ഭാവന: സൃഷ്ടിതാവിന്റെ ഹിതം | അരുൺ ജോർജ് മൂന്നുകണ്ടത്തിൽ
പശ്ചിമഘട്ട മലയുടെ അപ്പുറത്ത് നിന്നും അരുണകിരണങ്ങൾ മെല്ലെ ഉദിച്ചപ്പോൾ റാവെൺ കാക്കയും മെല്ലെ ഉറക്കം ഉണർന്നു. കാ…കാ.. സർവ്വ ശക്തനായ ദൈവമേ അങ്ങേയ്ക്ക് നന്ദി. ചുണ്ടുകൾ മെല്ലെ തൂവലുകൾക്കിടയിൽ ചിറഞ്ഞുകൊണ്ട് ഉറക്കത്തിന്റെ ആലസ്യത്തെ ഊർജിതമാക്കി. ചുറ്റുമുള്ള മരക്കൊമ്പുകളിൽ ഇരുന്നു സ്രഷ്ടാവിനെ സ്തുതിക്കുന്നവരുടെ കളകളാരവത്തോടു കൂടി റാവെണും ഏ റ്റുപാടി.” രജനീയതിലാടിയാനെ നീ സുഖമായി കാത്ത കൃപയ്ക്കായി ഭജനീ യമാം തിരുനാമത്തിൻ ആനന്ദം സ്തുതി മഹത്വം”
പാടി തീർന്നപ്പോഴേക്കും ഇരുട്ടിനെ തള്ളി മാറ്റിക്കൊണ്ട് അരുണ കിരണങ്ങൾ എല്ലായിടത്തും പ്രസരിച്ചു. ചുറ്റുവട്ടത്തുള്ളവരെയൊക്കെ ഒന്ന് വീക്ഷിച്ചുകൊണ്ട് അല്പം നേരം കൂടി അവിടെത്തന്നെ ഇരുന്നു. എന്നാൽ ഇനി ഇന്നത്തെ സഞ്ചാരത്തിനായി പോയേക്കാം എന്ന് കരുതി പറക്കാൻ കാലൂന്നിയപ്പോൾ ഇതാ പുറകിൽ ഒരു ശബ്ദം.”റാവെൺ”…. ഏയ് തോന്നിയതാവും എന്നു കരുതി വീണ്ടും പറക്കുവാൻ തയ്യാറെടുത്തു. അപ്പോഴിതാ വീണ്ടും വിളി “റാവെൺ”… ഇന്നുവരെ കേൾക്കാത്ത ഒരു അപരിചിത ശബ്ദം. ഇല്ല തോന്നിയതാവും, ഇന്നലെ ദു:സ്വപ്നം ഒന്നും കണ്ടതും ഇല്ലല്ലോ..!! അല്ലേലും ഈ കരിക്കട്ട കറുപ്പും, സൗന്ദര്യവും ഒന്നുമില്ലാത്ത നമ്മളെ ആര് വിളിക്കാൻ. വീണ്ടും പറക്കുവാൻ തയ്യാറെടുത്തു നിൽക്കുമ്പോൾ ആ വിളി പിന്നെയും വന്നു. ഇരുന്ന് ഇരുപ്പിൽ വട്ടം ചാടി നിവർന്നു നിന്ന് വെളികേട്ട ഭാഗത്തേക്ക് നോക്കി റാവെൺ അല്പം നീരസത്തോടെ ചോദിച്ചു.” ആരാ പുറകിന്ന് വിളിച്ചു കളിയാക്കുന്നേ… അതും ഈ വെളുപ്പാൻ കാലത്ത്… “റാവെൺ… ഇത് ഞാനാണ്.. നീ കുറച്ചു മുന്നേ പാടി സ്തുതിച്ച സർവ്വ ജീവ ജാലങ്ങളുടെയും ദൈവമായ യഹോവ. ഇത് കേട്ടതും റാവെൺ ന്റെ നിവർന്നു നിന്ന കാലുകൾ മടങ്ങി,ആശ്ചര്യത്തോടെ വായി തുറന്നിരിക്കുന്ന റാവെണിനെ വീണ്ടും വിളിച്ചു.. റാവെൺ… മുഴങ്കാലുകൾ മടക്കി,വായും,കണ്ണുമടച്ച്, തല കുമ്പിട്ടു കൊണ്ട് ഇരുന്ന റാവെൺ പറഞ്ഞു. അവിടുന്ന് പറഞ്ഞാലും. എന്റെ സൃഷ്ടിയിൽ എല്ലാത്തിനും സൗന്ദര്യവും മനോഹാരിതയും ഉണ്ട് റാവെൺ. എന്റെ സൃഷ്ടികൾ എല്ലാം നല്ലതു മാത്രമാണ് ദൈവം പറഞ്ഞു. റാവെൺ മൗനമാ യിരുന്നു. ദൈവം തുടർന്നു ” ഞാൻ നിന്നെ ഒരു കാര്യം ചുമതലപ്പെടുത്തുവാൻ ആണ് വന്നത്. എന്റെ ഒരു ഭക്തനായ പ്രവാചകൻ കിഴക്ക് കെരീത്ത് തോട്ടിന്നരികെ മലഞ്ചെരുവുകൾക്കിടയിൽ കെരീത്തിന്റെ ഉറവാരംഭത്തിങ്കൽ ഒരു ഗുഹയിൽ ഒളിച്ചു പാർക്കുന്നുണ്ട്. ഞാൻ പറയുന്ന നാൾ വരെ നീ അദ്ദേഹത്തിന് രാവിലെയും,വൈകുന്നേരവും,ഭക്ഷണം എത്തിക്കണം”. തല രണ്ടു വട്ടം താഴേക്ക് ആട്ടിക്കൊണ്ട് കൃർർർ…. എന്ന് ശബ്ദം വച്ച് റാവെൺ സമ്മതം മൂളി.ഇത്രയും പറഞ്ഞു ആ ശബ്ദം മറഞ്ഞു.
” രാവിലെയും,വൈകിട്ടും,ഭക്ഷണമോ?എവിടുന്ന്എ?ങ്ങനെ?ഇത്ര ദൂരം വരെ?… അതും ഒരു മനുഷ്യന് വേണ്ടി…! ഇങ്ങനെയുള്ള ചോദ്യങ്ങളും,ചിന്തകളോ,ഒന്നും റാവെണിന് ഉണ്ടായില്ല.കാരണം നമ്മളെപ്പോലെ ന്യായ വാദങ്ങൾ നിരത്തുന്ന മനുഷ്യനല്ലല്ലോ അത്. ചിറവുകൾ വിടർത്തി കുടഞ്ഞുകൊണ്ട് റാവെൺ പറന്നകന്നു. ദൈവം തന്നെ ഈ കാര്യത്തിന് വേണ്ടി നിയോഗിച്ചല്ലോ എന്ന് ഓർത്തപ്പോൾ റാവെണിന് സന്തോഷവും സങ്കടവും ഒക്കെ വന്നു. ചിറകടിച്ചു പറക്കുമ്പോൾ റാവെൺ പാടി..
“” എന്നെ തിരഞ്ഞെടുക്കാൻ,എന്നെ മാനിക്കുവാൻ, എന്നിൽ എന്തു നീ കണ്ടു ദൈവമേ…. ഒരു യോഗ്യതയും പറയാൻ ഇല്ലയേ കൃപ ഒന്നുമാത്രം മതിയേ….”
