മൗണ്ട് സീയോൻ ബൈബിൾ സെമിനാരി ആദ്യ ഇന്റർവ്യൂ ഏപ്രിൽ 21ന്

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരളാ സ്റ്റേറ്റ് എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള മൗണ്ട് സീയോൻ ബൈബിൾ സെമിനാരിയുടെ 2026-27 അധ്യയന വർഷത്തിലേക്കുള്ള ആദ്യ ഇന്റർവ്യൂ ഏപ്രിൽ 21 ചൊവ്വാഴ്ച, രാവിലെ 10 മണി മുതൽ മുളക്കുഴ സിയോൻ കുന്നിലുള്ള ക്യാമ്പസിൽ വച്ച് നടക്കുന്നു.

ഏഷ്യാ തിയോളജിക്കൽ അസോസിയേഷൻ (ATA) അക്രഡിറ്റേഷനോടുകൂടിയ ഡിപ്ലോമ ഇൻ തിയോളജി (Dip.Th.), ബാച്ചിലർ ഓഫ് തിയോളജി (B.Th.), മാസ്റ്റർ ഓഫ് ഡിവിനിറ്റി (M.Div.), മാസ്റ്റർ ഓഫ് തിയോളജി (M.Th.), എന്നീ കോഴ്സുകളും മാർട്ടിൻ ലൂഥർ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയുടെ (MLCU) സഹകണത്തോടെ പുതുതായി ആരംഭിച്ച എം.എ. ഇൻ തിയോളജി, ബി.എ. ഇൻ തിയോളജി എന്നീ കോഴ്സുകൾക്കുമായുള്ള അഡ്മിഷനാണ് ആരംഭിച്ചിരിക്കുന്നത്.

ശുശ്രൂഷാ നിയോഗം ലഭിച്ചവർക്കും, വേദപഠനത്തിന് താൽപര്യമുള്ളവർക്കും അപേക്ഷിക്കാനുള്ള അവസരമാണിത്. പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ ജൂൺ മാസത്തിൽ ആരംഭിക്കുന്നതാണ്.

ശതാബ്ദിയുടെ നിറവിൽ എത്തി നിൽക്കുന്ന മൗണ്ട് സീയോൻ ബൈബിൾ സെമിനാരിയുടെ സ്ഥാപകൻ കുക്ക് സായിപ്പ് എന്നറിയപ്പെടുന്ന റോബർട്ട് എഫ്. കുക്കാണ്. ഭാരത സുവിശേഷീകരണത്തിനുള്ള നിയോഗവുമായി ഇന്ത്യയിൽ എത്തിയ അദ്ദേഹം പ്രാദേശിക സുവിശേഷീകരണത്തിന് കാഴ്ചപ്പാടുള്ളവരെ സുവിശേഷവേലയ്ക്കായി സന്നദ്ധരാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1927-ൽ ചെങ്ങന്നൂരിലെ മുളക്കുഴയിൽ ഈ വേദവിദ്യാലയം ആരംഭിക്കുന്നത്. അന്നുമുതൽ സഭാ – സംഘടനാ വ്യത്യാസമെന്യേ ആയിരക്കണക്കിന് ശുശ്രൂഷകന്മാരെ കാലാകാലങ്ങളിൽ വിവിധ മേഖലകളിൽ സംഭാവന ചെയ്യുവാൻ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്.

ആത്മീയ നേതൃത്വത്തിലും, ഇടയ ശുശ്രൂഷയിലും അനേകരെ വാർത്തെടുത്തതോടൊപ്പം പ്രസംഗവേദികളിലും, സംഗീതശുശ്രൂഷയിലും, അധ്യാപന രംഗത്തും അനേകർക്ക് വഴികാട്ടിയാകുവാൻ ഈ വേദപാഠശാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പെന്തക്കോസ്ത് വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളിൽ തന്നെ അചഞ്ചലമായി തുടരുമ്പോഴും മൗണ്ട് സീയോൻ ബൈബിൾ സെമിനാരി കാലോചിതമായ മാറ്റങ്ങൾ പാഠ്യപദ്ധതിയിൽ കൊണ്ടുവരികയും ദശാബ്ദങ്ങളായി ഇന്നും കേരളക്കരയിലെ പെന്തകോസ്ത് വേദപഠനശാലകളിൽ മുൻനിരയിൽ തന്നെ നിൽക്കുകയും ചെയ്യുന്നു.
ഡോ. ജെയ്സൺ തോമസ് എജ്യുക്കേഷൻ ഡയറക്ടറായും, റവ. നോബിൾ ജേക്കബ് പ്രിൻസിപ്പൽ ആയും സെമിനാരിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഏറ്റവും മികച്ച സൗകര്യങ്ങളോടുകൂടിയ ഹോസ്റ്റൽ, ഉന്നത നിലവാരമുള്ള കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറി, അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനത്തിനായി വിശാലമായ കമ്പ്യൂട്ടർ ലാബ്, പഠനത്തോടൊപ്പം തന്നെ സുവിശേഷ പ്രവർത്തനങ്ങൾക്കുള്ള അവസരങ്ങൾ, പഠനശേഷം ഉറപ്പായ പ്രവർത്തന മേഖലകൾ എന്നിവ മൗണ്ട് സീയോൻ ബൈബിൾ സെമിനാരി വാഗ്ദാനം ചെയ്യുന്നു.

 

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.