വിചാരം: അനുശോചനം ഒരു ബോറൻ പരിപാടിയോ? | ജെ പി വെണ്ണിക്കുളം

ജയ്‌മോഹൻ അതിരുങ്കലിന്റെ അനുശോചനം സംബന്ധിച്ചുള്ള കാർട്ടൂൺ കണ്ടപ്പോൾ ഇന്നത്തെ അനുശോചനങ്ങളെക്കുറിച്ച് രണ്ടുവാക്ക് കുറിക്കണം എന്ന് തോന്നി. നമ്മളൊക്കെ ധാരാളം മരണ ശുശ്രൂഷകളിൽ പങ്കെടുക്കുന്നവരാണ്. അവിടെ നടക്കുന്ന അനുശോചനവാക്കുകളിൽ പലതും വാസ്തവത്തിൽ മരിച്ചുകിടക്കുന്ന വ്യക്തിയുമായി യാതൊരു ബന്ധവുമില്ല എന്നത് വിരോധാഭാസമായി തോന്നിയിട്ടുണ്ട്. അനുശോചനം പറയുന്ന പലരും ‘നിർബന്ധത്താൽ’ പറയുന്നവരാകയാൽ അതിൽ യാതൊരു കഴമ്പും ഉണ്ടാകയുമില്ല, മാത്രമല്ല ആവേശത്തിന്റെ പുറത്തു അനുശോചനം ചിലപ്പോൾ ‘ആശംസ’ ആകാറുമുണ്ട്!

News Middle Advt Banner

പ്രാദേശിക സഭയിലെ ശുശ്രൂഷകനെ സംബന്ധിച്ചിടത്തോളം, സഭയിൽ ഒരു മരണം ഉണ്ടായാൽ, അതിൽ പങ്കെടുക്കുന്ന ആളുകളിൽ പലരേയും ഉൾകൊള്ളിക്കുവാൻ നന്നായി പാടുപെടാറുണ്ട്. ഇനി അവസരം നൽകിയാലോ പലരും സമയക്ലിപ്തത പാലിക്കുകയുമില്ല. അതിനാൽ ആ യോഗം നിയന്ത്രിക്കുന്ന വ്യക്തി നന്നായി വിയർക്കും. ഞാൻ എന്റെ ചെവികൊണ്ട് കേട്ട പല അനുശോചന വാക്കുകളിൽ ഒന്നാണ്, ‘മരിച്ച വ്യക്തിയുമായി എനിക്ക് ഒരു ബന്ധവുമില്ലെങ്കിലും രണ്ടു വാക്ക് പറയാം’ എന്ന പ്രസ്താവന. നിങ്ങൾക്ക് അനുശോചനം പറയണമെന്നു അത്രയ്ക്കും നിർബന്ധമാണെങ്കിൽ ഇതിൽ ഒഴിവാക്കേണ്ട വാക്കുകൾ ഒഴിവാക്കുക.

കേൾവിക്കാർ എല്ലാം വിശ്വാസികൾ അല്ല. ചുറ്റുമുള്ള സാഹചര്യം കൂടി മനസ്സിലാക്കി പരിജ്ഞാനത്തോടെ വാക്കുകൾ ഉപയോഗിക്കുക. പ്രധാന ശുശ്രൂഷ ചെയുന്ന വ്യക്തിക്ക് മാന്യമായ സമയം ലഭിക്കുന്ന നിലയിൽ സമയം ക്രമീകരിക്കണം. രണ്ടു മിനിറ്റാണ് അനുശോചനത്തിനു സമയം അനുവദിച്ചിരിക്കുന്നതെങ്കിൽ ആ സമയത്തിനുള്ളിൽ നിർത്താൻ പഠിക്കുക. കുടുംബത്തേക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ലെങ്കിൽ, ഒന്നുകിൽ അവരെക്കുറിച്ചു മുൻകൂട്ടി വിവരങ്ങൾ ചോദിച്ചറിയുക അല്ലെങ്കിൽ ‘ഇവരെക്കുറിച്ച് അറിയില്ല’ എന്ന വാക്ക് ഒഴിവാക്കുക.

വചനത്തിൽ നിന്നും പ്രത്യാശ വാക്കുകൾ പറഞ്ഞു ഇരിക്കുന്നതാണ് ഉത്തമം. പിന്നെ മരിച്ച വ്യക്തി പ്രസിദ്ധനായ ആളാണെങ്കിൽ അനുശോചന സമയം മണിക്കൂറുകൾ നീണ്ടുപോകാറുണ്ട്. ഇതിന്റെയും സമയം കുറക്കുന്നത് നല്ലതാണ്. ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന ചില സംസ്കാര ശുശ്രൂഷകൾ ഓർമയിലുണ്ട്. മണിക്കൂറുകൾ ആ ബോഡിക്കു ചുറ്റും ഇരിക്കുന്നതും ഒഴിവാക്കുന്നത് നല്ലതാണ്. മനുഷ്യരാണ്, ഒരു സമയം കഴിയുമ്പോൾ ശരീരം ക്ഷീണിക്കും.

ഭക്ഷണം കഴിക്കുന്ന സമയമായെങ്കിൽ രോഗങ്ങൾ ഉള്ളവരെ പ്രത്യേകം പരിഗണിച്ചു അവർക്കു ഭക്ഷണം കൊടുക്കാനുള്ള ക്രമീകരണം ചെയ്യണം. അതുപോലെ ഇരിപ്പിടത്തിൽ മതിയായ വെളിച്ചവും കാറ്റും ലഭിക്കുന്നുണ്ടെന്നു ഉറപ്പാക്കണം. അവിടെ വോളിന്റീർസ് / സെക്യൂരിറ്റി ഉണ്ടെങ്കിൽ അവർ നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കുക. ഇതൊരു ആത്മീയ ശുശ്രൂഷയാണല്ലോ. അതു മനസ്സിലാക്കി ശുശ്രൂഷയ്ക്ക് നൽകേണ്ടുന്ന മാന്യത നൽകാൻ ശ്രദ്ധിക്കണം.

അടക്ക ദിനത്തിൽ അനുശോചനം പറയുന്നത് ഒഴിവാക്കി അല്ലാതെയുള്ള ദിവസങ്ങളിൽ വീട്ടിൽ പോയി രണ്ടുവാക്ക് പറയാൻ അവസരം ഉണ്ടെങ്കിൽ ഉപയോഗിക്കുക. തത്സമയ സംപ്രേഷണം ഉള്ള ശുശ്രൂഷ ആണെങ്കിൽ ഉപയോഗിക്കുന്ന വാക്കുകൾ കുറച്ചുകൂടി ശ്രദ്ധിക്കുക. മൃതശരീരം ബലഹീനമാണെങ്കിൽ ആ സാഹചര്യം കൂടി മനസിലാക്കി ശുശ്രൂഷ സമയം പരിമിതപ്പെടുത്തുക.

ചുരുക്കത്തിൽ, മരിച്ചവരെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുന്നത് നല്ലതുതന്നെയാണ്, ഒപ്പം കുടുംബ അംഗങ്ങളെ ആശ്വസിപ്പിക്കുന്നതും. എന്നാൽ എപ്പോൾ എങ്ങനെ എവിടെ എന്ത് പറയുന്നു എന്നത് ശ്രദ്ധിക്കുക തന്നെ വേണം.

ജെ പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading