ഐ.പി.സി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് ലീഡേഴ്‌സ് കോൺഫറൻസിന് അനുഗ്രഹീത സമാപനം

ചേപ്പാട്: ഐ.പി.സി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ ചേപ്പാട് പ്രത്യാശദീപത്തിൽ സംഘടിപ്പിച്ച ‘Leaders’ Conference 2026’ അനുഗ്രഹീതമായി സമാപിച്ചു. രണ്ട് സെഷനുകളിലായി നടന്ന സമ്മേളനത്തിൽ ഡിസ്ട്രിക്ടിലെ 70 പാസ്റ്റർമാരും കുടുംബാംഗങ്ങളും പുത്രികാ സംഘടനകളുടെ ഭാരവാഹികളും ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്തു.

News Middle Advt Banner

‘പുതുനിയമത്തിന്റെ ശുശ്രൂഷകന്മാർ’ എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ വിഷയങ്ങളിൽ ക്ലാസുകളും ചർച്ചകളും നടന്നു. ഡിസ്ട്രിക്ട് അസോസിയേറ്റ് മിനിസ്റ്റർ ഡോ. ഫിലിപ്പ് പി. തോമസ് പ്രധാന പ്രബന്ധം അവതരിപ്പിച്ചു. പാസ്റ്റർമാരായ റോയി പി. വർക്കി, ഐസക് ജോൺ, ജോയ് തോമസ്, സാജൻ ഈശോ, ജോസ് തോമസ്, ടിജോ തങ്കച്ചൻ, ബ്രദർ സൈമൺ തോമസ്, സഹോദരിമാരായ ആനി തോമസ്, മിനി ജൂബി എന്നിവർ വിവിധ ഉപവിഷയങ്ങൾ കൈകാര്യം ചെയ്തു. പാസ്റ്റർമാരായ മനു വർഗീസും മാത്യു എബ്രഹാമും വിവിധ സെഷനുകൾക്ക് അധ്യക്ഷത വഹിച്ചു.

ശുശ്രൂഷകർ നിരന്തരമായ വായനാശീലം വളർത്തേണ്ടതിന്റെ ആവശ്യകതയും സമ്മേളനത്തിൽ ചർച്ചയായി. പത്രങ്ങളുടെ എഡിറ്റോറിയൽ പേജുകളും സൺഡേ സപ്ലിമെന്റുകളും വായിച്ച് കാലിക വിഷയങ്ങളെക്കുറിച്ച് അവബോധം നേടേണ്ടതിന്റെ പ്രാധാന്യം ഡോ. ഫിലിപ്പ് പി. തോമസ് ചൂണ്ടിക്കാട്ടി.

ശുശ്രൂഷകരുടെ മാനസിക സമ്മർദ്ദങ്ങൾ, വിശ്വാസികൾ ശുശ്രൂഷകരിൽനിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങൾ, ഞായറാഴ്ചകളിൽ വിശ്വാസികൾക്ക് ലഭിക്കേണ്ട ആത്മീയ ആശ്വാസം, ദൈവവചനത്തിൽ അധിഷ്ഠിതവും കാലിക പ്രസക്തിയുള്ളതുമായ സന്ദേശങ്ങളുടെ ആവശ്യകത, ഭവനസന്ദർശനവും പ്രാർത്ഥനാ ശുശ്രൂഷയും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത, സഭ നേരിടുന്ന വിവിധ വെല്ലുവിളികൾ എന്നിവയും ചർച്ച ചെയ്തു. ചോദ്യോത്തര വേളയിൽ പങ്കെടുത്തവർ വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉന്നയിക്കുകയും വിശദീകരണങ്ങൾ ലഭിക്കുകയും ചെയ്തു.

‘നമ്മുടെ ഏറ്റവും ശ്രേഷ്ഠമായത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ’ എന്ന പ്രത്യാശയോടെ, ദൈവം നൽകിയ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിച്ച് ദൈവരാജ്യത്തിന്റെ ശുശ്രൂഷയ്ക്കായി ഫലപ്രദമായി ഉപയോഗിക്കണമെന്ന ആഹ്വാനവും സമ്മേളനത്തിൽ ഉയർന്നു.

ലൈറ്റ് ഓഫ് ഹോപ്പ് അംഗങ്ങൾ ബ്രദർ സോളമൻ വർഗീസിന്റെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷ നിർവഹിച്ചു. ബ്രദർ കെ. ജോയ് ആശംസ അറിയിച്ചു. ബ്രദർ മാത്യു വർഗീസ്, കാർത്തികപ്പള്ളി നന്ദി പ്രകാശിപ്പിച്ചു. ബ്രദർ വെസ്ലി പി. എബ്രഹാം കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചു.

അറിവും ആത്മീയ ഉണർവും പുതിയ ശുശ്രൂഷാ ദർശനവും പകർന്നുനൽകിയ സമ്മേളനം ഗ്രൂപ്പ് ഫോട്ടോ ഷൂട്ടും മികച്ച ഭക്ഷണ ക്രമീകരണങ്ങളും കൊണ്ട് ശ്രദ്ധേയമായി. സമ്മേളനത്തിന്റെ മുഴുവൻ സാമ്പത്തിക ചെലവുകളും പാസ്റ്റർ ഫിലിപ്പ് പി. തോമസ് വഹിച്ചു.

പുതിയൊരു ശുശ്രൂഷാ യാത്രയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് സമ്മേളനം സമാപിച്ചു. അടുത്ത ലീഡേഴ്‌സ് കോൺഫറൻസ് നവംബറിൽ ആലപ്പുഴ എബനേസർ സഭയിൽ നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading