വെസ്റ്റേൺ പെന്തക്കോസ്ത് കോൺഫറൻസിന് കാനഡയിൽ അനുഗ്രഹീത തുടക്കം
KE News International Desk
എഡ്മണ്ടൻ: ഒരുക്കപ്പെട്ട ഹൃദയത്തോടെ ദൈവവചനം കേൾക്കുമ്പോൾ അതിന്റെ ശക്തമായ സ്വാധീനം ജീവിതത്തിൽ ഉണ്ടാകുമെന്നും അത് നമ്മുടെ പ്രവർത്തനങ്ങളെ വ്യത്യസ്തവും അത്ഭുതകരവുമാക്കുമെന്നും വെസ്റ്റേൺ പെന്തക്കോസ്ത് കോൺഫറൻസ് കൺവീനർ പാസ്റ്റർ സാം വർഗീസ് പ്രസ്താവിച്ചു.
കാനഡയിലെ എഡ്മണ്ടൻ ലൈഫ് ചർച്ചിൽ ആരംഭിച്ച വെസ്റ്റേൺ പെന്തക്കോസ്ത് കോൺഫറൻസിന്റെ 36-ാമത് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വചനത്തിന്റെ കുറവല്ല, മറിച്ച് വചനം സ്വീകരിക്കാൻ ഒരുക്കപ്പെട്ട ഹൃദയങ്ങളുടെ അഭാവമാണ് ഈ കാലഘട്ടത്തിന്റെ വെല്ലുവിളിയെന്ന് പാസ്റ്റർ സാം വർഗീസ് പറഞ്ഞു. ഓരോരുത്തരും കേൾക്കുവാനും സ്വീകരിക്കുവാനും അതനുസരിച്ച് പ്രവർത്തിക്കുവാനും ഒരുക്കമുള്ളവരായാൽ നമ്മുടെ പ്രവർത്തനമേഖലകൾ ദൈവത്തിന്റേതായി മാറുന്നത് നേരിൽ കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് വലിയൊരു കൊയ്ത്തിന്റെ കാലമാണെന്ന് ഓർമിപ്പിച്ച അദ്ദേഹം, കർഷകൻ മികച്ച വിത്ത് ഒരുക്കപ്പെട്ട നിലത്ത് വിതച്ച് സമൃദ്ധമായ വിളവ് ശേഖരിക്കുന്നതിന്റെ ഉദാഹരണവും ചൂണ്ടിക്കാട്ടി. മുപ്പതും അറുപതും നൂറും മേനി ഫലം പുറപ്പെടുവിക്കുന്നതിനായി ജീവിതമാകുന്ന വിത്ത് നിലത്തുവീണ് ചാകുന്നതുപോലെ ഓരോരുത്തരും ദൈവഹിതത്തിനായി സമർപ്പിക്കപ്പെടണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ പാസ്റ്റർ അലക്സാണ്ടർ ജോസഫ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ), പാസ്റ്റർ നിരുപ് അൽഫോൻസ് എന്നിവർ മുഖ്യസന്ദേശങ്ങൾ നൽകി. സിസ്റ്റർ രമ്യ സാറാ ജേക്കബിന്റെ നേതൃത്വത്തിലുള്ള കോൺഫറൻസ് ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. കോൺഫറൻസ് സെക്രട്ടറി ബ്രദർ റോണി സൈമൺ മാത്യൂസ് സ്വാഗതം ആശംസിച്ചു.
വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9.30ന് ബൈബിൾ ക്ലാസും 10.30 മുതൽ 12.30 വരെ പകൽ യോഗങ്ങളും നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2ന് ലേഡീസ് മീറ്റിംഗും 3.30ന് ബിസിനസ് മീറ്റിംഗും ക്രമീകരിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 2ന് ബൈബിൾ ക്വിസ് നടക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ രാത്രി 9 വരെ പൊതുസമ്മേളനങ്ങൾ നടക്കും. ഞായറാഴ്ച രാവിലെ 9.30 മുതൽ സംയുക്ത സഭായോഗവും തിരുവത്താഴ ശുശ്രൂഷയും നടക്കും. വ്യാഴം മുതൽ ശനി വരെയുള്ള സമ്മേളനങ്ങൾ എഡ്മണ്ടൻ ലൈഫ് ചർച്ചിലും ഞായറാഴ്ചത്തെ സമ്മേളനം എഡ്മണ്ടൻ ഓയിൽ ഫീൽഡ് ടെക്നിക്കൽ സൊസൈറ്റിയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.
കോൺഫറൻസ് ഭാരവാഹികളായ ബ്രദർ റോണി സൈമൺ മാത്യൂസ് (സെക്രട്ടറി), ബ്രദർ ജിജി ഫിലിപ്പ് (ട്രഷറാർ), ബ്രദർ ഗ്ലാഡ്‌വിൻ കോശി (യൂത്ത് ഡയറക്ടർ) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റികൾ സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.


- Advertisement -


Comments are closed.