അപ്പോഴാണ് ശ്രദ്ധിച്ചത് അപ്പുറത്ത് കൂടി പറക്കുന്ന മിന്നു, സീനു മൈനകൾ എന്തോ വലിയ കാര്യം പറഞ്ഞു വായിട്ടല യ്ക്കുന്നത് കേട്ടത്. തലയൊന്നു ചായിച്ച് ചെവി വട്ടം പിടിച്ചു.” എന്താണാവോ രാവിലെ വലിയ കാര്യം പറച്ചില്… “റാവെൺ ചോദിച്ചു. അതുപിന്നെ റാവെൺ ചേട്ടാ അറിഞ്ഞില്ലേ…, ഇന്നലെ ഇവിടുത്തെ കൊട്ടാരത്തിൽ ഒരാൾ ചെന്ന് രാജാവിനോട് പറഞ്ഞു, ഇനി പുള്ളിക്കാരൻ പറഞ്ഞിട്ടല്ലാതെ ഇവിടെ മഴയും, മഞ്ഞും, ഒന്നും ഉണ്ടാകില്ല എന്ന്. അവിടെ ആകെ ബഹളം ആണെന്ന കേട്ടത്.”ഓ…. അത് ശരി…അതാണോ കാര്യം…. റാവെൺ വേഗം കൂട്ടി പറന്നു.
തെക്കു പടിഞ്ഞാറായി പറന്നു കൊണ്ടിരുന്ന റാവെൺ തന്റെ ചിറകിനെ മെല്ലെ വടക്കോട്ടു ഒന്ന് ചായിച്ചു, കൊട്ടാരം നോക്കി പറന്നു. കൊട്ടാരം വളപ്പിൽ നിന്നൊക്കെ ഇടക്കിടക്ക് നല്ല ശാപ്പാട് കിട്ടുന്നതാണേ.കൊട്ടാരവളപ്പിന്റെ തെക്കു വശത്തൂടെ മെല്ലെപ്പറന്നു, കിഴക്കുവശത്തുള്ള ഖുശ്നിയുടെ ഓ രത്തെത്തി അവിടെ കണ്ട ഒരു വിളക്കുകാലിൽ ഇരുന്നു. തല ചുറ്റും തിരിച്ച് പരിസരമൊക്കെ ഒന്ന് വീക്ഷിച്ചു. ആരെയും പുറത്തെങ്ങും കാണാനില്ല. നല്ല റൊട്ടിയും, ഇറച്ചിയും ചുടുന്ന മണം മൂക്കിൽ കേറിയപ്പോൾ റാവെൺ ഖുശ്നിയുടെ തുറന്നു കിടക്കുന്ന ജനലിലൂടെ ചരിഞ്ഞൊന്നു നോക്കി.മെല്ലെ പറന്ന് ജനലിന്റെ അടുത്തെത്തി, ഏറു കണ്ണിട്ട് അകത്തേക്ക് നോക്കി. പാചകക്കാരൻ ഭക്ഷണം തയ്യാറാക്കി കുട്ടയിൽ ഇടുന്നു. ഒറ്റ ചാട്ടത്തിന് ഒരപ്പവും, ഇറച്ചിയും ഞോണ്ടിയാലോ…? റാവെൺ ചിന്തിച്ചു. അല്ലേൽ വേണ്ട, മോഷ്ടിച്ചതും, അപഹരിച്ചതും ഒന്നും ആയിരിക്കില്ല സൃഷ്ടാവ് തന്റെ ഭക്തനുവേണ്ടി കൊടുക്കുന്നത്. ഒരു കാര്യം ചെയ്യാം, പാചകക്കാരനെ ഒന്നു സമീപിച്ചു നോക്കാം.