ഭാവന: ധനവാന്റെ കത്ത് | മോളി ജോണി

എത്രയും സ്നേഹം നിറഞ്ഞ അങ്കിളും ആന്റിയും കുഞ്ഞുങ്ങളും അറിയുന്നതിന്,
നിങ്ങളെയൊക്കെ കാണാതായിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളു എങ്കിലും വേർപാടിന്റെ വലിയ ദുഃഖം ഞാനിപ്പോൾ മനസ്സിലാക്കുന്നു. നിങ്ങൾക്കും അങ്ങനെ തന്നെ ആയിരിക്കുമെന്ന് വിചാരിക്കുന്നു. കുഞ്ഞുങ്ങൾ എല്ലാവരും സുഖമായി ഇരിക്കുന്നുവോ? സ്കൂളിൽ പോകുന്നുണ്ടോ? നമ്മളുടെ അങ്കിളുമാരും ആന്റിമാരും എല്ലാം സുഖമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു. വളരെ അവശതയിൽ കിടന്നിരുന്ന പലരും ഇന്ന് സുഖം പ്രാപിച്ചു ജീവിച്ചിരിക്കുന്നുവല്ലേ. ഒരു കുഴപ്പവുമില്ലാതെ ചാടി ഓടി നടന്നിരുന്ന എന്നെയാണല്ലോ മരണം പെട്ടന്ന് പിടികൂടിയത്. അടിച്ചുപൊളിച്ചു നടന്ന, ആർഭാടമായി ജീവിച്ചിരുന്ന ആ നല്ല നാളുകൾ എന്റെ ജീവിതത്തിലിനി ഒരിക്കലും ഉണ്ടാകില്ലല്ലോ എന്നോർക്കുമ്പോൾ ഞാൻ വളരെയധികം വിഷമിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നു.

എന്റെ ഇവിടുത്തെ ജീവിതം പറഞ്ഞാൽ വളരെ കഷ്ടമാണ്, ഒരു നേരത്തെ ആഹാരത്തിനു ഞാൻ വളരെ കൊതിക്കുന്നു. എന്തിനേറെ, ഒരുതുള്ളി വെള്ളംപോലും ഇവിടെ കിട്ടാനില്ല. ഒരു മൊബൈൽ ഫോൺ പോലും തരില്ല. ഇവിടെ നിന്നും അങ്ങോട്ടൊന്നു വന്നിട്ടു പോരാനുള്ള അനുവാദമെങ്കിലും എനിക്ക് കിട്ടിയിരുന്നെങ്കിൽ എല്ലാ വിശേഷങ്ങളും ഞാൻ വിവരിച്ചു പറയാമായിരുന്നു. എന്നാൽ നിൽക്കുന്നിടത്തുനിന്നും ഒന്നു അനങ്ങാൻ പോലും ഇവിടെ അനുവാദം ഇല്ല. ദയവുചെയ്തു ഇങ്ങോട്ട് ആരും വരാൻ ശ്രമിക്കരുത്. മാത്രമല്ല എന്റെ കത്തിലെ എല്ലാ വിവരങ്ങളും നമ്മുടെ എല്ലാ ബന്ധുക്കളോടും അയൽക്കാരോടും പറയണം. ആരെങ്കിലും ഇങ്ങോട്ട് വരാൻ തയ്യാറെടുക്കുന്നുണ്ടെങ്കിൽ അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അതിൽ നിന്നും പിൻതിരിപ്പിക്കണം. വിശദമായി വന്നുപറയാൻ ഒരു നിർവാഹവുമില്ലാത്തതിനാലാണ് ഞാൻ ഇപ്രകാരം ഒരു കത്ത് അയയ്ക്കുന്നത്.

