അനുസ്മരണം: നികത്താനവാത്ത നഷ്ടം – മോളി മാത്യു

തയ്യാറാക്കിയത്: ബിനു ജോസഫ് വടശ്ശേരിക്കര

പ്രിയ തമ്പിച്ചായൻ്റെ സഹധർമ്മിണി മോളി ആൻ്റിയുടെ വിയോഗം വളരെയധികം അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ മാസം പ്രസന്നവതിയായി എന്നേ അറ്റ്ലാൻ്റയിലെ വീട്ടിൽ നിന്നു യാത്രയാക്കുമ്പോൾ ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല ഇത് അവസാന കൂടികാഴ്ചയാകുമെന്ന്. കഴിഞ്ഞ ദിവസത്തെ ഒരു ഫോൺകോളിൽ ആൻ്റി ചോദിച്ചു: ” ബിനു സാറെ ഇനി എപ്പോഴാ ഇങ്ങോട്ട് വരുന്നേ?” കഴിഞ്ഞ മൂന്നോളം വർഷമായി താൻ നേരിടുന്ന ശാരീരിക ക്ലേശങ്ങൾക്ക് വിരാമമായി, 2026 ജനുവരി 26 ന് പ്രഭാതത്തിൽ താൻ പ്രീയം വെച്ച കർത്താവിൻ്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.

പല പ്രാവശ്യം അറ്റ്ലാൻ്റെയിലുള്ള വീട്ടിൽ താമസിക്കുവാനും ആൻ്റിയുടെ അതിഥേയത്വം സ്വീകരിക്കുവാനും കഴിഞ്ഞിട്ടുണ്ട്. സ്നേഹത്തോടും കരുതലോടും കൂടെ ദൈവദാസന്മാരെ പരിചരിക്കുവാൻ ആൻ്റി കാണിച്ച ഉത്സാഹം എടുത്തുപറയത്തക്കതാണ്.

ഈ കഴിഞ്ഞ മാസത്തിൽ ചില ദിവസങ്ങൾ അവിടെ ചിലവഴിച്ചത് മറക്കാനാവാത്ത ഒന്നായി മാറി. പലപ്പോഴും “എനിക്ക് കർത്താവിൻ്റെ സന്നിധിയിൽ പോയാൽ മതിയെന്ന് ആൻ്റി പറയുമ്പോൾ ” ഇല്ല ആൻ്റി പേപ്പർ വർക്ക് നടക്കുന്നേ ഉള്ളൂ, ധൃതിപ്പെട്ടേണ്ട എന്ന് ഞാൻ പറയുമായിരുന്നു”.

രണ്ട് വർഷം മുമ്പ് തനിക്ക് നേരിട്ട ഒരു വീഴ്ചയെ തുടർന്ന് 100 ലധികം ദിവസങ്ങൾ ആശുപത്രിയിലും വെൻ്റിലേറ്ററിലുമായി ജീവനും മരണത്തിനുമിടയിൽ കഴിച്ചു കൂട്ടി. പലപ്പോഴും മരണത്തെ മുഖാമുഖം കണ്ടെങ്കിലും അനേകരുടെ പ്രാത്ഥനയാലും തമ്പി അങ്കിളിൻ്റെ ആഴമായ വിശ്വാസത്താലും ദൈവം ആൻ്റിക്ക് ജീവൻ മടക്കി നൽകി.

തുടർന്ന് വീൽ ചെയറിലും കിടക്കയിലുമായിരുന്നെങ്കിലും തൻ്റെ ഉള്ളിലെ പ്രത്യാശക്ക് ഭംഗം വന്നില്ല.

ഈ അവസ്ഥകളിൽ മറ്റാരിലും കാണാത്ത ചില വിശിഷ്ട സ്വഭാവങ്ങൾ തമ്പിച്ചായനിൽ കാണാൻ കഴിഞ്ഞു.

