കാനും അത് പോകുന്ന വഴി തിരിച്ചുവിടാനും അതിന്റെ വായിലെ ചെറിയൊരു കടിഞ്ഞാൺ മതിയാകും. അതുപോലെ, നമ്മുടെ ജീവിതത്തെയും അതിന്റെ ദിശയെയും നിയന്ത്രിക്കുന്നത് നമ്മുടെ നാവാണെന്ന് യാക്കോബ് ഓർമ്മിപ്പിക്കുന്നു. നാം എന്ത് സംസാരിക്കുന്നുവോ അതനുസരിച്ചായിരിക്കും നമ്മുടെ ജീവിതത്തിന്റെ ഗതി.
കപ്പലിന്റെ ചെറിയ ചുക്കാൻ : വലിയ കൊടുങ്കാറ്റിലും കൂറ്റൻ കടൽക്കപ്പലുകളെ സുരക്ഷിതമായി കരയ്ക്കെത്തിക്കുന്നത് വലിയ യന്ത്രങ്ങളല്ല, മറിച്ച് കപ്പലിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ചെറിയൊരു ചുക്കാൻ മാത്രമാണ്. അതുപോലെ, വലിയ പ്രതിസന്ധികളും പ്രശ്നങ്ങളും ജീവിതത്തിൽ ഉണ്ടാകുമ്പോൾ നമ്മുടെ നാവിനെ സൂക്ഷിച്ചാൽ ജീവിതമാകുന്ന കപ്പൽ തകരാതെ കാത്തുരക്ഷിക്കാൻ സാധിക്കും.
ഒരു ചെറിയ തീപ്പൊരി: ഒരു വലിയ വനത്തിന് മുഴുവൻ തീപിടിച്ച് അത് പൂർണ്ണമായി നശിച്ചുപോകാൻ ചെറിയൊരു തീപ്പൊരി മാത്രം മതിയാകും! അതുപോലെയാണ് നമ്മുടെ നാവിൽ നിന്ന് പുറത്തുവരുന്ന ചിന്തയില്ലാത്ത വാക്കുകൾ. നാം നിസ്സാരമെന്ന് കരുതുന്ന ഒരു വാക്ക് മതി, വർഷങ്ങളായി കാത്തുസൂക്ഷിച്ച കുടുംബബന്ധങ്ങളും ആഴമേറിയ സൗഹൃദങ്ങളും നിമിഷനേരം കൊണ്ട് തകർത്തെറിയാൻ.
2. ബൈബിളിലെ ആഴമേറിയ മാതൃകകളും താക്കീതുകളും
സൗഖ്യവും വിടുതലും തന്ന യേശുവിന്റെ ആധികാരിക വാക്കുകൾ: യേശുക്രിസ്തുവിന്റെ വാക്കുകളിൽ ജീവനും ദൈവീക അധികാരവും ഉണ്ടായിരുന്നു. അവിടുന്ന് ഒരു വാക്ക് അരുളിച്ചെയ്തപ്പോൾ തളർവാതക്കാരൻ എഴുന്നേറ്റുനടന്നു, അന്ധന്മാർക്ക് കാഴ്ച ലഭിച്ചു, പിശാചുക്കൾ ഓടിപ്പോയി, അടങ്ങാത്ത കൊടുങ്കാറ്റ് പോലും ശാന്തമായി, മരണപ്പെട്ട് കല്ലറയിൽ കിടന്ന ലാസർ ജീവനോടെ പുറത്തുവന്നു! തകർന്നുനിൽക്കുന്നവരെ ശിക്ഷിക്കാനല്ല, മറിച്ച് പടുത്തുയർത്താനും ജീവൻ നൽകാനുമുള്ള വാക്കുകൾ പറയാനാണ് ക്രിസ്തു തന്റെ ജീവിതത്തിലൂടെ നമുക്ക് മാതൃക കാണിച്ചുതന്നത്.
മരുഭൂമിയിൽ വീണുപോയ ഇസ്രായേൽ ജനം: ഈജിപ്തിൽ നിന്ന് വലിയ അത്ഭുതങ്ങളിലൂടെ വിടുതൽ പ്രാപിച്ചു പുറപ്പെട്ട ഇസ്രായേല്യർ, വഴിയിലെ ചെറിയ പ്രതിസന്ധികൾ കണ്ടപ്പോൾ നിരന്തരം പരാതിപ്പെടാൻ തുടങ്ങി. ദൈവത്തിനെതിരെയും തന്നെ നയിച്ച മോശെയ്ക്കെതിരെയും അവർ വാക്കുകൾ കൊണ്ട് കഠിനമായി പിറുപിറുത്തു. ഈ നെഗറ്റീവ് സംസാരവും അവിശ്വാസവും അവരുടെ ജീവിതത്തെ തളർത്തിക്കളഞ്ഞു; അതിന്റെ ഫലമായി അവരിൽ ഭൂരിഭാഗത്തിനും വാഗ്ദത്ത നാട്ടിൽ പ്രവേശിക്കാൻ കഴിയാതെ മരുഭൂമിയിൽത്തന്നെ വീണുപോകേണ്ടി വന്നു. നമ്മുടെ വാക്കുകൾ നമ്മുടെതന്നെ വിജയത്തെയോ പരാജയത്തെയോ നിർണ്ണയിക്കും എന്നതിന്റെ വലിയൊരു മുന്നറിയിപ്പാണിത്.