ഇവിടുത്തെ ജീവിതത്തെയും ചുറ്റുപാടിനെയും കുറിച്ച് വിവരിക്കാൻ എനിക്ക് കഴിയുന്നില്ല. കാരണം അത്രമാത്രം ഭീകരമാണിവിടം. എല്ലാത്തരം ക്ഷുദ്രജീവികളും എന്റെ ശരീരത്തിലൂടെ ഇഴഞ്ഞു നടക്കുകയാണ്. അയ്യോ എന്നൊന്നു വിളിയ്ക്കാൻ വായ തുറന്നാൽ അവ വായിൽ വരെ കയറും. പാമ്പും തേളും എല്ലാം അതിൽ ഉൾപ്പെടും. സാധാരണ പാമ്പും തേളും കടിച്ചാൽ മരണം നിശ്ചയം അല്ലെ, എന്നാൽ ഒരു ദിവസം എണ്ണാൻ പറ്റാത്തവിധം കടികൾ ഞാൻ കൊള്ളുന്നു. ഉഗ്രവിഷം ഏറ്റിട്ടും മരണം സംഭവിക്കുന്നില്ല.അതായത് ഇനി ഒരിക്കലും ഇതിൽ നിന്നും ഒരു മോചനമില്ല. എങ്ങനെയെങ്കിലും ഒന്നു തീർന്നുകിട്ടിയിരുന്നെങ്കിൽ എന്നു ആത്മാർത്ഥമായി ആഗ്രഹിച്ചുപോകുന്നു. 24മണിക്കൂറും ശീതീകരണ മുറികളിൽ മാത്രം ജീവിച്ചിരുന്ന എനിക്ക് കിട്ടിയതു തീയേക്കാൾ ആയിരം മടങ്ങെങ്കിലും ചൂട് കൂടുതലുള്ള അഗ്നിക്കകത്താണ് കിടക്കുന്നത്. അതിൽ വെന്തുരുരുകി ഒന്നു തീർന്നു കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചു പോവുകയാണ്. എങ്കിൽ ഇതൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നല്ലോ. എന്തു ചെയ്യാം എല്ലാം എന്റെ വിധി. എന്റെ അങ്കിളേ, ഒരിക്കൽ മരണവും പിന്നീട് ന്യായവിധിയും ഉണ്ടെന്നും, അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിനു ദൈവത്തിന്റെ ന്യായസനത്തിന് മുമ്പിൽ നിൽക്കേണ്ടി വരും എന്നു അമ്മച്ചി സന്ധ്യാപ്രാർത്ഥന സമയത്തു വേദപുസ്തകത്തിൽ നിന്നും വായിക്കുന്നത് നമ്മൾ കേട്ടിട്ടില്ലേ. അതൊക്കെയും സത്യമാണ്.

സുവിശേഷം പറഞ്ഞുവരുന്നവരെ നമ്മൾ വീട്ടിൽ കയറ്റാതെ ഗേറ്റ് അടച്ചു ആട്ടി ഓടിക്കുമായിരുന്നില്ലേ. നമ്മൾ കാറിൽ യാത്ര ചെയ്യുമ്പോൾ അവരിൽ പലരും നാൽക്കവലകളിൽ യേശുവിനെക്കുറിച്ച് വിളിച്ചുപറയുന്നത് നമ്മൾ കേട്ടിട്ടില്ലേ. അവരൊക്കെ വന്നു സുവിശേഷം പറഞ്ഞാൽ ഇനിയും അതൊക്കെ കേൾക്കണം, അനുസരിക്കണം അതുപോലെ ജീവിക്കണം. അല്ലെങ്കിൽ എന്നെപോലെതന്നെ നിങ്ങളെയും കാലും കയ്യും കെട്ടി ഈ തീപ്പൊയ്കയിൽ തള്ളിയിടും.