കാ… കാ…. റാവെൺ നീട്ടി വിളിച്ചുകൊണ്ടു ജനാലയിലേക്ക് ഇരുന്നു. റൊട്ടി പരത്തുന്ന ഉരുളൻകമ്പിനു ഏറു കിട്ടാതെ നോക്കണം… റാവെൺ ചിന്തിച്ചു. ഒരു ചിറകു വിടർത്തി, ഒരു പ്രതേക ശബ്ദം ഇട്ടുകൊണ്ട് റാവെൺ പാചകക്കാരനോട് സൗഹൃദം കാണിച്ചു. ഭാഗ്യം ചേട്ടൻ എറിഞ്ഞു ഓടിച്ചില്ല. മ്… എന്താ രാവിലെ, തിന്നാൻ ഒന്നും കിട്ടിയില്ലേ….? ഖുശ്നിക്കാരൻ ചോദിച്ചു. രണ്ടു ചുവടുകൂടി മുന്നോട്ട് ചാടി ഇരുന്ന് റാവെൺ പറഞ്ഞു, “അത് പിന്നെ നിങ്ങള് എനിക്ക് ഇവിടുന്ന് കുറച്ചു ദിവസത്തേക്ക് രാവിലെയും, വൈകുന്നേരവും അപ്പവും ഇറച്ചിയും തരണം.ങ്ങേ….. എന്ത്….!!!? പാചകക്കാരൻ ആശ്ചര്യപ്പെട്ടു. നില്ല്.. നില്ല്.. മുഴുവൻ പറയട്ടെ… റാവെൺ തുടർന്നു. ഇത് എനിക്ക് തിന്നാൻ ഒന്നുമല്ല, ദൂരെ ഒരാൾക്ക് കൊണ്ട് കൊടുക്കണം, ഞങ്ങൾ തിന്നുന്ന എച്ചിലും, ചീഞ്ഞതും, മോഷ്ടിച്ചതും ഒന്നും മനുഷ്യർക്ക് കൊടുക്കാൻ പറ്റില്ലല്ലോ. ങ്ങേ…. മനുഷ്യർക്കോ…!? ചുമ്മാ കള്ളം പറയാതെ പോയേ…., അല്ലന്നേ…. കാര്യങ്ങളൊക്കെ ഞാൻ പതിയെ പറയാം. ഇപ്പൊ ഒരപ്പവും, ഒരു കഷ്ണം ഇറച്ചിയും താ…. ഞൊണ്ടികൊണ്ട് പോകാൻ അറിയാഞ്ഞിട്ടല്ല, അത് ശരിയല്ല.., നാളേം വരേണ്ടിയതല്ലേ..”റാവെൺ പറഞ്ഞു. ഇതാ…. ഇന്നത്തേക്ക് നീ കൊണ്ടുപോ.. മേലാൽ ഈ കാര്യം പറഞ്ഞു വന്നേക്കരുത്. ഒരപ്പവും, അതിനുള്ളിൽ ഒരു കഷ്ണം ഇറച്ചിയും വച്ചു ചുരുട്ടി നൽകികൊണ്ട് പാചകക്കാരൻ പറഞ്ഞു. സന്തോഷത്തോടെ ദൈവത്തിനു സ്തുതി പറഞ്ഞു ഭക്ഷണം തന്റെ ചുണ്ടുകൾക്കിടയിൽ വെച്ചുകൊണ്ട് റാവെൺ പറന്നകന്നു. പോകാന്നേരം റാവെൺ പറഞ്ഞു, ഞാൻ വൈകുന്നേരം വരുമേ.. എനിക്കുള്ളത് വച്ചേക്കണേ. ഉവ്വ.. ഉവ്വേ…, പാചകക്കാരൻ നീട്ടി ഒന്നു മൂളി.
അങ്ങനെ ഭക്ഷണകാര്യം പറഞ്ഞൊത്തു റാവെൺ ചിന്തിച്ചു. ഇനി ഏകദേശം 80-90 മൈൽ ദൂരം പറന്നാലേ കെരീത്തിൽ എത്തൂ. വന്നവഴിക്കു പോയാൽ രാവിലെ നല്ല തിരക്ക് ആയിരിക്കും. പിന്നെ കാണുന്നവനൊക്കെ ഭക്ഷണം കണ്ടിട്ടു കുശലം പറഞ്ഞു പിറകെ കൂടും. തെക്കു കിഴക്കോട്ടു പറന്ന റാവെൺ ഒന്നു’U’turn അടിച്ചു ചിറക് വടക്കു കിഴക്കോട്ടു പിടിച്ചു. ഇതാകുമ്പോൾ അധികം തിരക്കില്ലാത്ത വഴിയാ…. ഗിലെയാദിന്റെ മലഞ്ചെരുവ് പിടിച്ചു പോകാം.. റാവെൺ മനോഗതം ചെയ്തു.