ഒരു കൊച്ചു കുട്ടിയെ പരിപാലിക്കും പോലെ ആൻ്റിയെ കരുതുകയും പാലിക്കുകയും ചെയ്തു. ശാരീകക്ഷീണങ്ങളെ വകവയ്ക്കാതെ ഒരു സന്തത സഹചാരിയായി കൂടെ നിന്നു. തൻ്റെ മിഷൻ യാത്രകൾ വെട്ടിക്കുറച്ചു. ഒരു നിഴൽ പോലെ തന്നോടൊപ്പം നിന്നു.

തൻ്റെ ക്ഷീണം വകവെയ്ക്കാതെ ആൻ്റിയെ പരിചരിക്കാനും ആരാധനയ്ക്കും മറ്റുമായി പുറത്തു കൊണ്ടുപോകുവാനും കാണിച്ച മനസ്സ് വലുതാണ്. വീൽ ചെയറിൽ തള്ളി കൊണ്ടുപോകുക, വാഹനത്തിൽ എടുത്ത് ഇരുത്തുക, ആഹാരം വാരിനൽകുക മുതൽ പ്രാഥമിക കർമ്മങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളിലും തമ്പിച്ചായൻ്റെ കരങ്ങൾ തന്നെയായിരുന്നു.

ഡിസംബർ മാസത്തിൽ കാൽവറി അസംബ്ലിയിൽ നടന്ന സീനിയേഴ്സ് മീറ്റിംഗിൽ ആൻ്റി പറഞ്ഞ സാക്ഷ്യത്തിൽ “എനിക്ക് എൻ്റെ ജീവിതത്തിൽ ഒറ്റ ആഗ്രഹമേ ഉള്ളൂ, എങ്ങനെയെങ്കിലും കർത്തു സന്നിധിയിൽ പോകണം.”

മകൾ പ്രിസ്ക്കില്ലയുടെ അകാലത്തിലെ വേർപ്പാട് തന്നെ വളരെയധികം തളർത്തി. നാളുകളായി മകൾ നേരിട്ട രോഗാവസ്ഥകളെ നേരിടുവാൻ കഴിഞ്ഞത് ദൈവകൃപ ഒന്ന് കൊണ്ട് മാത്രമാണ്.

2022 ൽ കേരളത്തിലും വടക്കേ ഇന്ത്യയിലും അങ്കിളിനൊപ്പം ആൻ്റി യാത്ര ചെയ്തു. എക്സൽ ഓഫീസിൽ താമസിച്ച് ഞങ്ങളുടെ ആഥിത്യം സ്വീകരിച്ചു. “ഇനിയും ഞാൻ ഇന്ത്യയിലേക്ക് വരുമെന്ന് തോന്നുന്നില്ല എന്ന് പറഞ്ഞാണ് മടങ്ങിയത് “.

തമ്പി അങ്കിളിൻ്റെ ശുശ്രൂഷയിൽ വലങ്കെയായി പ്രവർത്തിച്ച ആൻ്റിയുടെ വേർപ്പാട് ഉണ്ടാക്കുന്ന വിടവ് വലുതാണ്. സുവിശേഷീകരണത്തിന് പണം കണ്ടെത്തുവാൻ വേണ്ടി നടത്തിവന്ന പ്രിസില്ല പുസ്തകശാലയുടെ നടത്തിപ്പിന് ആവശ്യമായ എല്ലാം ചെയ്തിരുന്നത് മോളി ആൻ്റിയാണ് .

മിഷൻ യാത്രകൾക്കായി തമ്പി അങ്കിൾ യാത്ര ചെയ്യുമ്പോൾ പുസ്തകശാല, കുഞ്ഞുങ്ങളുടെ കാര്യം തുടങ്ങിയവ എല്ലാം പരാതി കൂടാതെ ചെയുന്നത് ആന്റി തന്നെയായിരുന്നു.

