അനുസ്മരണം: ഓട്ടം തികച്ചു…. യാത്രയായി | തയ്യാറാക്കിയത്: ബിനു ജോസഫ് വടശ്ശേരിക്കര

 

വടശ്ശേരിക്കരയിൽ നിന്ന് കഴിഞ്ഞ 30 വർഷം മുൻപു
ആന്ധ്രപ്രദേശിലെ കരിംനഗറിൽ പോയി കർത്താവിന്റെ വേല ചെയ്ത പ്രേമ ആന്റിയുടെ വേർപാട് വളരെ ദുഃഖം ഉളവാക്കി. വടശ്ശേരിക്കരകാരനായ തകിടിയിൽ രാജൻ പാസ്റ്ററെയും പ്രേമ ആന്റിയെയും ഞാൻ പരിചയപ്പെടുന്നത് 2000 ലെ എന്റെ ആദ്യ മിഷൻ യാത്രയിലാണ്. അവരുടെ സമർപ്പണവും വിശ്വസ്തതയും എടുത്തു പറയത്തക്കത്താണ്. അവരുടെ അനുഭവങ്ങളും സാക്ഷ്യവും എന്നെ വളരെ സ്പർശിച്ചു. അല്പം കാഠിന്യമേറിയ കാലാവസ്ഥയിൽ വൃത്യസ്ത ഭാഷയും ആഹാരരീതികളും ജീവിതത്തിന്റെ ഭാഗമാക്കി ദൈവരാജ്യത്തിനു വേണ്ടി തങ്ങളാൽ ആവോളം അധ്വാനിച്ച കുടുംബത്തെ ഓർത്തു കർത്താവിന് നന്ദി പറയേണ്ടിയിരിക്കുന്നു.

കഴിഞ്ഞ മെയ് മാസത്തിൽ എന്റെ വടക്കേ ഇന്ത്യൻ മിഷൻ യാത്രയിൽ ആണ് വീണ്ടും ആന്റിയെ കണ്ടത്. ശാരീരികമായി വേണ്ട സൗഖ്യം ഇല്ലെങ്കിലും പുഞ്ചിരിയോടെ ഉള്ള ആ മുഖം ഇന്നും മറക്കാൻ കഴിയുന്നില്ല. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ തെലുങ്കാന സഭകൾക്ക് നേതൃത്വം നൽകുന്ന ദൈവദാസനോടൊപ്പം അനേക കുടുംബങ്ങൾക്ക് അനുഗ്രഹമായി നിലനിൽക്കുകയും തന്നെ ഏല്പിച്ച ദൗത്യം നിർവ്വഹിക്കുകയും ചെയ്ത പ്രേമ ആന്റിയുടെ ജീവിതം അനേകർക്ക് എന്നും പ്രചോദനമായി നിലനിൽക്കും.

സെമിനാരിയിൽ എന്റെ സഹപാഠിയായ മൂഡം രാജേഷ് മുഖേനയാണ് ഞാൻ ഈ കുടുംബത്തെ പരിചയപ്പെടുന്നത്. അന്ന് അവർ ഞങ്ങൾക്ക് തന്ന കരുതലും സ്നേഹവും സുവിശേഷ തൽപ്പരതയും എന്നിൽ വലിയ സ്വാധീനമാണ് സൃഷ്ടിച്ചത്. എന്റെ ശുശ്രൂഷയിൽ എനിക്ക് ലഭിച്ച ചില ബാലപാഠങ്ങളും അവിടുന്നു തന്നെയായിരുന്നു. തങ്ങൾക്കു ദൈവം നൽകിയ അനുഗ്രഹികപ്പെട്ട 4 പെൺകുട്ടികളെ കൂടാതെ മറ്റു അനേകർക്ക് അമ്മയാകുവാൻ ആന്റിക്കു കഴിഞ്ഞു എന്നത് മറക്കാനാവില്ല. “ഞാൻ മരിച്ചാൽ എന്നെ നാട്ടിൽ ഒന്നു കൊണ്ടുപോകേണ്ട, ഇവിടെയാണ് ഞാൻ ശുശ്രൂഷിച്ചത്, ഇവിടെ തന്നെ മതി എല്ലാം…” എന്ന് മരണത്തിന് ചില ദിവസങ്ങൾക്ക് മുൻപു തന്നെ ആന്റി പറഞ്ഞിരുന്നു.
രാജൻ തോമസ് പാസ്റ്ററെയും മക്കളായ, ഫെയ്ത്ത്, മന്ന, ശരോൺ, കൃപ എന്നിവരെയും കുടുംബങ്ങളെയും സഭയെയും ദൈവം ആശ്വസിപ്പിക്കട്ടെ ഏന്നു പ്രാർത്ഥിക്കുന്നു.
ബിനു ജോസഫ് വടശ്ശേരിക്കര
എക്സൽ മിനിസ്ട്രീസ്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.