അങ്ങനെ പറന്നു പറന്ന് റാവെൺ കെരീത്തിന്റെ വക്കത്തു എത്തി. “”മലഞ്ചെരുവുകൾക്കിടയിൽ, കെരീത്തിന്റെ ഉറവരംഭത്തിങ്കലെ ഗുഹ”” എന്നാണ് സൃഷ്ടിതാവ് പറഞ്ഞത്. റാവെൺ ലക്ഷ്യം നോക്കി മുന്നോട്ട് പറന്നു. ആ… അതാ പറഞ്ഞ സ്ഥലം. അടുത്തുകണ്ട ഒരു പാറയിൽ ഇരുന്ന് റാവെൺ കാ… കാ….. എന്ന് നീട്ടി വിളിച്ചു. ആരെയും കണ്ടില്ല. കാ… കാ… കാ…. പ്രതീക്ഷയോടെ വീണ്ടും വിളിച്ചു. ദൈവം പറഞ്ഞ ഗുഹക്കുള്ളിൽ ഇരുന്ന ഭക്തൻ റാവെൺ ന്റെ ശബ്ദം കേട്ടപ്പോൾ-“അവിടെ നിനക്ക് ഭക്ഷണം തരേണ്ടതിനു ഞാൻ കാക്കയോട് കല്പിച്ചിരിക്കുന്നു””എന്ന ദൈവത്തിന്റെ വാക്ക് ഓർത്തു പുറത്തേക്കു വന്നു. ഇരു കൈയ്യും നീട്ടി നിന്ന ഭക്തന്റെ അടുത്തേക്ക് റാവെൺ പറന്നിറങ്ങി. തലയാട്ടിയും, കൊക്കുരുമിയും, ചിറകു വിടർത്തിയും തന്റെ സ്നേഹം പ്രകടമാക്കി. “അല്ല… ആരാ നിങ്ങൾ, എന്താ ഇവിടെ ഒളിച്ചിരിക്കുന്നത്? റാവെൺ ചോദിച്ചു. ഞാൻ ദൈവത്തിന്റെ പ്രവാചകനായ ഏലിയാച്ചാൻ,.. ഭക്തൻ കാര്യങ്ങൾ വിവരിച്ചു. ഓഹ്ഹ്.. അതാണപ്പോൾമിന്നുവും, സീനുവും പറഞ്ഞോണ്ട് പോയ കാര്യം.. റാവെൺമനസ്സിൽ ഓർത്തു. എന്നാ ശരി ഏലീയാച്ചാ… ഞാൻ വൈകുന്നേരം വരാം ഭക്ഷണവുമായിട്ട്… റാവെൺ പറന്നകന്നു. ഇനി എന്റെ പള്ള നിറക്കാൻ ഉള്ളത് നോക്കാം.
അങ്ങനെ ദിവസങ്ങൾ മുന്നോട്ടു നീങ്ങി. ദിവസങ്ങൾ ആഴ്ചകൾ ആയി, ആഴ്ചകൾ മാസങ്ങൾ ആയി. റാവെൺ തന്റെ ജോലി ഭംഗിയായി ചെയ്തുകിണ്ടിരുന്നു. തനിപ്പോൾ പാചകക്കാരനും, ഏലിയാച്ചനും ആയിട്ട് നല്ല സ്നേഹബന്ധത്തിലും ആയി. തനിക്കു ലഭിച്ച ദൈവീക പദ്ധതിയെക്കുറിച്ചു റാവെൺ മറ്റുള്ളവരോട് ഘോഷിച്ചു ആളായതുമില്ല.