പിന്നെ അങ്കിളേ, നമ്മുടെ വീടിന്റെ ഗേറ്റിന്റെ പരിസരത്തു ഒരുവൻ കിടക്കുമായിരുന്നില്ലേ. ശരീരം മുഴുവൻ പൊട്ടി അളിഞ്ഞു നാറ്റം വെച്ച് കിടന്നിരുന്നവൻ. ഞാൻ ഇപ്പോൾ അവന്റെ പേര് ഓർക്കുന്നില്ല. നമുക്ക് അവനോടു എന്തൊരു അറപ്പ് ആയിരുന്നു. എത്രപ്രാവശ്യം നമ്മൾ അവനെ കാർക്കിച്ചു തുപ്പിയിട്ടുണ്ട്. അത്രനാളും അവിടെ കിടന്നിട്ടും ഒരുനേരത്തെ നല്ല ഭക്ഷണംപോലും നമ്മൾ കൊടുത്തിരുന്നില്ലല്ലോ. അവൻ മരിച്ചപ്പോൾ ഒരു തെരിവു പട്ടിയെ കുഴിച്ചിടുന്നപോലെയല്ലേ ആ മുനിസിപ്പാലിറ്റിക്കാര് അവനെ കുഴിച്ചിട്ടത്. ഞാനിവിടെ അടുത്ത് ഒരിടത്തു അവനെ കണ്ടു. അങ്കിളേ! ഇപ്പോൾ അവനെ ഒന്നു കാണണം,കണ്ടിട്ട് ആളെ മനസ്സിലായില്ല ആദ്യം. അവനിവിടെ അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ കാണുമ്പോൾ എനിക്ക് ലജ്ജയും അപമാനവും തോന്നിപോകുന്നു. അവന്റെ വീട്ടിലേക്കു പോകുന്ന റോഡില്ലേ, അത് സ്വർണ്ണം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. മതിലുകളാകട്ടെ രത്നങ്ങൾ കൊണ്ടാണ്.നമ്മളുടെ കയ്യിൽ ഒരു വജ്രമോതിരം കിടന്നപ്പോൾതന്നെ എന്തായിരുന്നു ഗമ. “കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ, മാളിക മുകളിലേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ” എന്നു നമ്മൾ സ്കൂളിൽ പഠിച്ചിരുന്നത് എത്ര വാസ്തവമായിരുന്നു. അവൻ താമസിക്കുന്ന വീട് മാത്രമല്ല ആ പരിസരമാകെ പളപളാ തിളങ്ങുകയാണ്. എന്നാലും അതിന്റെ അഹങ്കാരമൊന്നും അവന്റെ മുഖത്തു കാണാനില്ല. നമ്മൾ ഭക്ഷിച്ചു നമ്മുടെ നായ്ക്കൾക്കും കൊടുത്തിട്ടു ബാക്കി അല്ലെ അവൻ ഭക്ഷിച്ചിരുന്നത്. എന്നാൽ ഇന്ന് അവന്റെ സ്ഥിതി ഒന്നു കാണണേണ്ടത് തന്നെയാണ്. പക്ഷെ ഇവിടെ നിന്നാർക്കും അങ്ങോട്ടും, അവിടെനിന്നാർക്കും ഇങ്ങോട്ടും പ്രവേശനമില്ല. ഏതെങ്കിലും കുറുക്കുവഴിയേ ഒരു അഡ്മിഷൻ ശരിയാക്കിത്തന്നാൽ എത്ര ലക്ഷങ്ങൾ വേണമെങ്കിലും തരാമെന്നു ഞാൻ വളരെ രഹസ്യമായി ആ വാച്ച്മാനോട് ഒന്നു പറഞ്ഞുനോക്കി.കേട്ട നിമിഷംതന്നെ അയാളെന്റെ കഴുത്തിന് കുത്തിപ്പിടിച്ച് പടുകുഴിയിലേക്ക് തള്ളിയിട്ടു.നിനക്കൊക്കെ ഒരു മുടക്കുമില്ലാതെ അതിനൊക്കെ ധാരാളം അവസരം ഭൂമിയിൽ ഉണ്ടായിരുന്നതല്ലേ. ഇനി അതിനൊന്നും അവസരമില്ല. ഇനി ഒരിക്കലും അന്തമില്ലാത്ത അനന്തമായ ഈ സുഖസൗകര്യങ്ങളിൽ അടങ്ങിയൊതുങ്ങിക്കഴിഞ്ഞാൽ മതി, മാത്രവുമല്ല ഭൂമിയിലായിരുന്നപ്പോൾ തൊടുന്നതിനും പിടിക്കുന്നതിനും കൈക്കൂലി തന്നു, എന്റെ ഗതികേടിനു ഞാനതു കൈനീട്ടി വാങ്ങുകയും ചെയ്തു. അതുകൊണ്ടാണ് ഞാനും ഇവിടെ എത്തേണ്ടിവന്നതെന്നു ഒരു ആക്രോശവും കേട്ടു.
