ദൈവമഹത്വം മടക്കി കൊണ്ടുവരാന്‍ ആഹ്വാനം; ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ വാര്‍ഷിക കണ്‍വന്‍ഷനു തുടക്കം

KE News Desk | Liverpool
അജിന്‍ തോമസ് മാവേലിക്കര

ലിവര്‍പൂള്‍ . ഉപദേശ വിശുദ്ധിയിൽ ജീവിച്ചു നഷ്ടപ്പെട്ട ദൈവമഹത്വം മടക്കി കൊണ്ടുവണ്ടുവരാനുള്ള ആഹ്വാനവുമായി ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ 19ാം വാര്‍ഷിക കണ്‍വന്‍ഷനു തുടക്കം.

തലമുറയുടെ സകല പരാജയങ്ങളുടെയും അടിസ്ഥാനകാരണം ദൈവമഹത്വം നമ്മിൽ നിന്നും വിട്ടുപോയതാണെന്നു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ചൂണ്ടിക്കാട്ടി.

മരുഭൂമിയിൽ ഇസ്രായേൽ ജനത്തിന്റെ വിജയത്തിനും അനുഗ്രഹങ്ങൾക്കും കാരണം അവരുടെ മധ്യേയുണ്ടായിരുന്ന ദൈവസാന്നിധ്യമായിരുന്നു. പെട്ടകത്തിന്റെ മേൽ വെളിപ്പെട്ട ദൈവതേജസാണ് അവർക്കു വഴികാട്ടിയും സംരക്ഷണവും ശക്തിയും നൽകിയത്. പെട്ടകം നിർമിച്ച ഖദിരമരത്തിനോ തങ്കത്തിനോ സ്വതന്ത്രമായ ശക്തിയില്ലായിരുന്നു. ദൈവമഹത്വം ഇല്ലാത്ത പെട്ടകം വെറും ഒരു സാധാരണ പെട്ടി മാത്രമായിരുന്നെങ്കില്‍ ദൈവസാന്നിധ്യം അതിന്മേൽ പ്രത്യക്ഷപ്പെടുമ്പോള്‍ “ബലത്തിന്റെ പെട്ടകമായി” മാറുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

 

സഭകളില്‍ ദൈവ സാന്നിധ്യമില്ലെങ്കില്‍ ഫലം ദൈവത്തിന്റെ ന്യായവിധിയുടെ കരമായിരിക്കുമെന്നു മുഖ്യ പ്രഭാഷണം നടത്തിയ കേരള പിവൈപിഎ പ്രസി‍ഡന്‍റ് പാസ്റ്റര്‍ ഷിബിന്‍ ജി. ശാമുവേല്‍ മുന്നറിയിപ്പു നല്‍കി. ദേവാലയത്തിന്റെ ചരിത്രം നോക്കുമ്പോള്‍ ഇതു വ്യക്തമാണ്. ഏതു പ്രസ്ഥാനമാണെങ്കിലും ദൈവസാന്നിധ്യമില്ലെങ്കില്‍ ദൈവം അതിനെ അടിച്ചു തകര്‍ത്തുകളയും. സഭകളില്‍ ദൈവ സാന്നിധ്യം ഇല്ലാതെ പോകരുത്. ദൈവ സാന്നിധ്യം നഷ്ടപ്പെട്ട ആലയത്തെ നോക്കിയപ്പോഴാണ് യേശു കരഞ്ഞത്. ദൈവ സാന്നിധ്യമില്ലെങ്കില്‍ സുരക്ഷിതത്വം നഷ്ടപ്പെട്ടു എന്നാണ് മനസിലാക്കേണ്ടത്.

മാര്‍ത്തയുടെയും മറിയയുടെയും വീട്ടില്‍ ക്രിസ്തുവിന്റെ കരച്ചില്‍ നിസ്സഹായതയുടേതായിരുന്നില്ല. കാല്‍വറിയില്‍ വേദനിക്കുമ്പോഴും തെറ്റു ചെയ്യാതിരുന്നിട്ടും ശിക്ഷ വിധിച്ചപ്പോഴും യേശു കരഞ്ഞില്ല.

ഭാരമേറിയ മരക്കുരിശ് വഹിക്കുമ്പോഴും, ആണി കരങ്ങളില്‍ അടിച്ചു കയറ്റുമ്പോഴും കരയാത്ത ക്രിസ്തുവിന് ആരെല്ലാം തന്നെ കൈവിട്ടാലും പിതാവു കൈവിടില്ല എന്ന ഉറപ്പുണ്ടായിരുന്നു. അധരവും ഹൃദയവും തമ്മില്‍ ബന്ധമില്ലാത്തതാണ് ഇന്നു നേരിടുന്ന പ്രതിസന്ധിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

ലണ്ടന്‍ഡെറി സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ബെന്നി വര്‍ഗീസ്, യോവില്‍ സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ തോമസ് വര്‍ഗീസ് എന്നിവര്‍ പ്രാര്‍ഥിച്ച് ആരംഭിച്ച കണ്‍വന്‍ഷന്‍ ഐപിസി യുകെ അയര്‍ലന്‍ഡ് റീജിയണ്‍ സെക്രട്ടറി പാസ്റ്റര്‍ ഡിഗോള്‍ ലൂയിസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. കണ്‍വന്‍ഷന്‍ കണ്‍വീനര്‍ പാസ്റ്റര്‍ വില്‍സണ്‍ ബേബി ലിവര്‍പൂളിലെ സഭാ ചരിത്രവും പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. സോണി ഏബ്രഹാം മാന്‍സ്ഫീഡ് ആശംസ അറിയിച്ചു.

ഐപിസി ജനറല്‍ ജോയിന്‍റ് സെക്രട്ടറി പാസ്റ്റര്‍ തോമസ് ജോര്‍ജ് വരും ദിവസത്തെ യോഗങ്ങളില്‍ മുഖ്യസന്ദേശം നല്‍കും. ശനി രാവിലെ യുവജനങ്ങള്‍ക്കുള്ള പ്രത്യേക യോഗവും ഉച്ചയ്ക്കു ശേഷം സണ്ടേസ്കൂള്‍, പിവൈപിഎ, വനിതാ സമാജം വാര്‍ഷിക യോഗങ്ങള്‍ നടക്കും. ഞായറാഴ്ച പൊതു ആരാധനയോടെയാകും സമാപനം.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.