ദേശത്തു മഴയും, മഞ്ഞും, പെയ്യാതിരുന്നത് മൂലം ചെറിയ സസ്യങ്ങൾ ഒക്കെ വാടിക്കരിഞ്ഞു, വൃക്ഷങ്ങളുടെ ഇലകളൊക്കെ കൊഴിഞ്ഞു തുടങ്ങി.ചൂടിന്റെ കാഠിന്യവും കൂടി വന്നപ്പോൾ റാവെൺ തന്റെ താമസം കുറച്ചുകൂടെ ഉൾപ്രദേശത്തേക്ക് മാറ്റി. എങ്കിലും സൃഷ്ടിതാവ് തന്നെ ഏൽപ്പിച്ച കാര്യം സമയം തെറ്റാതെ കൃത്യമായി ചെയ്തുകൊണ്ടിരുന്നു. കെരീത്ത് തോട്ടിലെ വെള്ളവും ക്രമേണ കുറഞ്ഞുകൊണ്ടിരുന്നു. തോട് വറ്റി വറ്റി ഉറവിന്റെ കുഴിയിൽ മാത്രമേ ഇനി വെള്ളമുള്ളൂ എന്നാ അവസ്ഥയായി. തോടും വറ്റി, ഉറവും വറ്റാറായല്ലോ ഏലീയാച്ചാ… ഒരു ദിവസം റാവെൺ പറഞ്ഞു. അതെയതെ അടുത്തത് എന്താണ്, എങ്ങോട്ടാണ് എന്നുള്ളത് സർവ്വശക്തൻ കൽപ്പിക്കും വരെ ഇവിടെ ഉണ്ടാകും ഞാൻ ചിരിച്ചുകൊണ്ട് ഏലിയാച്ചൻ പറഞ്ഞു.
പതിവുപോലെ അന്ന് വൈകുന്നേരം ഭക്ഷണവുമായി എത്തിയപ്പോൾ ഏലയാച്ചൻ പറഞ്ഞു. റാവെൺ എനിക്കു നീ ഇത്രയും കൃത്യമായി ദൈവം പറഞ്ഞ കാര്യം ചെയ്തു തന്നു. ഇന്ന് കൂടെ ഞാൻ ഇവിടെ ഉള്ളൂ. ഉറവിലെ വെള്ളവും മുഴുവനും വറ്റി. നാളെ ഞാൻ മറ്റൊരു ഇടത്തേക്ക് പൊയ്ക്കൊള്ളാൻ സർവ്വശക്തൻ കൽപ്പിച്ചിരിക്കുന്നു. നമ്മുടെ ഈ സൗഹൃദം എന്നുകൂടി ഉള്ളൂ. ഇതു കേട്ടതും റാവണിന് വിഷമവും, സങ്കടവും ഒക്കെ വന്നു. കുറച്ചു സമയം മൗനമായിരുന്ന ശേഷം ഏലിയാച്ചന്റെ തോളിൽ കയറിയിരുന്നു കവിളിൽ കൊക്കുരുമ്മി സ്നേഹ ചുംബനം കൊടുത്തു. എല്ലാം “”സൃഷ്ടാവിന്റെ ഹിതം”” പോലെ ഏലിയാച്ചാ… എന്ന് പറഞ്ഞിട്ട് റാവെൺ പറന്നകന്നു. പറന്നു പോകുമ്പോൾ താൻ പാടി…
“” ഭക്ഷണ പാനീയമില്ലാതലഞ്ഞീടുമ്പോൾ,
ശക്തിമാന്മാരുടെ നല്ല ഭോജനമേകി
തൃക്കൈ ഒന്നു തുറക്കുമ്പോൾ,സർവ്വ ജീവ ജാലങ്ങൾക്കും തൃപ്തി വരുത്തുന്ന പരിപാലകനല്ലോ….””
അടുത്ത പ്രഭാതത്തിൽ തന്റെ വടിയും പുതപ്പും എടുത്ത് സാരെഫാത്തി ലേക്കുള്ള വഴിയിൽ ഏലിയാച്ചനും പാടി
” എനിക്കായി കരുതാമെന്നുരച്ചവനെ
എനിക്കൊട്ടും ഭയമില്ല നിനച്ചിടുമ്പോൾ
എനിക്കായി കരുതുവാൻ ഇഹത്തിലില്ലേ ഒന്നും
ചുമത്തുന്നെൻ ഭാരമെല്ലാം തന്റെ ചുമലിൽ…… ”

- Advertisement -



Comments are closed, but trackbacks and pingbacks are open.