ലേഖനം: ക്ഷമ – ഒരു ദൈവദാനം | സ്നേഹ അഗസ്റ്റിൻ

ക്ഷമ എന്നത് മനുഷ്യജീവിതത്തിലെ ഏറ്റവും മഹത്തായ ഗുണങ്ങളിൽ ഒന്നാണ്. ദൈവം നമുക്ക് നൽകിയ ഈ അനുഗ്രഹം നമ്മുടെ ആത്മീയ ജീവിതത്തെ ശക്തിപ്പെടുത്തുന്നു. ക്ഷമ ഉള്ളവർ ജീവിതത്തിലെ ഏത് കഷ്ടതകളെയും അതിജീവിക്കാൻ കഴിവുള്ളവരാണ്. ബൈബിൾ ആദ്യം മുതൽ അവസാനം വരെ ക്ഷമയെ ഒരു ദൈവീക ഗുണമായി വർണ്ണിക്കുന്നു.

ഈ ലോകത്തിൽ ജീവിക്കുന്ന ഓരോ വ്യക്തിക്കും ക്ഷമ ആവശ്യമാണ്. വ്യക്തിബന്ധങ്ങളിൽ, കുടുംബജീവിതത്തിൽ, ജോലിസ്ഥലത്ത്, ആത്മീയ ജീവിതത്തിൽ – എവിടെയും ക്ഷമ ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യമാണ്. ക്ഷമ ഇല്ലാത്ത ഒരു ജീവിതം കടലിൽ നങ്കൂരമില്ലാത്ത കപ്പൽ പോലെ ദിശ തെറ്റി അലഞ്ഞുതിരിയും.

“ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും ജിത മാനസൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ.” (സദൃശ്യവാക്യങ്ങൾ 16:32)

ക്ഷമ വെറും നിഷ്ക്രിയ കാത്തിരിപ്പ് മാത്രമല്ല; അത് ദൈവത്തിൽ ഉറച്ചുനിന്ന്, ഏത് പ്രതിസന്ധിയിലും ചഞ്ചലപ്പെടാതെ, പ്രത്യാശയോടെ മുന്നോട്ടു കൊണ്ടുപോകുന്നു

ക്ഷമ രണ്ടുവിധത്തിൽ കാണാം: ഒന്ന്, ദൈവത്തിൽ ആശ്രയിച്ചുള്ള ക്ഷമ, രണ്ട്, മനുഷ്യരോടുള്ള ക്ഷമ. ദൈവത്തിൽ ആശ്രയിക്കുന്ന ക്ഷമ നമ്മെ ദൈവഹിതം നിറവേറ്റുവോളം കാത്തിരിക്കാൻ പ്രാപ്തരാക്കുന്നു. മനുഷ്യരോടുള്ള ക്ഷമ നമ്മുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ക്ഷമയും ദയയും ഉള്ളവരാക്കി മാറ്റുകയും ചെയ്യുന്നു.

“നിങ്ങൾ ക്ഷമ കൊണ്ട് നിങ്ങളുടെ പ്രാണനെ നേടും.” (ലൂക്കോസ് 21:19)

ആത്മീയ ജീവിതത്തിൽ ക്ഷമ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. യേശുക്രിസ്തു തന്റെ ജീവിതംകൊണ്ടു തന്നെ ക്ഷമയുടെ മഹത്വം കാണിച്ചുതന്നു. “എന്നാൽ യേശു ; പിതാവേ, ഇവർ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കണമേ എന്നു പറഞ്ഞു;” (ലൂക്കാ 23:34). ഇതാണ് യഥാർത്ഥ ക്ഷമയുടെ മാതൃക.

ദൈവം നമ്മോടു ക്ഷമ കാണിച്ചതുപോലെ, നാം അന്യോന്യം ക്ഷമിക്കണം. ദൈവത്തിന്റെ ദീർഘക്ഷമ നമ്മുടെ ജീവിതത്തിൽ ദൃശ്യമാകുന്നത് നാം അന്യോന്യം ക്ഷമ കാണിക്കുമ്പോഴാണ്.

ഇയ്യോബ് ദൈവഭക്തനായ ഒരു മനുഷ്യൻ ആയിരുന്നു. കഠിനമായ കഷ്ടതകളിൽ കൂടി കടന്നുപോയി . എന്നാൽ ദൈവത്തിൽ ഉള്ള അദ്ദേഹത്തിന്റെ വിശ്വാസം ഒരിക്കലും ക്ഷയിച്ചില്ല. ഇയ്യോബിന്റെ ക്ഷമ ഇന്നും ദൈവഭക്തർക്ക് ഒരു മാതൃകയാണ്. ക്ഷമ ദൈവം നൽകുന്ന ഒരു ദാനമാണ്, കഷ്ടതകൾ ക്ഷമയെ വിരുദ്ധമായ ദിശയിലേക്കു തള്ളുന്നു, എന്നാൽ ദൈവത്തിൽ ഉള്ള ആശ്രയം ക്ഷമിക്കാൻ ഉള്ള കൃപ തരുന്നു .

“സഹിഷ്ണുത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്നു പുക്ഴ്ത്തുന്നു . യോബിൻ്റെ സഹിഷ്ണത നിങ്ങൾ കേട്ടും കർത്താവ് വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു.” (യാക്കോബ് 5:11)

ദൈവം നമ്മോടു ദീർഘക്ഷമ കാണിക്കുന്നു. ദൈവം നമ്മുടെ ദൗർബ്ബല്യങ്ങൾ അറിഞ്ഞുകൊണ്ടു നമ്മോടു ക്ഷമ കാണിക്കുന്നു. ഈ ദൈവീക ദീർഘക്ഷമ നാം മനസ്സിലാക്കി, അതേ മനോഭാവത്തോടെ ജീവിക്കുവാൻ നമ്മൾ ശ്രമിക്കണം.