നമ്മുടെ വാതിൽക്കൽ വെറുക്കപ്പെട്ടവനായി കിടന്ന അവൻ ഇന്ന് ആയിരിക്കുന്ന സ്ഥാനത്തെക്കുറിച്ചു പറഞ്ഞാൽ നിങ്ങൾക്കു മനസ്സിലാകില്ല. അതുകണ്ടാൽ മാത്രമേ നിങ്ങളും വിശ്വസിക്കുകയുള്ളു. അബ്രഹാമിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും മടിയിൽ പാർപ്പിക്കേണമേ എന്നു പ്രാർത്ഥിച്ചിരുന്നതും വെറുതെയായി. അവനെയാണ് അബ്രഹാം പിതാവ് മടിയിൽ കയറ്റി വച്ചിരിക്കുന്നത്. അതുപോലെതന്നെ ഞാൻ അനുഭവിക്കുന്ന ഈ വിഷമതകൾ അവനു കാണാം, അവനെ എനിക്കും കാണാം എന്നതൊഴികെ ഞങ്ങൾ തമ്മിൽ വലിയ അന്തരമുള്ളതിനാൽ ഒന്നു കൈകൊടുക്കാൻ പോലും സാധിക്കില്ല, കണ്ണാടിമതിലാണ് അവർക്ക് ചുറ്റും (തീവ്ര പരിചരണ വിഭാഗത്തിൽ ഒക്കെ രോഗികൾ കിടക്കുമ്പോൾ നാം അവരെ കാണുന്നതുപോലെ ഉണ്ട്. അവിടുത്തെ ഉദ്യാനത്തിലെ പൂക്കളും വൃക്ഷങ്ങളിലെ ഫലങ്ങളും കണ്ടാൽ വെള്ളമൂറുകയാണ്.ദാഹിച്ചുവലഞ്ഞു അവശനായി കിടന്ന ഞാൻ ഒരുതുള്ളി വെള്ളമെങ്കിലും എന്റെ നാവിലേക്കൊന്നു ഉറ്റിച്ചുതരാമോ എന്നു നാണംകെട്ടു ചോദിച്ചുപോയി. ആ ചെറുക്കൻ എന്തെങ്കിലും മറുപടി പറയുന്നതിനുമുമ്പുതന്നെ അബ്രഹാം പിതാവ് അതു വിലക്കി. അവന്റെ മുഖത്ത് ഒരു സഹാനുഭൂതി കാണുന്നുണ്ടായിരുന്നു. എന്നെ സഹായിക്കില്ല എന്നുമനസ്സിലായപ്പോൾ ഞാൻ എന്നെമറന്നു നിങ്ങൾക്കുവേണ്ടി ഒരു കാര്യം ചോദിച്ചു. ആ ചെറുക്കനെ ഭൂമിയിലേക്കൊന്നയച്ചു എന്റെ സ്വന്തക്കാരോടു സുവിശേഷം അറിയിക്കുമോ, അപ്പോൾ അവർക്ക് വിശ്വാസമാകും എന്നു പറഞ്ഞു. മരിച്ചുപോയ വ്യക്തി വീണ്ടും ഭൂമിയിൽ തിരിച്ചെത്തിയാൽ സ്വാർത്ഥരായ മനുഷ്യർ പ്രേതമെന്നു വിചാരിച്ചു അവനെ തറയ്ക്കാനോ തളയ്ക്കാനോ നോക്കും. അതുകൊണ്ട് ഞാനിവിടെ ഒരിക്കലും വിടില്ല, അവിടെ സുവിശേഷകന്മാരും ലിഖിതമായ വേദപുസ്തകവുമുണ്ട് എന്നുപറഞ്ഞ് അബ്രഹാം പിതാവ് മടിയിലിരുന്ന ആ ചെറുക്കനെ ഇറുകെ പുണർന്നു. അതുകൊണ്ട് കണ്ണുനീരിൽ കുതിർന്ന ഈ കത്ത് എല്ലാവരെയും വായിച്ചുകേൾപ്പിക്കേണം. എന്റെ കുഞ്ഞനിയന്മാരോടും എല്ലാ വിവരങ്ങളും പറയണം. അങ്കിൾ പറഞ്ഞാൽ അവരൊക്കെ അനുസരിക്കും. നല്ല പ്രവർത്തികൾ ചെയ്യാനും വേദപുസ്തകം വായിക്കാനും, അതിനനുസരിച്ചു ജീവിക്കാനും പറയുകയും നിങ്ങൾ അങ്ങനെ ചെയ്യുകയും വേണം. മരണത്തിന് മുമ്പുള്ള മനുഷ്യന്റെ ജീവിതത്തിനാനിവിടെ പ്രാധാന്യം. മരണാനന്തരം ജീവിച്ചിരിക്കുന്നവരുടെ ധൂപപ്രാർത്ഥനയോ, ഒപ്പീസോ, സഞ്ചയനമോ ഒന്നും ഒരു ഗുണവും ചെയ്യുകയില്ല. എനിക്കുവേണ്ടി നിങ്ങൾ അതൊക്കെ വേണ്ടുവോളം നടത്തിയില്ലേ. പണനഷ്ടം മാത്രമേ അതിൽനിന്നും ഉണ്ടാവുകയുള്ളു. വിഡ്ഢികൾ എന്നുപറഞ്ഞു ഇവിടെയുള്ളവർ അപ്പോൾ പരിഹസിച്ചു ചിരിക്കുകയായിരുന്നു. അപ്പോൾ അനാഥമന്ദിരത്തിൽ സദ്യനടത്തിയിട്ടോ, നാടൊട്ടുക്കു വിളിച്ചു ശ്രാദ്ധം നടത്തിയിട്ടോ ഒന്നും ഒരു ഗുണവുമില്ല. അതുകൊണ്ട് നിങ്ങളെയൊക്കെ അടുത്തുകാണാൻ ആഗ്രഹമുണ്ടെങ്കിലും ഒരു കാരണവശാലും ഇവിടേക്കു വരരുത് എന്ന് ഞാൻ അപേക്ഷിക്കുന്നു. നല്ലവരായി ജീവിച്ചു നല്ല അന്ത്യം പ്രാപിച്ച് ആ നിത്യാനന്ദത്തിലേക്കു പോകുവാൻ മാത്രം നിർദ്ദേശിച്ചുകൊണ്ട് വേദനയോടെ കത്ത് ചുരുക്കുന്നു.

എന്ന് സ്വന്തം…
ധനവാൻ

 

മോളി ജോണി

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.