വാർത്തയും യാഥാർത്ഥ്യവും: ജെമീമയും എറിക്ക് ലിഡലും നമുക്ക് നൽകുന്ന സന്ദേശം
ജെമീമയുടെ ഉജ്ജ്വലമായ പ്രകടനവും ഓസ്‌ട്രേലിയ്ക്കെതിരായ ഇന്ത്യയുടെ വിജയവും വാർത്തകളിൽ നിറയുമ്പോൾ ക്രിക്കറ്റ് താരം അനുഭവിച്ച വേദനയുടെയും കണ്ണീരിന്റെയും ഏട് ചിലരെങ്കിലും വർത്തയാക്കി. പിതാവ് മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ജെമീമയുടെ അംഗത്വം ഘാർ ജിംഘാന റദ്ദാക്കിയത് അവരെ വിഷാദത്തിലേക്ക് നയിച്ചു. പൊതുസമൂഹവും ക്രിക്കറ്റ് അധികാരികളും തഴഞ്ഞ ജെമീമ, ഏതാനും ദിവസങ്ങൾക്കു മുൻപ് കാഴ്ച വെച്ച നക്ഷത്രത്തിളക്കമുള്ള വിജയം സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയ മറ്റൊരു താരത്തിന്റ കഥയെ ഓർമ്മിപ്പിക്കുന്നു. ആ സംഭവം നടക്കുന്നത് നൂറു വർഷം മുൻപ് നടന്ന പാരീസ് ഒളിമ്പിക്സിലാണ്. കഥാ നായകന്റെ പേര് എറിക്ക് ലിഡൽ.

1924-ൽ നടന്ന പാരിസ് ഒളിമ്പിക്സിൽ ബ്രിട്ടനെ പ്രതിനിധീകരിച്ച “പറക്കുന്ന സ്കോട്ട്ലൻഡുകാരൻ” എന്നറിയപ്പെട്ടിരുന്ന എറിക് ലിഡൽ ചെയ്ത പ്രവൃത്തി രാജ്യദ്രോഹത്തിന് സമാനമായിരുന്നു. പാരിസ് ഒളിമ്പിക്സിലെ 100 മീറ്റർ ഓട്ടം നടക്കുന്നത് ഒരു ഞായറാഴ്ചയായിരുന്നു. ക്രിസ്തീയ മിഷണറിമാരുടെ മകനായി ജനിച്ച് ദൈവഭക്തിയിലും ദൈവഭയത്തിലും വളർന്നുവന്ന എറിക് സഭായോഗം മുടക്കാൻ പാടില്ലെന്ന് വിശ്വസിച്ചിരുന്നു. അതുകൊണ്ട്, തന്നെ കർത്താവിന്റെ ദിവസത്തിൽ ഓടുന്ന പ്രശ്നമില്ലെന്ന് എറിക് ബ്രിട്ടീഷ് ഒളിമ്പിക് കമ്മിറ്റിയെ അറിയിച്ചു. അവർ പരിഭ്രാന്തരായി. ഇത്രയും നല്ലൊരു അവസരം കളഞ്ഞു കുളിക്കുന്നതിനെ അവർ ശക്തമായി എതിർത്തു. അവർ എറിക്കിനെ ആവുന്നത്ര പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. രാജ്യത്തിനു വേണ്ടി ഒരു ആരാധനായോഗം ഒഴിവാക്കി ഓടി വിജയം നേടുന്നതിൽ അപ്പുറം എന്ത് ദൈവഭക്തിയാണുള്ളതെന്ന് അവർ എറിക്കിനോട് ചോദിച്ചു. എന്നാൽ, തികഞ്ഞ ദൈവഭക്തനായ എറിക്കിന് കുലുക്കമില്ലായിരുന്നു. ആരാധന മുടക്കി ഓടില്ല! 100 മീറ്റർ ഓട്ടം നടന്ന ദിവസം എറിക്ക് പാരിസിലെ ഒരു സ്കോട്ടിഷ് സഭയിൽ ആരാധനയിൽ പങ്കെടുത്ത് ദൈവവചനം പ്രസംഗിച്ചു.

എറിക്കിന്റെ നിഷേധാത്മകമായ പെരുമാറ്റം ബ്രിട്ടനിൽ വലിയ കോളിളക്കം ഉണ്ടാക്കി. പത്രമാധ്യമങ്ങളും എം. പി. മാരും സ്കോട്ട്ലൻഡിന്റെ ഹീറോയെന്ന് വിശേഷിപ്പിച്ചിരുന്ന എറിക് ഒരു ദിവസം കൊണ്ട് അവരുടെ മുന്നിൽ പിന്തിരിപ്പനായി. സ്വന്തം രാജ്യത്തിന്റെ യശസ്സ് ഉയർത്തേണ്ട ചെറുപ്പക്കാരൻ മതഭ്രാന്ത് പിടിച്ച് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണെന്ന ആക്ഷേപം വന്നു. മാധ്യമങ്ങൾ അദ്ദേഹത്തെ രാജ്യദ്രോഹി എന്നു വരെ വിളിച്ചു.