സംഭവബഹുലമായ ഈ ലോകത്തിൽ ദൈവം ആദ്യ നൂറ്റാണ്ടു മുതൽ ഇന്നുവരെ ദീർഘക്ഷമ കാണിക്കുന്നു. ദൈവം ആഗ്രഹിക്കുന്നത് ആരും നശിച്ചുപോകാതെ നിത്യജിവൻ പ്രാപിക്കണം എന്നാണ്.

ക്ഷമ ദൗർബ്ബല്യത്തിന്റെ അടയാളമല്ല, മറിച്ച് ആന്തരിക ശക്തിയുടെ തെളിവാണ്. ക്ഷമ കൊണ്ട് ജയിക്കുന്ന വ്യക്തി ഒരു ശൂരനെക്കാൾ ബലവാനാണ്.

ഒരു ദൃഢഹൃദയൻ ക്ഷമ നഷ്ടപ്പെടാതെ, ശാന്തചിത്തനായി ഇരിക്കും. ദേഷ്യം, പകതീർക്കൽ – ഇവ ഒഴിവാക്കി ക്ഷമ കൈക്കൊള്ളുന്നത് ഒരു ദൈവ ഭക്തന്റെ ഉത്തമ ഗുണമാണ്.

“വിവേകബുദ്ധിയാൽ മനുഷ്യനു ദീർഘക്ഷമ വരുന്നു” . (സദൃശ്യവാക്യങ്ങൾ 19:11)

ക്ഷമ നഷ്ടപ്പെടുമ്പോൾ ജീവിതത്തിൽ ഒട്ടനേകം പ്രയാസങ്ങൾ ഉണ്ടാകും. ദേഷ്യം ബന്ധങ്ങൾ നശിപ്പിക്കും, കലഹം ഉണ്ടാക്കും.

ക്ഷമ ഇല്ലാത്ത ഒരു മനസ്സ് ദൈവ ഹിതത്തിൽ നിന്ന് അകലും. ദൈവം ക്ഷമിക്കുന്ന ദൈവമാണ്.

“തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൽ”. [ എഫെ 4: 32]

ദൈവത്തിന്റെ കൃപ വെളിപ്പെടുന്നത് ഒരു ക്ഷമ ഉള്ള ഹൃദയത്തിലൂടെ ആണ്.

ദൈവഹിതം തേടുക, ദൈവ വചനം വായിക്കുക, പ്രാർത്ഥിക്കുക – ഇവ ക്ഷമിക്കുവാൻ നമ്മെ പഠിപ്പിക്കുന്നു . ദൈവആത്മാവ് നമ്മിൽ ഉണ്ടെങ്കിൽ ക്ഷമ സ്വാഭാവികമായി ഉണ്ടാകും.

ദൈവ ജനം കഷ്ടതകൾ ക്ഷമയോടെ അനുഭവിക്കുകയും ദൈവത്തിൽ ആശ്രയം വയ്ക്കുകയും ചെയ്യും. ദൈവ ഇഷ്ടം ചെയ്‌ത് വാഗ്ദത്തം ലഭിക്കണമെങ്കിൽ ക്ഷമ ആവശ്യം തന്നെ.

“ദൈവേഷ്ടം ചെയ്‌തു വാഗ്ദത്തം പ്രാപിക്കാൻ സഹിഷ്ണത നിങ്ങൾക്കു ആവശ്യം” (എബ്രായർ 10:36)

ക്ഷമ ബന്ധങ്ങൾ ഉറപ്പിക്കും, കൂട്ടായ്‌മ ശക്തിപ്പെടുത്തും, ദൈവ ജനത്തിന്റെ ഐക്യം ഉണ്ടാക്കും. ഇത് ദൈവ മഹത്വത്തിനു കാരണമാകും.

“ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിജയം ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല .” (ഗലാത്യർ 5:22-23)

ക്ഷമ ഒരു ദൈവ ദാനം ആണ്, അത്മാവിൻ്റെ ഫലത്തിൽ ഒന്നാണ് . ക്ഷമ ഉള്ളവർ മറ്റുള്ളവർക്ക് ഒരു അനുഗ്രഹം ആകും.

ക്ഷമിക്കുന്നത് മറ്റുള്ളവർക്കു മാത്രം വേണ്ടിയല്ല; അത് നമ്മുടെ ഹൃദയത്തിനും സമാധാനവും സ്വാതന്ത്ര്യവും നൽകുന്നു. ക്ഷമിക്കാത്ത ഹൃദയം ഭാരമേറിയതാകുന്നു, പക്ഷേ ക്ഷമിക്കുന്ന ഹൃദയം സന്തോഷത്തിലും സമാധാനത്തിലും നിറഞ്ഞിരിക്കും.

അതിനാൽ, നമുക്ക് ദൈവത്തിന്റെ സ്നേഹം മനസ്സിലാക്കി, ജീവിതത്തിൽ ദൈവ ആശ്രയം ഉള്ളവരായി, ക്ഷമ കൊണ്ട് ജീവിതം വിജയം നേടാൻ ദൈവം നമ്മെ സഹായിക്കട്ടെ.

 

സ്നേഹ അഗസ്റ്റിൻ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading