ഭാവന: യെരുശലേമിലെ നിലപാടില്ലാത്ത യഹൂദൻ | ഷൈജു ഐസക് അലക്സ്
സിനഗോഗിൻ്റെ മധ്യത്തിൽ പ്രസംഗ പീഠത്തിൽ നിന്നു കൊണ്ട് ജോദാ എന്നു പേരുള്ള അവിടെ തന്നെ അംഗത്വമുള്ള യഹൂദൻ പുതിയ കുറച്ചു വിവരങ്ങൾ ഉൾകൊണ്ടുള്ള വ്യത്യസ്ഥമായ പ്രഭാഷണം നടത്തി. സംസാരം ചുരുക്കുന്പോൾ വിവാദപരമായ വ്യക്തിയുടെ പേരു ചേർത്ത് അവസാനിപ്പിച്ചു.
പെട്ടന്ന് നടുവിൽ നിന്നും മത്താൻ എന്നു പേരുള്ള ലേവി ദേഷ്യത്തോടെ ആക്രോശിച്ചു.
നീ എന്താണ് സംസാരിച്ചതെന്നു നിനക്കു വല്ല ധാരണയുമുണ്ടോ?
ജോദാ ഉരിയാടാതെ തൻ്റെ ഇരിപ്പിടത്തിൽ വന്നിരുന്നു.
ദൈവ ദൂഷണത്തിൽ ശപിക്കപ്പെട്ടു മരണത്തിലേക്കു ദൈവം തള്ളിവിട്ട യേശു എന്ന ഗലീലക്കാരനായ മരപ്പണിക്കാരനെ എന്തിനാണ് നീ ക്രിസ്തുവാക്കുന്നത്!
മത്താൻ തൻ്റെ ദേഷ്യത്തെയും മുഷിപ്പിനെയും സ്ഥലവും സമയവും നോക്കാതെ കുടഞ്ഞിട്ടു.
സിനഗോഗിൻ്റെ നേതാവ് ഹേലി മത്താനെ ശാന്തനാക്കുകയും തുടർന്നുള്ള എസ്രായുടെ പുസ്തകത്തെ വായിക്കുവാൻ കൂട്ടത്തിലൊരാളെ അനുവധിക്കുകയും ചെയ്തു.
ശേഷം അവസരങ്ങൾ തക്കത്തിൽ വിനിയോഗിക്കാത്തവരെ പ്രസംഗത്തിനു അനുവധിക്കുകയില്ലെന്നു ഉപദേശിച്ചു.
പ്രാർത്ഥിച്ചവസാനിപ്പിക്കുന്പോൾ മത്താനും മറ്റു ചിലരും തുടർ ചർച്ചകളുമായി അകത്തു നിന്നും പുറത്തേക്കു വന്നില്ല. ചില സുഹൃത്തുക്കൾ ജോദായെ വെളിയിലേക്കു ശുദ്ധീകരണത്തിനുള്ള വെള്ളം സംഭരിച്ചു വച്ച കൽപാത്രത്തിൻ്റെ അരികിലെക്കു കൊണ്ടു പോയി സംസാരിച്ചു.
‘ഈ കാര്യങ്ങൾ പറയുന്നത് നമ്മുടെ ഇടയിൽ പ്രശ്നങ്ങളുണ്ടാക്കും ജോദാ’. അതിൽ ജോസി എന്നു പേരുള്ള യൌവ്വനക്കാരൻ ഉപദേശിച്ചു.
‘ഞാൻ പറയുന്നത് വെറുതെയല്ല സുഹൃത്തുക്കളെ!’
ആയിരിക്കാം പക്ഷേ ഇപ്പോഴുള്ള സന്തോഷം നശിപ്പിക്കാൻ നീ ആഗ്രഹിക്കുന്നോ. ഹേലി നിന്നെ പ്രസംഗിക്കുവാനായി അനുവധിക്കുന്നത് നിൻ്റെ തോറയിലുള്ള പാണ്ഡിത്യം കൊണ്ടാണ്. അതിനെ നീ ഉചിതമായി വിനിയോഗിക്കേണ്ടതായിരുന്നു.
ഈ കഴിഞ്ഞ നാളുകളിത്രയും ഞാൻ തിരുവചനത്തിൽ തിരയുകയായിരുന്നു. നമ്മുടെ ആളുകൾ കൊന്ന യേശു തന്നെ ക്രിസ്തു എന്നു എനിക്കു തെളിവായിരിക്കുന്നു. ഈ മത്താനോട് ഞാൻ സൂചിപ്പിച്ചതായിരുന്നു പക്ഷേ സമൂഹത്തിൽ വന്നപ്പോൾ അവൻ നിറം മാറിയവനെ പോലെ പെരുമാറി.
പെതുക്കെ പറ ജോദാ. നിൻ്റെ പ്രസംഗത്തിൻ്റെ അവസരങ്ങൽ തീർന്നു എന്നു കൂട്ടിക്കോ.
ഇതു എനിക്കു തെളിഞ്ഞ സത്യമാണ് ഇതു പറയാൻ എനിക്കു സ്റ്റേജില്ലെങ്കിലും കുഴപ്പമില്ല.
തൻ്റെ സുഹൃത്തുക്കളുടെ ഇടയിൽ അവൻ യേശുവിനെ ക്രിസ്തു എന്നു തെളിയിച്ചു വാദിച്ചുകൊണ്ടിരുന്നു. പക്ഷേ പരസ്യമായോ, മറ്റുള്ളവരുടെ ഇടയിലോ പറയാൻ തുനിഞ്ഞില്ല.
ഏകദേശം മൂന്നു മാസത്തോളം കഴിഞ്ഞു. സിനഗോഗിലെ തോറാ വിവരണത്തിലെ അഭിവാജ്യ ഘടകമായി ഹേലി കരുതിയിരുന്ന തനിക്ക് സംസാരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടിരിക്കുന്നു എന്ന് അവനു മനസ്സിലായി. മാത്രമല്ല തൻ്റെ പിന്നിൽ മാത്രം സ്ഥാനമുണ്ടായിരുന്ന മത്താൻ കുടുതൽ പ്രസംഗിക്കുകയും പ്രത്യേക പീഠത്തിലേക്ക് ഇരിക്കുവാനുള്ള അവസരങ്ങൾ ലഭിക്കുകയും ചെയ്തു. പലപ്പോഴും ഹേലിക്ക് യറുസലേമിലെ പരീശ പ്രമാണികളുടെ ഇടയിലെ കൂട്ടാഴ്മ ആവിശ്യമായി വരുന്പോൾ സാഹായിയായിരുന്ന ജോദക്കു പകരം മത്താനെ സിനഗോഗിലെ കാര്യങ്ങൾ ഏൽപിക്കാനും തുടങ്ങി.
ഇത് ജോദക്ക് പ്രയാസമുണ്ടാക്കി.
ഒരിക്കൽ അത്തി വിളവെടുക്കുന്പോൾ മത്താനുമായി തോട്ടത്തിൽ ഏറനേരം സംസാരിച്ചത് ജോദാ ഓർക്കുന്നു. തൻ്റെ പ്രസംഗ പാടവത്തെയും തോറായിലുള്ള പാണ്ഡിത്യത്തെയും മത്താൻ ഏറെ പുകഴ്ത്തി, നേതൃത്വത്തിന് തനിക്കു കഴിവുണ്ടെന്നും സിനഗോഗിൽ എല്ലാവരുടെയും പ്രതീക്ഷ താനാണെന്നും ആ കാലുവാരി സംസാരിച്ചിരുന്നു. അതെല്ലാം അവൻ്റെ ഹൃദയത്തിൽ അവനു സ്വന്തമാക്കാൻ പുളച്ചിരുന്ന മോഹങ്ങളെ കൌശലത്തിൽ ശർദ്ധിച്ചതാണെന്ന് ഇന്നു മനസ്സിലാക്കുന്നു.
പുറത്തു വലിയ കോലാഹലങ്ങൾ പൊട്ടിപുറപ്പെട്ടു. യേശു എന്ന വ്യക്തിയുടെ പേരിൽ യറുസലേമിലുടനീളം ആളുകൾ വർദ്ധിച്ചു കൂടി. പല സിനഗോകുകളിലും യേശു ക്രിസ്തു എന്നു പ്രസംഗിക്കുകയും തെളിയപ്പെടുന്നത് ജനം അംഗീകരിക്കുകയും ചെയ്തു.
ദിനങ്ങൾ മുന്നോട്ടു പോയി മറഞ്ഞു. മത്താൻ അന്നു ശബത്തിൽ പ്രസംഗിച്ചത് പാപികളുടെ രക്തം ചിന്തി യഹൂദൻ്റെ വിശുദ്ധി സംരക്ഷിക്കുന്നതിനെക്കുറിച്ചായിരുന്നു.
മത്താൻ്റെ നേതൃത്വത്തിൽ 12ാം പ്രാർത്ഥ എല്ലാരും ഏറ്റു ചൊല്ലി.
മോശയുടെ ന്യായപ്രമാണത്തെ ത്യജിക്കുന്നവരുടെ പ്രതീക്ഷ നശിക്കട്ടെ, നസറയൻമാർ നശിക്കട്ടെ, ജീവൻ്റെ പുസ്തകത്തിൽ അവരുടെ പേരില്ലാതെയായി പോകട്ടെ. നീതിമാൻമാരുടെ ഓഹരിയിൽ അവർക്കു പങ്കില്ലാതിരിക്കട്ടെ. പാപികളെ നശിപ്പിക്കുന്ന യഹോവേ.. അങ്ങ് വാഴ്ത്തപ്പെട്ടവനാകുന്നു.
എല്ലാവരും ഒരേ സ്വരത്തിൽ ഉറക്കെ ദൈവത്തെ വിളിച്ചു. അതിൽ ന്യായപ്രമാണത്തിൽ പാണ്ഡ്യത്യം നേടി വന്ന ശൌലെന്ന യൌവ്വനക്കാരനുണ്ടായിരുന്നു.
ശൌൽ തൻ്റെ മതത്തോട് വളരെ എരിവുള്ള ആളായിരുന്നു.
ജോദാ അവൻ്റെ മുഖത്തേക്കു നോക്കി. എന്തോ… ആരുടെയും നോട്ടം അവൻ്റെ കണ്ണുകളുടെ പ്രകാശത്തെ കെടുത്തിയില്ല.
മുൻപ് ജോദായിലെ ന്യായപ്രമാണത്തിൻ്റെ പാണ്ഡിത്യം ശൌലിനെ ഏറെ സ്വാധീനിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. താൻ പറയുന്ന ഓരോ വാചകങ്ങളും ശൌൽ ആകാംഷയോടെ കേട്ടിരിക്കുമായിരുന്നു.
വർഷങ്ങൾക്കു മുൻപുണ്ടായ സംഭവം ജോദാ ഓർക്കുന്നു. ഒലിവിടിച്ച് എണ്ണ വേർതിരിക്കുന്ന സമയത്ത് പിതാവുമൊത്ത് കണ്ട ശൌലിനോട് യിസ്രായേലിൻ്റെ ആദ്യ രാജാവായ ശൌലിനെക്കുറിച്ച് സംസാരിച്ചു തുടങ്ങിയപ്പോൾ- അന്നു ഗോല്ല്യത്തിനെ കൊന്ന് രാജ്യത്തിൻ്റെ സംരക്ഷകനായ ദാവീദിനെക്കിറിച്ചു അറിയാനായിരുന്നു ശൌലിന് കൂടുതൽ താൽപര്യം. താനും ഈ രാജ്യത്തിൻ്റെ വിശ്വാസ സംരക്ഷകനാകാനാണ് ആഗ്രഹിക്കുന്നതെന്ന് പറയുന്പോൾ ചെറുപ്പക്കാരൻ്റെ രക്തം തിളക്കുന്നത് ആന്നേ കാണാൻ കഴിഞ്ഞതാണ്.
ആദ്യമായി ശൌലിന് പ്രസംഗിക്കുവാനുള്ള പീഠം ഒരുക്കപ്പെട്ടു. എല്ലാവരും ആകാംഷയോടെ കാത്തിരുന്നു, ഗമാലിയേലെന്ന വലിയ അദ്ധ്യപകൻ്റെ കീഴിൽ അഭ്യസിച്ചതിനെ ആവേശത്തോടെ അംഗങ്ങൾ കേട്ടു. പകരുന്ന നസറയനെന്ന വ്യാധിയെ ഉൻമൂലനം ചെയ്യാൻ ശൌൽ പ്രതിജ്ഞയെടുത്തുകൊണ്ട് പ്രസംഗം അവസാനിപ്പിച്ചു.
അന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ജോദാ ശൌലിനെ കെട്ടിപ്പിടിച്ച് ശൌലിന് മുദ്രാവാക്യം വിളിച്ചു. സിനഗോഗിൻ്റെ നേതാവ് തൻ്റെ കൂട്ടരുടെ ഒത്തൊരുമ കണ്ട് ഹൃദയത്തിൽ സന്തോഷിച്ചു.
യേശുവിനെ ക്രിസ്തുവായി തെളിയിച്ച ജോദായുടെ മനം മാറ്റം ജോസി എന്ന സുഹൃത്തിന് ഉൾകൊള്ളാൻ കഴിഞ്ഞില്ല. ആരും കേൾക്കാതെ ജോസി പറഞ്ഞ വാക്ക് മൂർച്ചയുള്ളതായിരുന്നു. കപടഭക്തിക്കാരൻ.
ഹേലി ജോദായെ കാണാൻ ഭവനത്തിലെക്കു പോകുകയും കുശലം സംസാരിക്കുകയും ചെയ്തു.
ജോദാ വരുന്ന ആഴ്ച പ്രഭാഷണം ഒരുങ്ങിക്കൊള്ളുക. അൽപം അകലെയുള്ള വേറെ ഒരു സിനഗോകിലും പോയി തോറാ വ്യാഖ്യനിക്കേണ്ടി വരും.
ശരി റബി. ദൈവത്തിനു മഹത്വമുണ്ടാകട്ടെ.
നസറയ മതം യറുസലേമിൽ അതിൻ്റെ പരകോടിയിലേക്കെത്തപ്പെട്ടു. ദൂരെയുള്ള പല സിനഗോകുകളിലെയും ആളുകൾ പൂർണ്ണമായും യേശുവിൻ്റെ അനുയായികളായി മാറി.
ശൌൽ കൂടുതൽ തീവ്രതയോടെ പല നാടുകളിലും പോയി മോശയുടെ ന്യായപ്രമാണത്തെ പ്രസംഗിച്ചു. എതിരാളികളെ ദാക്ഷണ്യമില്ലാതെ ഉപദ്രവിച്ചു. ചിലരെ കൊന്നു. സ്നേഫാനോസ് കല്ലേറുകൊണ്ട് മരണപ്പെട്ടു.
ഹേലിയുടെ സിനഗോഗിലെ മൂന്നു പേർ നസറയൻ്റെ അനുയായികളായി പടിക്കപ്പെട്ടു. ജോദാൻ്റെ വാചകത്തിലാണ് ഇവർ യേശുവിനെ ക്രിസ്തു എന്നു തിരിച്ചറിഞ്ഞത്. തൻ്റെ സുഹൃത്തായ ജോസെ ഉൽപെട്ട മൂന്നു പേർ ആയിരുന്നു അവർ. മത്താൻ അവരെ അപമാനിച്ച് സംസാരിക്കുകയും ഹേലി അവരെ സിനഗോഗിൽ നിന്നും പുറത്താക്കുകയും ചെയ്തു. അവർ പോകുന്പോൾ ജോദാൻ അസഹ്യപ്പെട്ടിരുന്നെങ്കിലും തൻ്റെ ലാഭത്തിൻ്റെ പാശങ്ങൾ ജോദായെ വരിഞ്ഞു മുറിക്കിയിരുന്നു.
അന്ന് മത്താൻ പോയവരെ തള്ളി പറഞ്ഞ് പ്രസംഗിച്ചു. അവർ ദൈവത്തിൻ്റെ കോപത്തിൽ വെന്തെരിയുമെന്നും അവർക്കു സ്വർഗം നിഷേധിക്കപ്പെട്ടിരിക്കുന്നു എന്നും പ്രസംഗിച്ചു. സിനഗോഗിന് എതിരു നിൽക്കാൻ സാധ്യതയുള്ളവരെന്നു പറഞ്ഞ് ജോദയെ പരോക്ഷമായി പരാമർശിച്ചു.
പലരും മത്താനു കയ്യടിച്ചു. ഇതു തനിക്കുള്ള കുത്തായിരുന്നു എന്നു തിരിച്ചറിഞ്ഞിട്ടും ജോദാ തൻ്റെ കൈയ്യടിച്ച് ഈർഷ അടക്കി മനോബലം പ്രകടിപ്പിച്ചു.
ചില നാളുകൾക്കു ശേഷം ഞെട്ടിക്കുന്ന ഒരു വാർത്തയുമായി ഒരു ദൂതൻ ആ സിനഗോകിൽ വന്നു. ശൌൽ ക്രിസ്ത്യാനിയായിരിക്കുന്നു. ഹേലി ഞെട്ടി തരിച്ചു. മത്താൻ എന്തോ പറയാൻ ശ്രമിച്ചിട്ട് വാ പൊളിച്ച് വാക്ക് വിഴുങ്ങിയവനെ പോലായായി. കേട്ട ആരൊക്കെയോ എന്തൊക്കെയോ പിറു പിറുത്തു. ജോദാ ഇതു കേട്ട് നിലവിളിച്ചു കരഞ്ഞു. ഇത് പശ്ചാത്താപമാണോ – ശൌലിൻ്റെ നഷ്ടബോധമാണോ എന്ന് കൂടി നിന്നവർക്ക് മനസ്സിലായില്ല. അവൻ അവിടെ നിന്നും വേഗത്തിൽ ഇറങ്ങി തൻ്റെ അത്തി തോട്ടത്തിലേക്ക് ഓടി വീണു കരഞ്ഞു.
ജോദാ യേശുവിലേക്കു മാനസന്തരപ്പെടുകയായിരുന്നു.

- Advertisement -



Comments are closed, but trackbacks and pingbacks are open.