എറിക്കിന്റെ അസാമാന്യ പ്രാപ്തിയെപ്പറ്റി അറിയാമായിരുന്ന ബ്രിട്ടീഷ് ഒളിമ്പിക് കമ്മിറ്റി, അദ്ദേഹത്തിന് ഒരു അവസരം കൂടി കൊടുക്കാൻ തയ്യാറായി. ഒളിമ്പിക്സിൽ 200 മീറ്റർ ഓട്ടത്തിനുള്ള അവസരം അവർ നൽകി. ഞായറാഴ്ച ഓടാൻ വിസമ്മതിച്ചതും എറിക്കിന്റെ ദൈവഭക്തിയും വലിയ വാർത്തയായിരുന്നു. അതുകൊണ്ട് തന്നെ എറിക്കിന്റെ പ്രകടനത്തിനു വേണ്ടി കാണികൾ കാത്തിരുന്നു. 200 മീറ്റർ ഓട്ടത്തിൽ അദ്ദേഹത്തിന് വെങ്കലം ലഭിച്ചു. അതിനുശേഷം കമ്മിറ്റി അദ്ദേഹത്തിന് 400 മീറ്റർ ഓട്ടത്തിന് അവസരം കൊടുത്തു. കാണികൾ അപ്പോഴും ആവേശഭരിതരും ആകാംക്ഷാഭരിതരും ആയിരുന്നു. എറിക് ഓടി തുടങ്ങി. 47.6 സെക്കന്റിനുള്ളിൽ സർവ്വ റെക്കോർഡുകളും തകർത്ത് ഒന്നാമതെത്തി. അതൊരു ലോക റെക്കോർഡ് ആയിരുന്നു. വിശ്വാസത്തിനു വേണ്ടി നിലകൊണ്ടപ്പോൾ ഒറ്റപ്പെട്ടുപോയ, സ്വന്തം രാജ്യം രാജ്യദ്രോഹി എന്നു വിളിച്ച എറിക്കിന്റെ അസാമാന്യ പ്രകടനം കണ്ട് കാണികൾ ഇളകിമറിഞ്ഞു. എറിക്കിന്റെ തീരുമാനം ശരിയാണെന്ന് അവർ അന്ന് മനസ്സിലാക്കി. തന്റെ വിജയത്തെപ്പറ്റി അദ്ദേഹം മാധ്യമങ്ങളോട് ഇങ്ങനെയാണ് പറഞ്ഞത്, “ഓട്ടത്തിന്റെ ആദ്യത്തെ പകുതി ഞാൻ പരമാവധി വേഗത്തിൽ ഓടി. രണ്ടാമത്തെ പകുതി, ദൈവത്തിന്റെ സഹായത്തോടെ കൂടുതൽ വേഗതയിൽ ഞാൻ ഓടി”.
ചൈനയിൽ മിഷണറിമാരായിരുന്ന ഒരു സ്കോട്ടിഷ് കുടുംബത്തിലായിരുന്നു എറിക്ക് ജനിച്ചത്. എറിക്കിന്റെ പിതാവ് റവ. ജെയിംസ് ഡൺലപ് ലിഡലും മാതാവ് മിസിസ് ജെയിംസും ലണ്ടൻ മിഷണറി സൊസൈറ്റി മിഷണറിമാരായിരുന്നു. ആറാമത്തെ വയസ്സിൽ എറിക്കിനെ അവർ വിദ്യാഭ്യാസത്തിനായി ചൈനയിൽ നിന്ന് ലണ്ടനിലേക്ക് അയച്ചു. സ്കൂളിലും കോളേജിലും എറിക് അത്റ്റിക്സിൽ വലിയ താല്പര്യം കാണിക്കുകയും പരിശീലനം നേടുകയും ചെയ്തു. 1924 പാരിസ് ഒളിമ്പിക്സിലെ പോലെ അഭൂതപൂർവ്വമായ പല പ്രകടനങ്ങളും സ്വന്തം രാജ്യത്തിനു വേണ്ടി കാഴ്ച വച്ച എറിക് ചെറുപ്പത്തിൽ തന്നെ എല്ലാ പ്രശസ്തിയും പ്രതാപവും സമ്പത്തും ഉന്നതസ്ഥാനങ്ങളും ഉപേക്ഷിച്ച് ചൈനയിൽ ഒരു മിഷനറിയായി പോയി. തന്റെ മാതാപിതാക്കളുടെ പാത അദ്ദേഹം പിന്തുടർന്നു. 1932-ൽ അദ്ദേഹത്തിന് ഓർഡിനേഷൻ ലഭിച്ചു. 1934-ൽ കാനഡയിൽ നിന്നുള്ള മിഷനറിയായ ഫ്ലോറൻസിനെ എറിക് വിവാഹം കഴിച്ചു. എറിക്കിന് ചൈനയിലെ ജീവിതം സുഖകരമായിരുന്നില്ല. അവിടെ ആഭ്യന്തരയുദ്ധവും ജപ്പാൻകാരുടെ ആക്രമണവും രൂക്ഷമായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ തുടക്കത്തിൽ ജപ്പാൻ കിഴക്കൻ ചൈന പിടിച്ചടക്കിയപ്പോൾ എറിക് ഭാര്യയെയും കുട്ടികളെയും സുരക്ഷയ്ക്കായി കാനഡയിലേക്ക് അയച്ചു. എറിക് വടക്കൻ ചൈനയിൽ സുവിശേഷപ്രവർത്തനങ്ങൾ നടത്തി. യുദ്ധത്തിന്റെ കെടുതികളിൽ അകപ്പെട്ടവരെ സഹായിച്ചു. പട്ടിണി കൊണ്ടു മരിക്കുന്നവർക്ക് ആഹാരം എത്തിച്ചു നൽകി. രോഗികളെ ശുശ്രൂഷിച്ചു. ജപ്പാനീസ് പട്ടാളക്കാരുടെ കൈകളിൽനിന്ന് ചൈനീസ് പൗരൻമാരെ രക്ഷിച്ചു.
ഒടുവിൽ, 1943-ൽ ജാപ്പനീസ് സൈന്യം എറിക് സേവനം ചെയ്ത പ്രദേശം പിടിച്ചടക്കിയപ്പോൾ അദ്ദേഹത്തെ അവർ തടവുകാരനായി പിടിച്ച് താൽകാലിക ക്യാമ്പിൽ അടച്ചു 1800 യൂറോപ്യൻ വംശജരും 300 കുട്ടികളും ആ ക്യാമ്പിൽ ഉണ്ടായിരുന്നു. ക്യാമ്പിലെ മിക്ക തടവുകാരും വിഷാദത്തിന് അടിപ്പെട്ട് മൂകരായപ്പോൾ എറിക് അവർക്കു വേണ്ടി ബൈബിൾ ക്ലാസ്സ്, സയൻസ് ക്ലാസ്സ്, ഓട്ട മത്സരം, സ്പോർട്സ് എന്നിവ സംഘടിപ്പിച്ചു. തനിക്കു കിട്ടുന്ന ഭക്ഷണം മറ്റുള്ളവർക്ക് നൽകി. തടവുകാരെ ആശ്വസിപ്പിക്കാനും സഹായിക്കാനും അദ്ദേഹം തന്റെ സമയം ചെലവഴിച്ചു. തടവുകാർ അദ്ദേഹത്തെ “എറിക് അങ്കിൾ” എന്നു വിളിച്ചു. രണ്ടുവർഷം ക്യാമ്പിലെ കഠിനമായ സാഹചര്യങ്ങളിൽ കൂടി എറിക് കടന്നുപോയി. പെട്ടെന്ന് അദ്ദേഹം രോഗിയായി മാറി. അസഹനീയമായ തലവേദനയായിരുന്നു രോഗം. 1945 ഫെബ്രുവരി 21- നു
എറിക് തന്റെ ഓട്ടം നാൽപത്തിമൂന്നാമത്തെ വയസ്സിൽ തികച്ചു. എറിക്കിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത് അദ്ദേഹത്തിന്റെ മരണകാരണം ബ്രെയിൻ ടൂമർ ആണെന്നാണ്. അദ്ദേഹത്തിന്റെ മരണത്തിന് അഞ്ചു മാസങ്ങൾക്ക് ശേഷം സഖ്യകക്ഷികൾ ജപ്പാനെ പരാജയപ്പെടുത്തി ക്യാമ്പ് മോചിപ്പിച്ചു. വെറും 43 വയസ്സുവരെ മാത്രം ജീചിച്ചിരുന്ന, സ്വന്തം രാജ്യത്തിനുവേണ്ടിയും സ്വർഗ്ഗരാജ്യത്തിനുവേണ്ടിയും ഓടിയ, ചൈനയിലെ സാധു മനുഷ്യരെ ശുശ്രൂഷിച്ച, സുവിശേഷത്തിന്റെ ഈ അവധൂതന്റെ ജീവിതം, നമ്മെ പ്രചോദിപ്പിക്കട്ടെ. കർത്താവിനുവേണ്ടി നിൽക്കുന്നവരെ അവൻ മറക്കുന്നില്ലെന്ന യാഥാർഥ്യമാണ് ജെമീമയും എറിക്ക് ലിഡലും വിളിച്ചോതുന്നത്.

- Advertisement -



Comments are closed, but trackbacks and pingbacks are open.