കഴിഞ്ഞ പലയാത്രകളിലും ഞാൻ അറ്റ്ലാൻ്റയിൽ എത്തുമ്പോൾ എനിക്കു വേണ്ടി വളരെ ശുചികരമായ ആഹാരം ഒരുക്കിയിരുന്നത് ആൻ്റിയായിരുന്നു. എല്ലാം വിളമ്പിയിട്ട് ” ബിനു സാറെ കൂട്ടാനും കറിയും ഒന്നു ശരിയായില്ല” എന്നു കൂടി കൂട്ടി ചേർക്കുമായിരുന്നു. ഇത്തവണത്തെ യാത്രയിൽ ആൻ്റിക്കൊപ്പം സമയം ചിലവഴിക്കാനും അല്പമായി സഹായിക്കാനും കഴിഞ്ഞതിൽ എനിക്കു വളരെ ചാരിഥാർത്യം ഉണ്ട്.

തൻ്റെ സഹായത്തിനായി വരുന്ന ലോറ എന്ന മെക്സിക്കൻ സഹോദരിയെ കൊണ്ട് മീൻ കറിയും ദോശയും സാമ്പാറും മോരും ഉണ്ടാക്കാൻ ഉള്ള പരിശീലനം വീൽചെയറിൽ ഇരുന്നു കൊടുത്തു. (ആൻ്റിയുടെ പരിചരണത്തിൽ ലോറയുടെയും നാൻസിയുടെയും ആത്മാർത്ഥത (പ്രശംസനീയമാണ്) വീട്ടുകാര്യങ്ങൾ, മകളുടെ കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഉള്ള ശ്രദ്ധ, എടുത്തു പറയത്തക്കതാണ് .

പരാതിയും പരിഭവവുമില്ലാതെയുള്ള തൃപ്തിനിറഞ്ഞ ജീവിതശൈലിയായിരുന്നു തൻ്റേത്.

പലപ്പോഴും ശാരീരികമായി രോഗിയാകുന്നത് ഒരു പ്രതിസന്ധിയായിരുന്നെങ്കിലും അതിനെ പ്രാർത്ഥനയാൽ അതിജീവിച്ചാണ് കഴിഞ്ഞ 70 വർഷവും ജീവിച്ചത്.

പുസ്തകശാലയിൽ ഉള്ളപ്പോൾ ഒരിക്കൽ ഒരു മോഷ്ടാവ് തോക്കു ചൂണ്ടി പണം കവർച്ച ചെയ്തത് ഒരു ഞെട്ടലോടെയാണ് ഓർമ്മിക്കുന്നത്. ജീവനും മരണത്തിനും ഇടയിൽ ഒരു നിമിഷം!

മാതൃക ദമ്പതികളായി നീണ്ടവർഷങ്ങൾ കുടുംബജീവിതം നയിച്ച് ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും മസ്ക്കറ്റിലും തുടർന്ന് അമേരിക്കയിലും ജീവിക്കുവാനും കർത്താവിനായി പ്രവർത്തിക്കുവാനും ദൈവം ആൻ്റിയെ സഹായിച്ചു.

ആരോടും അമിതമായ സ്നേഹവും പ്രകടനങ്ങളും ഇണക്കവും പിണക്കവും ഇല്ലായിരുന്നേങ്കിലും എല്ലാവരെയും കരുതാനുള്ള മനസ്സ് വലുതായിരുന്നു.

2026 ജനുവരി 26 പ്രഭാതത്തിൽ ആറ് മണിക്ക് പതിവുപോലെ എഴുന്നേറ്റു, തമ്പി അങ്കിളിന്റെ സഹായത്തോടെ പ്രഭാതകൃത്യങ്ങൾക്ക് ശേഷം പ്രാർഥിച്ച് കിടന്ന ആന്റി ചില മിനുട്ടുകൾക്കുള്ളിൽ ശാന്തമായി ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു. തമ്പി അങ്കിളിനെയും മക്കളായ ജോൺസൺ, പീറ്റേഴ്സൺ, ജെൻസൺ കുടുംബങ്ങളെയും മരുമകൻ ജോസിയെയും കുഞ്ഞുങ്ങളെയും ദൈവം ആശ്വസിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

നിത്യതയിൽ കാണാം എന്ന പ്രതീക്ഷയോടെ എക്സൽ കുടുംബാംഗങ്ങൾ…

(സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 7 നു അറ്റ്ലാന്റയിൽ നടക്കും)

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.