അനുസ്മരണം : ശുശ്രൂഷ ജീവിതത്തെ നിശബ്ദസന്ദേശമാക്കി മാറ്റിയ ലിസി ഫിന്നി | പാസ്റ്റർ ജോമോൻ ജേക്കബ്

കഴിഞ്ഞ ദിവസം പ്രത്യാശയോടെ ദൈവ സന്നിധിയിലേക്ക് ചേർക്കപ്പെട്ട സിസ്റ്റർ. ലിസി ഫിന്നിയെ ശാലോം ബൈബിൾ കോളേജ് അധ്യാപകനും യുവജന പ്രവർത്തകനും സഭാ ശുശ്രൂഷകനുമായ ജോമോൻ ജേക്കബ് അനുസ്മരിക്കുന്നു.

“ദൈവ ഭക്തയായ സ്ത്രീയെ ലാവണ്യ വാക്കുകൾ കൊണ്ടല്ല തിരിച്ചറിയുന്നത്, അവരുടെ ജീവിതമൊരു മൗന സന്ദേശമായി” മാറുന്നതിലൂടെയാണെന്ന ഉദ്ധരണി ശുശ്രൂഷ രംഗത്ത് ഏറെ പ്രസക്തമാണ്. പ്രേക്ഷിത ദൗത്യവീഥിയിൽ ശുശ്രൂഷകൻമാരെ പോലെ തന്നെ ദൈവദാസിമാരും ശക്തമായ ജീവിത സന്ദേശം ആത്മീയ സമൂഹത്തിൽ അടയാളപ്പെടുത്തി നിത്യതയിലേക്ക് കടന്നുപോകാറുണ്ട്. അത്തരത്തിൽ സഭാ സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയ വേർപാട് ആയിരുന്നു സിസ്റ്റർ. ലിസി ഫിന്നിയുടേത്.

ഒരു നൂറ്റാണ്ട് പിന്നിട്ട ഐപിസി നെല്ലിക്കമൺ സഭയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്ന പാസ്റ്റർ വി വി തോമസ് സിസ്റ്റർ. ലിസിയുടെ വല്യപ്പച്ചനാണ് ( ഐപിസി സഭ ആദ്യമായി രജിസ്റ്റർ ചെയ്യുമ്പോൾ ഉണ്ടായിരുന്ന 12 പേരിൽ ഒരാൾ). പെന്തക്കോസ്ത് അനുഭവത്തിന്റെ പൈതൃകം പേറുന്ന ആ അനുഗ്രഹ കുടുംബത്തിലെ വി ടി വർഗീസിന്റെയും റേച്ചൽ വർഗീസിന്റെയും മകൾ പിന്നീട് ക്രൈസ്തവ ദൗത്യത്തിൽ മുന്നണി പോരാളിയായി മാറിയ ഇപ്പോൾ കോട്ടയം വടവാതൂർ ശാലോം ബൈബിൾ സെമിനാരിയുടെ പ്രിൻസിപ്പാൾ ആയിരിക്കുന്ന ഡോ. ഫിന്നി കുരുവിളയുടെ ജീവിതപങ്കാളിയായി.

