ലേഖനം: ഇതും നമ്മൾ കടന്നു പോകും, ദൈവകൃപയാൽ | രാജി ബെന്നി, അബുദാബി
ഈ ജീവിതയാത്രയിൽ പലവിധമായ പ്രതിസന്ധികളിലൂടെ കടന്നു പോകുന്നവരാണ് നമ്മളിൽ പലരും. ഭയത്തിലും നിരാശയിലും കഴിയുന്നവർ ഉണ്ട്. നാളെ എന്തായി തീരുമെന്ന ആശങ്കയിൽ ആത്മഹത്യ മാത്രമേ ഇതിന് പ്രതിവിധി ഉള്ളൂഎന്ന് മനസ്സിൽ തീരുമാനിച്ച് ഉറപ്പിച്ചിരിക്കുന്നവർ, പ്രതിസന്ധികളെ നോക്കി പരിഭ്രമിച്ച് എന്ത് ചെയ്യും? ഇനി ഒരു പ്രതീക്ഷയും ഈ വിഷയത്തിൽ ഇല്ല., എല്ലാം അവസാനിച്ചു, ജീവിതം മടുത്തു എന്ന് വിചാരിച്ചിരിക്കുന്നവരെ നിങ്ങൾ ഒരു നിമിഷം ഇത് വായിക്കുക…
ഈ പ്രതികൂല സാഹചര്യത്തിൽ ദൈവസന്നിധിയിൽ നമുക്ക് ആശ്രയിക്കാം. (2 കൊരിന്ത്യർ 12:9)
അവൻ എന്നോടു: എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. മനുഷ്യർക്ക് പലപ്പോഴും നമുക്ക് വേണ്ടി ഒന്നും ചെയ്യാൻ സാധിക്കുകയില്ല, പലരും നമ്മളെ അകറ്റി നിർത്താൻ സാധ്യതയുമുണ്ട് പക്ഷേ പ്രാർത്ഥനയിൽ മുട്ടുമടക്കി ദൈവത്തോട് നാം അപേക്ഷിച്ചാൽ തള്ളിക്കളയുന്ന ഒരു ദൈവമല്ല നമുക്കുള്ളത്. അപ്പോസ്തല പ്രവർത്തി നാലാം അധ്യായം നമ്മൾ വായിക്കുമ്പോൾ സഭയ്ക്ക് ഒരു ബുദ്ധിമുട്ട് വന്നപ്പോൾ പത്രോസും യോഹന്നാനും സഭയും ഒരുമനപ്പെട്ട് ദൈവകൃപയ്ക്ക് വേണ്ടി പ്രാർത്ഥിച്ചു എന്നു കാണുന്നു. അവിടെ അവർ പ്രതികൂലത്തിൽ ദൈവകൃപയ്ക്ക് വേണ്ടി പ്രാർത്ഥിച്ചപ്പോൾ പരിശുദ്ധാത്മാവിനാൽ നിറഞ്ഞു ദൈവവചനം ധൈര്യത്തോടെ പ്രസ്താവിക്കാൻ അവർക്ക് സാധിച്ചു എന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നു (അപ്പോസ്തല പ്രവർത്തികൾ 4:29-31) ദൈവകൃപ നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ അത് നമുക്ക് ആന്തരിക സമാധാനവും ഏത് പ്രതിസന്ധിയും തരണം ചെയ്യാനുള്ള ധൈര്യവും നൽകും. ചില സാഹചര്യങ്ങളിൽ നമ്മുടെ വിദ്യാഭ്യാസമോ കഴിവോ പണമോ ഒന്നും സഹായിക്കാത്ത അവസ്ഥകളിലൂടെ നമ്മൾ കടന്നുപോകും. എന്നാൽ പ്രാർത്ഥനയിലൂടെ ലഭിക്കുന്ന ദൈവശക്തിക്ക് മാത്രമേ നമ്മെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ.മുന്നോട്ടു പോകാൻ പറ്റില്ല എന്ന് നമ്മൾ വിചാരിക്കുന്ന കാര്യങ്ങൾ പോലും ദൈവകൃപ വന്നാൽ സാധ്യമാകും. ഈ പ്രതികൂല കാലഘട്ടത്തെ തരണം ചെയ്യാൻ ദൈവം തരുന്ന ആ ധൈര്യം നമ്മളെ ഒരു പുതിയ മനുഷ്യനാക്കി മാറ്റുന്നു. ഈ കൃപ നമ്മളുടെ പ്രതിസന്ധികൾ തരണം ചെയ്യാൻ മാത്രമല്ല, ഇതേ സാഹചര്യത്തിലൂടെ കടന്നുപോകുന്നവരെ ചേർത്തുനിർത്താനും നമ്മെ പ്രാപ്തരാക്കുന്നു.
നമ്മുടെ ചുറ്റുമുള്ള പലരും ഭയത്തിലും നിരാശയിലും കഴിയുന്നവരാണ്. അവർക്കായി പ്രാർത്ഥിക്കാനും അവരെ കരുതലോടെ ചേർത്തുനിർത്താനും നമുക്ക് ബാധ്യതയുണ്ട്. എസ്തേർ തൻറെ ജനത്തിന് ഒരു ബുദ്ധിമുട്ട് വന്നപ്പോൾ, തനിക്ക് ലഭിച്ച പദവിയിൽ സന്തോഷത്തോടെ ആയിരിക്കുവാൻ അല്ല തിരഞ്ഞെടുത്തത് ജനത്തിനു വേണ്ടി ഉപവസിച്ചു പ്രാർത്ഥിക്കുവാൻ മുന്നിട്ടിറങ്ങി. ദൈവത്തോട് ഉപവസിച്ചു പ്രാർത്ഥിച്ചപ്പോൾ അവൾക്ക് ഒരു അസാധാരണ ധൈര്യം ദൈവം നൽകി അത് ജനത്തിന് അനുഗ്രഹമായി തീർന്നു. ഈ പ്രതികൂല സാഹചര്യത്തിൽ നമുക്കും പ്രാർത്ഥിക്കാം ഉപവസിക്കാം ദൈവകൃപയ്ക്ക് വേണ്ടി അപേക്ഷിക്കാം ഈ സാഹചര്യങ്ങളെ കടന്നുപോകുവാൻ ദൈവം നമുക്ക് ധൈര്യം നൽകും. ഇതും നമ്മൾ കടന്നു പോകും – ദൈവകൃപയാൽ.
രാജി ബെന്നി, അബുദാബി

- Advertisement -



Comments are closed, but trackbacks and pingbacks are open.