യെശയ്യാവ്പ്രവാചകന്റെ ചുണ്ടുകൾ വിശുദ്ധീകരിക്കപ്പെട്ടത്: യെശയ്യാവ് 6-ാം അധ്യായത്തിൽ ദൈവത്തിന്റെ മഹിമ നിറഞ്ഞ സാന്നിധ്യം കണ്ട പ്രവാചകൻ ആദ്യം ഭയത്തോടെ തിരിച്ചറിഞ്ഞത് തന്റെ അധരങ്ങളുടെ അശുദ്ധിയാണ്.അ ശുദ്ധിയുള്ള അധരങ്ങളുള്ള മനുഷ്യൻ ഞാൻ” എന്ന് അവൻ കരഞ്ഞപ്പോൾ, സ്വർഗ്ഗീയ യാഗപീഠത്തിൽ നിന്നുള്ള കനലെടുത്ത് ദൂതൻ അവന്റെ ചുണ്ടുകളെ തൊട്ട് വിശുദ്ധീകരിച്ചു. അതോടെ അവന്റെ കുറ്റങ്ങൾ നീങ്ങുകയും ദൈവത്തിന്റെ വലിയ ദൗത്യത്തിനായി അവൻ ശക്തമായി ഉപയോഗിക്കപ്പെടുകയും ചെയ്തു.
3. ജീവിതത്തിൽ നാവ് എങ്ങനെ ആത്മീയമായി സൂക്ഷിക്കാം?
മുറിവേൽപ്പിക്കാനല്ല, സൗഖ്യമാക്കാൻ സംസാരിക്കുക: “വാളുകൊണ്ടു കുത്തുന്നതുപോലെ സംസാരിക്കുന്നവർ ഉണ്ടു; ജ്ഞാനികളുടെ നാവോ ആശ്വാസം വരുത്തുന്നു” (സദൃശവാക്യങ്ങൾ 12:18). മറ്റുള്ളവരുടെ കുറവുകൾ കുറ്റപ്പെടുത്താനും അപമാനിക്കാനും നാവ് ഉപയോഗിക്കാതെ, തളർന്നുനിൽക്കുന്ന ഒരാൾക്ക് ഒരു നല്ല വാക്ക് പറഞ്ഞുകൊണ്ട് പ്രത്യാശയും ആശ്വാസവും നൽകാൻ നമ്മുടെ നാവിനെ ഉപയോഗിക്കുക.
ദൈവ സ്തുതിയും ദൂഷണവും ഒരേ നാവിൽ നിന്ന് വരാതിരിക്കട്ടെ: ഒരേ ഉറവയിൽ നിന്ന് ഒരേസമയം മധുരമുള്ള വെള്ളവും കൈപ്പുള്ള വെള്ളവും ഒഴുകിവരില്ല എന്ന് യാക്കോബ് വളരെ വ്യക്തമായി ചോദിക്കുന്നുണ്ട്. ദൈവത്തെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്ന അതേ നാവുകൊണ്ട് ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട നമ്മുടെ സഹജീവികളെ വിമർശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്. ആരാധനയും സ്നേഹവും നിറഞ്ഞതായിരിക്കണം നമ്മുടെ സംസാരം.
ഹൃദയത്തിന്റെ സമൃദ്ധിയിൽ നിന്ന് നാവ് സംസാരിക്കുന്നു: “ഹൃദയം നിറഞ്ഞു കവിയുന്നതിനാലല്ലോ വായ് സംസാരിക്കുന്നത്” (മത്തായി 12:34). നമ്മുടെ ഹൃദയത്തിൽ പകയും വിദ്വേഷവും കയ്പും ആണ് നിറഞ്ഞിരിക്കുന്നതെങ്കിൽ നമ്മുടെ നാവിൽ നിന്ന് പുറത്തുവരുന്നതും അത്തരം വാക്കുകൾ തന്നെയായിരിക്കും. എന്നാൽ നമ്മുടെ ഹൃദയത്തിൽ ദൈവവചനവും സ്നേഹവും നിറച്ചാൽ, നമ്മുടെ സംസാരവും മറ്റുള്ളവർക്ക് അനുഗ്രഹമായി മാറും.
ജീവിത മാറ്റത്തിനായുള്ള പ്രാർത്ഥന
നമ്മുടെ സ്വന്തം ശക്തികൊണ്ടും ബുദ്ധികൊണ്ടും മാത്രം നാവിനെ പൂർണ്ണമായി നിയന്ത്രിക്കാനും മെരുക്കാനും സാധ്യമല്ല. അതിന് പരിശുദ്ധാത്മാവിന്റെ നിരന്തരമായ കൃപയും സഹായവും ആവശ്യമാണ്. അതിനാൽ ഓരോ ദിവസവും നമ്മൾ ദാവീദ് രാജാവിനെപ്പോലെ എളിയ ഹൃദയത്തോടെ പ്രാർത്ഥിക്കണം:
“യഹോവേ,എന്റെ വായ്ക്കു ഒരുകാവൽ നിർത്തി, എന്റെഅധരദ്വാരംകാക്കേണമേ”. (സങ്കീർത്തനങ്ങൾ 141:3)
നമ്മുടെ വാക്കുകൾ ദൈവത്തിന് പ്രഹരിതമായ സന്തോഷവും, നമ്മോട് സംസാരിക്കുന്ന ഓരോ വ്യക്തിക്കും വിടുതലും പ്രകാശവും പകർന്നുനൽകുന്നതുമായി മാറട്ടെ!
നീനു ആൻ സണ്ണി, അബുദാബി

- Advertisement -


Comments are closed.