യൗവനത്തിന്റെ സായാഹ്നത്തിൽ ശുശ്രൂഷ ദൗത്യത്തിൽ കാലെടുത്തുവെച്ച പാ. ഫിന്നിയുടെ വൈദിക വിദ്യാഭ്യാസ ഘട്ടത്തിലും, അതിനുശേഷം താൻ തുടക്കമിട്ട അടൂരിലെയും, കോട്ടയം കുര്യനാട് സഭകളുടെയും വളർച്ചയുടെ പിന്നിലെ കരുത്തും ഊർജ്ജവുമായിരുന്നു സിസ്റ്റർ. ലിസി. കോട്ടയത്ത് വടവാതൂരും, മണർകാടും തുടർമാനമായി നടന്നുവന്ന ‘ഡുനാമിസ്’ എന്ന മെഗാ കൺവെൻഷന് പാസ്റ്റർ ഫിന്നി ചുക്കാൻ പിടിക്കുമ്പോൾ, അതിന്റെ പിന്നിലെ അണിയറയിൽ സിസ്റ്റർ ലിസി ക്ഷണിക്കപ്പെട്ട മുഴുവൻ അതിഥികൾക്കും ഭക്ഷണമൊരുക്കുന്നതിൽ ഉത്സുകയായിരുന്നു. കോട്ടയത്തിൽ നിന്നും 23 കിലോമീറ്റർ അകലെയുള്ള കുര്യനാടും സുവിശേഷ യോഗങ്ങൾ നടക്കുമ്പോൾ താൻ ആഹാരം നേരത്തെ തയ്യാറാക്കി അവിടെ എത്തിച്ചേരുന്ന ദൈവദാസന്മാരെ സൽക്കരിച്ചിരുന്നു എന്നതിലൂടെ ‘അതിഥി സൽക്കാരം മറക്കരുത്’ എന്ന സുവിശേഷ ദൗത്യ മാതൃകയുടെ പൂർത്തീകരണം പ്രിയ ദൈവദാസയിൽ അടയാളപ്പെടുത്തുകയായിരുന്നു.

ഡോ. ഫിന്നി ശാലോം ബൈബിൾ കോളേജിന്റെ ഉത്തരവാദിത്വങ്ങളിലേക്ക് കടക്കുമ്പോൾ വാക്കുകളുടെ പിന്തുണയ്ക്കപ്പുറം മൗനമായി ധൈര്യം പകരുന്ന ഒരു രീതിയായിരുന്നു സിസ്റ്റർ. ലിസി അവലംബിച്ചിരുന്നത്. സെമിനാരിയുടെ ഏത് പൊതു കൂട്ടായ്മയ്ക്കും ഡോ. ഫിന്നിയോടൊപ്പം എപ്പോഴും എല്ലായിടത്തും ദൈവദാസിയുടെ സാന്നിധ്യം ദൃശ്യമായിരുന്നു. ഒരു തിരുവചന പാഠശാലക്കുള്ളിൽ നിൽക്കുമ്പോഴും ആരുടെയും മീതെ കയറാതെ, എന്നും പിൻ നിരയിൽ നിൽക്കുവാൻ ആഗ്രഹിച്ചുകൊണ്ട് താൻ നിർവഹിച്ച സേവനങ്ങളിലൂടെ, മറ്റുള്ളവരിലേക്ക് പകർന്നു നൽകിയ പ്രോത്സാഹന വാക്കുകളിലൂടെ മഹത്തായ പാരമ്പര്യം പിന്തുടരുന്ന സെമിനാരിയുടെ പ്രയാണത്തിന്റെ ഭാഗമായി മാറി.

എപ്പോഴും ചിരിച്ചുകൊണ്ട് സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന സിസ്റ്റ. ലിസി, രോഗമുലച്ച സന്ദർഭങ്ങളിൽ പോലും മനക്കരുത്തിന്റെയും ദൈവീക പ്രത്യാശയുടെയും പ്രതീകമായി നിലകൊണ്ടു. കർത്താവിന്റെ ദാസി മറുകരയിലെ സിദ്ധന്മാരോടൊപ്പം ചേർന്നപ്പോൾ, താൻ ഇവിടെ അവശേഷിപ്പിച്ച സ്നേഹത്തിന്റെ മൃദുസ്പർശവും, അതിഥി സൽക്കാരത്തിന്റെ ചൂടും, ശുശ്രൂഷകന്റെ ശുശ്രൂഷകയായി കാണിച്ച വിശ്വസ്തതയും, പ്രതികൂല സാഹചര്യങ്ങളിലെ കരുത്തും സിസ്റ്റ. ലിസിയെ എക്കാലത്തും വേറിട്ട് നിർത്തും. എത്രനാൾ ജീവിച്ചു എന്നതിനേക്കാൾ, താൻ എല്ലാവർക്കും വേണ്ടി എല്ലാമായി എന്ന ചിരസ്മരണയാണ് തന്റെ വേർപാട് അറിയുന്ന എല്ലാ കണ്ണുകളെയും ഈറൻ അണിയിപ്പിക്കുന്നുത്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.