ലേഖനം: ദൈവ നിയോഗമുള്ളവനെ ദൈവം പുറത്തു കൊണ്ടുവരും | സിബി ബാബു (യു. കെ)
ദൈവ നിയോഗമുള്ളവനെ ഈ ലോകത്തിലെ മനുഷ്യർ മറക്കാം, അവഗണിക്കാം, ഒതുക്കിവെക്കാം. പക്ഷേ ദൈവത്തിന്റെ കൈ ഒരിക്കലും അവനിൽ നിന്ന് വിട്ടുമാറുന്നില്ല, ദൈവം അവനെ ഉപേക്ഷിക്കുന്നില്ല. വിളിച്ച ദൈവം വിശ്വസ്തനാണ്. ദൈവ നിയോഗമുള്ളവനെ തക്ക സമയത്തു ദൈവം പുറത്തു കൊണ്ടുവരും.
ദൈവത്തിന്റെ പ്രവർത്തികൾ മനുഷ്യന്റെ സമയപരിധിക്കുള്ളിൽ ഒതുങ്ങുന്നതല്ല. ഭയപ്പെടേണ്ട, ദൈവം ഒരിക്കലും വൈകുന്നില്ല; അവൻ തക്ക സമയത്ത് മാത്രം പ്രവർത്തിക്കുന്നവനാണ്.
യോസേഫ് തന്റെ സഹോദരന്മാരാൽ തള്ളപ്പെടുകയും, അടിമയായി വിൽക്കപ്പെടുകയും, കാരാഗൃഹത്തിൽ അടയ്ക്കപ്പെടുകയും ചെയ്തു. മനുഷ്യരുടെ കണക്കിൽ യോസേഫ് അവസാനിച്ചു എന്നു തോന്നിയ സമയത്താണ് ദൈവത്തിന്റെ സമയം ആരംഭിച്ചത്.
തക്ക സമയത്ത് ദൈവം തന്നെ അവനെ കാരാഗൃഹത്തിൽ നിന്ന് പുറത്തു കൊണ്ടുവന്നു, മിസ്രയീമിന്റെ ഭരണാധികാരിയായി ഉയർത്തി.
തക്ക സമയത്ത് ദൈവം യോസഫിനെ പുറത്തു കൊണ്ടുവന്നു; ജാതികളുടെ മേൽ അധികാരിയാക്കി. (സങ്കീർത്തനങ്ങൾ 105:19–22)
ദാവീദ് ആടുകളെ മേയിച്ചുകൊണ്ടിരുന്ന, മനുഷ്യരുടെ കണ്ണിൽ അവഗണിക്കപ്പെട്ട ഒരു ബാലനായിരുന്നു. സ്വന്തം പിതാവും സഹോദരന്മാരും പോലും അവന് വില കല്പിച്ചില്ല. പക്ഷേ ദൈവത്തിന്റെ സമയം വന്നപ്പോൾ, ആടുകളെ മേയിച്ചിരുന്ന ദാവീദിനെ, ആളയച്ചു വിളിച്ചു വരുത്തി തന്റെ പിതാവിന്റെയും, സഹോദരന്മാരുടെയും മുമ്പിൽ വെച്ചു ദൈവം അഭിഷേകം ചെയ്തു, ദൈവം ദാവീദിനെ ഇസ്രായേലിന്റെ രാജാവാക്കി ഉയർത്തി.
അവൻ തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; ആടുകളെ മേയിച്ചിരുന്ന സ്ഥലത്തുനിന്നു അവനെ കൊണ്ടുവന്നു. (സങ്കീർത്തനങ്ങൾ 78:70–71)
അതുപോലെ തന്നെയാണ് മോശയുടെ ജീവിതവും. രാജമന്ദിരത്തിൽ വളർന്ന മോശ, ഒരു നിമിഷം കൊണ്ട് എല്ലാം വിട്ട് മരുഭൂമിയിൽ എത്തപ്പെട്ടു. മനുഷ്യരുടെ കണക്കിൽ അത് അവന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ കാലഘട്ടം ആയിരുന്നു.
മരുഭൂമിയിൽ അവൻ 40 വർഷം നിശ്ശബ്ദതയിലും, ഒറ്റപ്പെടലിലും ആയിരുന്നു. എന്നാൽ ദൈവത്തിന്റെ കണക്കിൽ അത് ഉപേക്ഷണമല്ല, അതൊരു ദൈവീക തയ്യാറെടുപ്പായിരുന്നു, ദൈവീക വിശുദ്ധീകരണമായിരുന്നു.
തക്ക സമയത്ത്, ദൈവം തന്നെ അവനെ വിളിച്ചു. മരുഭൂമിയിൽ നിന്ന്, മുൾപടർപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവനു പ്രത്യക്ഷനായി.
ദൈവത്തിന്റെ ശബ്ദം അവനെ തേടി വന്നു. മനുഷ്യർ മറന്ന മോശയെ ദൈവം മറന്നില്ല. മരുഭൂമിയിൽ ഒളിപ്പിച്ച മോശയെ ദൈവം പുറത്ത് കൊണ്ടുവന്നു, ഇസ്രായേൽ ജാതിയുടെ വീണ്ടെടുപ്പുകാരനാക്കി, ദൈവം പുറത്ത് കൊണ്ടുവന്നു.
ദൈവത്തിന്റെ സമയത്ത് തന്നെ വാതിലുകൾ തുറക്കും, അത് ആർക്കും അടയ്ക്കാൻ കഴിയുകയില്ല.
നിയോഗമുള്ളവനെ ദൈവം മറക്കില്ല,
അവർ ചെയ്യേണ്ടത് ഇത്രമാത്രം, ഇത് നമ്മെ വിശുദ്ധീകരിയ്ക്കാനും, പണിയാനുമുള്ള ദൈവ നിയോഗമാണെന്ന് മനസിലാക്കികൊണ്ട്, കർത്താവിനോട് കൂടെ നടന്നു വിശ്വാസത്തോടെ കാത്തിരിക്കുക. തക്ക സമയത്ത്, ദൈവം തന്നെ നിന്നെ പുറത്തു കൊണ്ടുവരും. ദൈവ നിയോഗമുള്ളവനെ ആര് മറന്നാലും ദൈവം മറക്കില്ല.
സിബി ബാബു (യു. കെ)

- Advertisement -



Comments are closed, but trackbacks and pingbacks are open.