ചർച്ച് ഓഫ് ഗോഡ് കല്ലുമല സഭയുടെ നെയിം ബോർഡ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചു;
KE News Desk | Kollam
മാവേലിക്കര: ചർച്ച് ഓഫ് ഗോഡ് കല്ലുമല, അക്കനാട്ടുകര സഭയുടെ കോമ്പൗണ്ടിനകത്ത് ചർച്ചിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന എൽഇഡി ലൈറ്റ് ഘടിപ്പിച്ച നെയിം ബോർഡ് സാമൂഹിക വിരുദ്ധർ തകർത്തതായി പരാതി. ഇന്ന് രാവിലെയാണ് ബോർഡ് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് സഭാ ശുശ്രൂഷകൻ പാസ്റ്റർ ലൈജു നൈനാൻ മാവേലിക്കര പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വിവരമറിഞ്ഞെത്തിയ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
55 വർഷത്തെ ചരിത്രമുള്ള ആരാധനാലയമായ ചർച്ച് ഓഫ് ഗോഡ് കല്ലുമല സഭയുടെ സ്വത്ത് നശിപ്പിച്ച സംഭവത്തിൽ വിശ്വാസിസമൂഹം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആരാധനാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും സഭാ നേതൃത്വം ആവശ്യപ്പെട്ടു.
സംഭവത്തെ തുടർന്ന് പാസ്റ്റർ ലൈജു നൈനാൻ സംസ്ഥാന ആഭ്യന്തര മന്ത്രി, കൊടിക്കുന്നിൽ സുരേഷ് എം.പി., അരുൺകുമാർ എം.എൽ.എ., അഡ്വ. മുത്താര രാജ്, അനിൽ വർഗീസ് എന്നിവർക്ക് വിവരം കൈമാറി. ആഭ്യന്തര മന്ത്രിയുടെ ഓഫീസ് ഡിവൈഎസ്പിയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തിയതായും അറിയുന്നു.
തുടർന്ന് ബന്ധപ്പെട്ടവർ സംഭവസ്ഥലത്തെത്തി പാസ്റ്റർ ലൈജു നൈനാനെ സന്ദർശിക്കുകയും മാവേലിക്കര പോലീസ് സ്റ്റേഷനിലെത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) സനൂജുമായി കൂടിക്കാഴ്ച നടത്തി അന്വേഷണ പുരോഗതി വിലയിരുത്തുകയും ചെയ്തു.
ആരാധനാലയങ്ങൾക്കെതിരായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാൻ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പിസിഎ ആവശ്യപ്പെട്ടു.


- Advertisement -


Comments are closed.